ഗോവ... ആഘോഷത്തിന്റെ നാട്...അവിടെ മറ്റൊരു മാമാങ്കം നടക്കുകയാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള ഏഴായിരത്തിലധികം ബുള്ളറ്റുകള്‍ ഇരമ്പുന്ന ശബ്ദമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ അലയടിച്ചത്. മണ്ണിലും ചേറിലും പൊതിഞ്ഞ് ഇരമ്പുന്ന കാളക്കൂറ്റന്മാര്‍ ഒരുഭാഗത്ത്... മറുഭാഗത്ത് കുന്നിലും മലയിലും ചാടിമറിയുകയാണ്. ഇരമ്പിയാര്‍ക്കുന്ന ജനസഞ്ചയത്തിന് നടുവിലായി ഡി.ജെ.മാര്‍ തീര്‍ക്കുന്ന സംഗീതത്തിന്റെ മായാപ്രപഞ്ചം. ഇതായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡേഴ്സ് മാനിയ.

ബുള്ളറ്റെന്നാല്‍ രക്തവും മാംസവുമാക്കിയ ഒരുപറ്റത്തിന്റെ ആഹ്ലാദോത്സവമായിരുന്നു ഗോവയില്‍. ഇതില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്നവര്‍തന്നെ വരും ആയിരത്തോളം. ഇവിടെ പൊടിമണ്ണില്‍ അവര്‍ ഉല്ലസിച്ചു. സംഗീതത്തില്‍ ലയിച്ച് ആടിപ്പാടി. ബൃഹത്തായ ആഘോഷത്തിനായിരുന്നു ഗോവ സാക്ഷ്യംവഹിച്ചത്. ഇന്ത്യയെന്ന രാജ്യത്തിന്റെ വൈവിധ്യം മനസ്സിലാക്കിത്തരുന്നതായിരുന്നു ഇത്. ഒരു ഭാഗത്ത് ഛത്രപതി ശിവജിതന്നെ ബുള്ളറ്റില്‍ കുതിച്ചെത്തി. മറ്റൊരു ഭാഗത്ത് പഞ്ചാബിന്റെ ഭംഗ്ഡ, പിന്നെ കേരളത്തിന്റെ ബ്രോസ്....എല്ലാവരും തിമിര്‍ക്കുകയായിരുന്നു.

ആദ്യദിവസംതന്നെ ഏക്കറുകള്‍ പരന്നുകിടക്കുന്ന കുന്നിന്‍പുറം മുഴുവന്‍ ബുള്ളറ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഹിമാലയന്‍, ക്ലാസിക്, ജി.ടി. 650, ഇന്റര്‍സെപ്റ്റര്‍ എന്നിങ്ങനെ... എവിടെ നോക്കിയാലും ബുള്ളറ്റിന്റെ കുടുകുടു ശബ്ദം. രണ്ട് സ്റ്റേജുകളിലായി സംഗീതം പൊടിപൊടിക്കുന്നു. അതിനിടയില്‍ ഒരുക്കിയ ട്രാക്കുകളില്‍ മത്സരങ്ങള്‍. ആകെപ്പാടെ പൊളിക്കുന്ന അന്തരീക്ഷം. കത്തിയാളുന്ന വെയിലിന് കീഴില്‍ അതൊന്നും പ്രശ്‌നമാക്കാതെയാണ് ആയിരങ്ങള്‍ ആഘോഷിക്കുന്നത്.

Rider Maniya
മുംബൈയില്‍ നിന്നെത്തിയ അംഗപരിമിതരുടെ സംഘം.

എന്‍ഫീല്‍ഡിന്റെ വിവിധ മോഡലുകള്‍ക്കുള്ള മത്സരങ്ങളായിരുന്നു ട്രാക്കുകളില്‍ നടന്നത്. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള മത്സരങ്ങള്‍ മാറിമാറി നടന്നു. ഡെര്‍ട്ട് ട്രാക്കില്‍ വനിതകളും പുരുഷന്‍മാരും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരങ്ങള്‍ പ്രാതിനിധ്യം കൊണ്ടുതന്നെ ശ്രദ്ധേയമായി. പൊടിമണ്ണും ചരലും നിറഞ്ഞ ട്രാക്കില്‍ മത്സരങ്ങള്‍ പൊടിപാറി. ഫ്‌ലാറ്റ് ട്രാക്ക് റണ്ണായിരുന്നു മറ്റൊരു ആകര്‍ഷണം. വിദേശികളടക്കം പങ്കെടുത്ത മത്സരത്തില്‍ റേസിങ്ങിനായി ഇറക്കിയ ഹിമാലയനായിരുന്നു ആകര്‍ഷണം.

വഴുക്കുന്ന ട്രാക്കില്‍ ഏതൊരു ബൈക്ക് പ്രേമിയുടെയും നെഞ്ചിടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മോട്ടോബോള്‍, ഓഫ്റോഡ് ട്രെയിനിങ്, എയ്സ് ഹില്‍സ്, സ്ലോ റണ്ണിങ്, എന്നിങ്ങനെ ട്രാക്കിലും മലയിലും മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മറ്റൊരുഭാഗത്ത് വണ്ടി ഓടിക്കാത്തവര്‍ക്കായുള്ളവ ഗംഭീരമായി നടക്കുന്നുണ്ടായിരുന്നു. 

ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമുള്ള ബിയര്‍കുടി മത്സരം, ഏറ്റവും വൃത്തിയുള്ള ബൈക്കിനെ കണ്ടെത്തല്‍, പഞ്ചഗുസ്തി എന്നിങ്ങനെ വേദികളില്‍ പൊടിപൊടിച്ചു. വൈകുന്നേരമായപ്പോള്‍.... ത്രസിപ്പിക്കുന്ന പാട്ടുകളുമായി 'അവിയല്‍ ബാന്‍ഡു'മെത്തി. എന്നും വൈകീട്ട് ഏഴുമണിക്കുശേഷം വേദികളില്‍ ഡി.ജെ.മാരും സംഗീതബാന്‍ഡുകളും ചേര്‍ന്ന് സംഭവം ഓളമാക്കി.

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം..

'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയൊക്കെ മലയാളി മാത്രം' എന്നൊരു അവസ്ഥയായിരുന്നു റൈഡര്‍ മാനിയയില്‍. ഇത്തവണ മലയാളികളുടെ പങ്കാളിത്തമായിരുന്നു ഏറെ ശ്രദ്ധേയം, അതുകൊണ്ടുതന്നെയാകാം 'അവിയല്‍ ബാന്‍ഡ്' പ്രധാന സ്റ്റേജില്‍ തകര്‍ത്തത്. ആയിരത്തിലധികം മലയാളികളാണ് എന്‍ഫീല്‍ഡുമായി ഗോവയിലേക്ക് ഇരച്ചെത്തിയത്. 

ഒറ്റയായും കൂട്ടമായും അവര്‍ വേദികള്‍ കൈയടക്കി. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്. എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും മലയാളിക്കൂട്ടങ്ങളെത്തി. മലയാളി എന്നെഴുതിയ ടീഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടുമായിരുന്നു മുഖമുദ്ര. മുപ്പതും നാല്‍പ്പതും പേരുള്ള സംഘങ്ങളായിട്ടായിരുന്നു അവരുടെ വരവ്. അതുകൂടാതെ ഒറ്റയ്ക്കുള്ളവര്‍ വേറെയും. എല്ലാംകൊണ്ടും ഒരു 'മല്ലു' ഫീലായിരുന്നു ഗോവയില്‍.

Rider Maniya
ബാംഗ്ലൂര്‍ മലയാളി റൈഡേഴ്‌സ്

ബാംഗ്ലൂര്‍ മലയാളി റൈഡേഴ്‌സ്

ബെംഗളൂരുവിലെ ഒരുപറ്റം പേര്‍ ബൈക്കോടിച്ച് ഗോവവരെ വരിക... അതും നിയമങ്ങളെല്ലാം പാലിച്ച് ബൈക്ക് റൈഡിങ് ആസ്വദിച്ച്. 2017-ലാണ് ഈ ഗ്രൂപ്പ് ആരംഭിക്കുന്നത്. ആദ്യം ഹംബി യാത്രയായിരുന്നു. ആ സമയത്ത് 'ബാംഗ്ലൂര്‍ മലയാളീസ്' എന്നൊരു ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍നിന്നാണ് ഇവരുടെ ഉദയം. ഫെയ്സ്ബുക്ക് കൂട്ടായ്മ ഒരു റൈഡിങ് ഗ്രൂപ്പായാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് 'ബാംഗ്ലൂര്‍ മലയാളി റൈഡേഴ്‌സ്' ആരംഭിക്കുന്നത്.

ഹംബി യാത്രയോടെ ഇതൊരു പൂര്‍ണമായ റൈഡിങ് ക്ലബ്ബായി മാറുകയായിരുന്നു. മാസത്തില്‍ രണ്ടുതവണ നൂറുകിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തേക്കുള്ള യാത്രയും മൂന്നുമാസം കൂടുമ്പോള്‍ ശനിയും ഞായറും ചേര്‍ത്തൊരു 350 കിലോമീറ്റര്‍ യാത്രയും നടത്തും. 65 പേരില്‍ തുടങ്ങി, ഇപ്പോള്‍ ഇരുന്നൂറോളം പേര്‍ ഈ സംഘത്തിലുണ്ട്. ഇതില്‍ 33 പേരാണ് 22 ബൈക്കുകളിലായി റൈഡര്‍ മാനിയയ്ക്കായി വന്നത്. ഇതില്‍ കുടുംബങ്ങളുമുണ്ട്. ഒരുതവണ വന്നാല്‍ പിന്നെയും പിന്നെയും ആകര്‍ഷിക്കുന്നതാണ് ഈ യാത്രകളെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

Rider Mania
റൈഡര്‍മാനിയയ്‌ക്കെത്തിയ മലയാളി വനിതാസംഘം.

മല്ലു ഗേള്‍സ്

തിളച്ചുനില്‍ക്കുന്ന വെയില്‍... അതിനിടെ നിര്‍ത്താതെ ഹോണ്‍ മുഴക്കിക്കൊണ്ട് ബുള്ളറ്റുകളുടെ വരവ്... എല്ലാ ശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞപ്പോള്‍ കേരളസാരിയുമുടുത്ത് വെടിച്ചില്ലുപോലെ ഒരുപറ്റം പുലിക്കുട്ടികള്‍ എത്തിയതോടെ മൊത്തം വേദിയുടെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബ്ബായ 'ഡോണ്ട്ലെസ് റോയല്‍ എക്‌സ്‌പ്ലോറി'ന്റെ ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളിലുള്ളവരാണിവര്‍. നയിക്കുന്നത് 'ഷൈനി രാജ്കുമാര്‍'. ഇതില്‍ ആദ്യമായി എത്തുന്നവരുമുണ്ട്. 

തൃശ്ശൂരില്‍നിന്ന് നിഷ, കൊച്ചിയില്‍ നിന്നുള്ള ഡോക്ടറായ നിഷ, കൊല്ലത്തു നിന്നുള്ള ബീന വിപിന്‍, കൊച്ചിയില്‍ നിന്നുള്ള ഹൈക്കോടതിയിലെ അഭിഭാഷകയായ തുഷാര, കൊച്ചിയിലെ വിദ്യാര്‍ഥിയായ ദില്‍ന ക്രിസ്റ്റഫര്‍, മുംബൈയില്‍ താമസമാക്കി ഈ യാത്രയ്ക്കുവേണ്ടി മാത്രം വാടകയ്‌ക്കെടുത്ത വണ്ടിയുമായി എത്തിയ ചെങ്ങന്നൂരുകാരിയായ നീനി, തിരുവനന്തപുരത്ത് നിന്നെത്തിയ നിള, മാവേലിക്കര സ്വദേശിയായ വിദ്യാര്‍ഥി മേഘ, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഹരിത, തൃശ്ശൂര്‍ സംഘത്തിന്റെ അഡ്മിന്‍ ജോയ്സ് മെര്‍ളിനും മകള്‍ ആമി എന്നിവരടങ്ങിയ സംഘമായിരുന്നു അത്.

Content Highlights: Royal Enfield Rider Mania 2019