ത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം ഒട്ടേറെ കോവിഡ് ബാധിതര്‍ക്ക് ആശ്വാസമേകുന്നു. മഹാമാരിയുടെ കാലത്ത് എവിടേയും ഭീതി നിറയുമ്പോള്‍ രോഗികള്‍ക്ക് അദ്ദേഹം കൈത്താങ്ങായി മാറുന്നു. ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കുകയാണ് അദ്ദേഹം. 

സ്വന്തം ഓട്ടോറിക്ഷ ചെറിയ ആംബുലന്‍സായി മാറ്റി കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കും. പി.പി.ഇ. കിറ്റ് ധരിച്ചും മറ്റ് തയ്യാറെടുപ്പുകളും നടത്തിയാണ് ഓട്ടോറിക്ഷയില്‍ അദ്ദേഹം രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്.

മഹാമാരിയുടെ രണ്ടാം തരംഗം മുംബൈയെ പിടിച്ചുകുലുക്കിയപ്പോള്‍ ആംബുലന്‍സുകള്‍ കിട്ടാതെ രോഗികള്‍ വലഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ സഹായം പലര്‍ക്കും ആശ്വാസമായത്. ഘാട്ട്കോപ്പറിലാണ് അദ്ദേഹത്തിന്റെ താമസം. ജ്ഞാനേശ്വര്‍ വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. സ്‌കൂള്‍ അടച്ചിരിക്കുകയാണ്. 

കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുന്നത് സൗജന്യമായിട്ടാണ്. ആശുപത്രികളില്‍നിന്നും കോവിഡ് സെന്ററുകളില്‍നിന്നും രോഗമുക്തിക്കു ശേഷം വിടുതല്‍ ലഭിക്കുന്നവരെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇതുവരെ നൂറോളം രോഗികളെ ഓട്ടോയില്‍ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. 

പലരും സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ധനച്ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്നതുവരെ സേവനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: School Teacher Started To Drive Auto To Help Covid Patients