യുസ്സിന്റെ ബലം. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് സാലിഹിനെ കാണുന്നവരും വിളിക്കുന്നവരുമെല്ലാം ഇപ്പോള്‍ പറയുന്നത് ഇതാണ്. നിയന്ത്രണം വിട്ടെത്തിയ ജെ.സി.ബിക്ക് മുന്നിലേക്ക് ദൈവദൂതനെന്ന പോലെ ബൊലേറാ ജീപ്പ് ഇടിച്ചുകയറിയപ്പോള്‍ അത്ഭുതകരമായാണ് മുഹമ്മദ് സാലിഹ് രക്ഷപ്പെട്ടത്. സാലിക്ക് മാത്രമല്ല, ആ ബൊലേറോയിലെ യാത്രക്കാരനും ജെ.സി.ബി. ഡ്രൈവര്‍ക്കും ഭാഗ്യം തുണയായി. ഇടിമിന്നല്‍ വേഗത്തില്‍ സംഭവിച്ച അപകടത്തില്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കരിങ്കല്ലത്താണിയില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നിയന്ത്രണം വിട്ടെത്തിയ ജെ.സി.ബി. ബൊലേറോ ജീപ്പിലും തൊട്ടടുത്ത മരത്തിലും ഇടിച്ചുനിന്നത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് തൊട്ടടുത്ത് നിന്നിരുന്ന ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് എല്ലാവരും കണ്ടത്. ആ വീഡിയോ പുറത്തുവന്നതോടെയാണ് സാലിഹിനും താന്‍ രക്ഷപ്പെട്ടത് എത്ര വലിയ അപകടത്തില്‍നിന്നാണെന്ന് മനസിലായത്.

സ്വന്തമായി ടിപ്പര്‍ ലോറിയുള്ള ഈ 25-കാരന്‍ ലോറി ഡ്രൈവറെ കാത്ത് റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന്‌ വരികയായിരുന്ന ജെ.സി.ബി. ഇറക്കമിറങ്ങി വരുമ്പോള്‍ തന്നെ എന്തോ വശപിശക് തോന്നിയിരുന്നതായി സാലി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞുനോക്കിയത്. അപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു സാലിഹ് പറഞ്ഞു.

അപകടത്തില്‍ സാലിയുടെ ബൈക്കിനും കൊമ്പം സ്വദേശി ഓടിച്ചിരുന്ന ബൊലേറോ ജീപ്പിനും സാരമായ കേടുപാട് സംഭവിച്ചു. അപകടത്തിന് ശേഷം സാലി വീട്ടിലെത്തി. വീട്ടുകാരോടും കൂട്ടുകാരോടും സംഭവം പറഞ്ഞെങ്കിലും ആരും കാര്യമായെടുത്തില്ല. ബൈക്കുമായി എവിടെയോ വീണെന്നതായിരിക്കുമെന്നാണ് അവരും കരുതിയത്. 

പിന്നീട് രണ്ട് മണിക്കൂറിന് ശേഷം അപകടസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആ അത്ഭുതകരമായ രക്ഷപ്പെടല്‍ എല്ലാവരും കണ്ടത്. അപകടസമയത്ത് കാര്യമായ ഞെട്ടലുണ്ടായെങ്കിലും ടിപ്പര്‍ ലോറിക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വീഡിയോ കണ്ടതോടെ ശരിക്കും ഞെട്ടിയെന്നായിരുന്നു സാലിയുടെ കമന്റ്.

ടിപ്പര്‍ ലോറിയില്‍നിന്നുള്ള വരുമാനമാണ് ഈ ചെറുപ്പക്കാരന്റെ ജീവിതമാര്‍ഗം. ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഭാവിയില്‍ ഒരു ബൊലേറോ തന്നെ എടുക്കണമെന്നാണ് ആഗ്രഹമെന്നും സാലിഹ് പറയുന്നു.

ഈ അപകടത്തിന്റെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മഹീന്ദ്ര ബൊലേറൊ ഒരു ജീവന്‍ രക്ഷിച്ചു, ആ യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ആ ബൊലേറൊ അവിടെ എത്തിയത് എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.Content Highlights: Salih; The Motorcyclist In JCB-Bolero Accident Place