ക്ലാസിക് രൂപമാണ് അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മുഖമുദ്ര. വാഹന പ്രേമികളുടെ മനം കവരാന്‍ ക്ലാസിക് രൂപഘടനയിലൂടെ എളുപ്പം സാധിക്കുമെന്ന് എന്‍ഫീല്‍ഡിന് നന്നായി അറിയാം. ഇതിനുള്ള പുതിയ ഉദാഹരണമാണ് ഏറ്റവും പുതിയ ഇന്റര്‍സെപ്റ്റര്‍ 650 മോഡല്‍. 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കോണ്ടിനെന്റല്‍ ജിടി 650 യും ഇന്റര്‍സെപ്റ്ററും ഒന്നിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്.

ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ക്ലാസിക് ഡിസൈന്‍ ഇന്റര്‍സെപ്റ്ററിനെ ഒരുപടി മുന്നിലെത്തിച്ചു എന്നതില്‍ സംശയമില്ല. രൂപത്തിനൊപ്പം മികച്ച പെര്‍ഫോമെന്‍സും ഉറപ്പുതരുന്ന ഒരുഗ്രന്‍ ക്ലാസിക് റോഡ്‌സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650. അറുപതുകളില്‍ എന്‍ഫീല്‍ഡിന്റെ പടക്കുതിരയായിരുന്ന പഴയ 250 സിസി ഇന്റര്‍സെപ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതുപുത്തന്‍ ഇന്റര്‍സെപ്റ്ററിന്റെ റീ എന്‍ട്രി. 

Interceptor 650

രൂപം, ഫീച്ചേഴ്‌സ് - ഡിസൈനില്‍ എല്ലായിടത്തും ക്ലാസിക് ടച്ച് നിലനിര്‍ത്തിയാണ് ഇന്റര്‍സെപ്റ്റിന്റെ നിര്‍മാണം. ഒറ്റനോട്ടത്തില്‍ എടുത്തുകാണുന്ന റൗണ്ട് ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി ടാങ്ക്, ക്രോം ഫിനിഷിലുള്ള ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ചേര്‍ന്ന് മാസീവ് രൂപം വാഹനത്തിന് നല്‍കുന്നുണ്ട്. ഭീമാകരനായ എന്‍ജിന്‍ കൂടി ചേര്‍ന്നപ്പോള്‍ അല്‍പം പരുക്കന്‍ പരിവേഷവും ക്ലാസിക് ഇന്റര്‍സെപ്റ്ററിന് കൈവന്നു. റൈഡറുടെ കാലുകള്‍ രണ്ടും സുഖമായി ഒതുക്കിവയ്ക്കാന്‍ ടാങ്കിന്റെ ഇരുവശങ്ങളും ചെത്തിയെടുത്തിട്ടുണ്ട്. ഇത് വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവം വര്‍ധിപ്പിക്കും. പിന്‍ഭാഗത്തെ ചെറിയ ഇന്‍ഡികേറ്റര്‍, ടെയില്‍ ലൈറ്റ്, ഗ്രാബ് റെയില്‍ എന്നിവയെല്ലാം ഓവറോള്‍ രൂപത്തിന് ഇണങ്ങിയത്. 

Also Read - ഇതുവരെ കണ്ടുപരിചയിച്ച റോയല്‍ എന്‍ഫീല്‍ഡേ അല്ല ഈ ജിടി 650

യൂത്തന്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്റ്റൈലിലാണ് ഹാന്‍ഡില്‍ ബാര്‍. അല്‍പം വീതിയേറും. മികച്ച റൈഡിങ് പൊസിഷനും വാഹനത്തിനുണ്ട്. സീറ്റ് ചെറുതാണെന്ന് തോന്നുമെങ്കിലും കയറി ഇരുന്നാല്‍ വലിയ പ്രശ്‌നമൊന്നും അനുഭവപ്പെടില്ല. രണ്ടു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. പരമ്പരാഗത രൂപത്തിലാണ് ട്വിന്‍പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. അനലോഗിനൊപ്പം ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഇതിനകത്തുണ്ട്. ഭാവിയില്‍ ഇത് പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറിയേക്കാം. ഫ്യുവല്‍ വാണിങ് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ട്രിപ്പ് മീറ്റര്‍, ലോ ബാറ്ററി ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇതില്‍ നല്‍കിയിട്ടുണ്ട്. റൈഡര്‍ക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ബൈക്കിനെ മോഡിപിടിപ്പിക്കാന്‍ ചെറിയ ഫ്‌ളൈ സ്‌ക്രീന്‍, ഫോര്‍ക്ക് ഗെയ്റ്റര്‍ കിറ്റ് തുടങ്ങിയ ചില അഡീഷ്ണല്‍ ആക്‌സസറികളും ഇന്റര്‍സെപ്റ്ററിലേക്ക് ഉള്‍പ്പെടുത്താവുന്നതാണ്. 

interceptor 650

എന്‍ജിന്‍, പെര്‍ഫോമെന്‍സ് - റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 650 സിസി പാരല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്റര്‍സെപ്റ്ററിലുള്ളത്. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍. 80 ശതമാനം പവറും 2500 ആര്‍പിഎമ്മില്‍ തന്നെ ലഭിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. കോണ്ടിനെന്റല്‍ ജിടിക്കൊപ്പം എന്‍ഫീല്‍ഡിന്റെ ആദ്യ 6 സ്പീഡ് ഗിയര്‍ബോക്‌സാണിത്.

interceptor 650

കരുത്ത് കൂടുതലാണെങ്കിലും വളരെ സ്മൂത്താണ് എന്‍ജിന്‍. എടുത്തുകൊണ്ടുപോകുന്ന തരം പവറല്ല മറിച്ച് സൗമ്യ സ്വഭാവക്കാരനാണ് ഇന്റര്‍സെപ്റ്റര്‍. ഗിയര്‍ഷിഫ്റ്റും സ്മൂത്താണ്. വാഹനത്തില്‍ ത്രോട്ടില്‍ ചെറുതായി തിരിക്കുമ്പോള്‍ തന്നെ ഇന്റര്‍സെപ്റ്ററിന്റെ രൗദ്രഭാവം മനസ്സിലാക്കാം. അതേസമയം ചെറിയ ചൂട് എന്‍ജിനില്‍ നിന്ന് അനുഭവപ്പെടും. ലോങ് ഡ്രൈവുകളിലാണ് വാഹനം ശരിക്കുള്ള രൂപം പുറത്തെടുക്കുക. ആയാസമില്ലാതെ എത്ര ദൂരം വേണമെങ്കിലും ഇന്റര്‍സെപ്റ്ററില്‍ കുതിക്കാം, മടുപ്പ് വരില്ല. മികച്ച പെര്‍ഫോമെന്‍സായതിനാല്‍ റൈഡിങ് ആസ്വദിച്ചാല്‍ സ്പീഡ് കൂടുന്നത് അറിയുകയുമില്ല. അതുകൊണ്ട് തന്നെ അമിത വേഗത ആപത്താണെന്ന് മറക്കരുത്. 

എല്ലാവരെയും ഞെട്ടിച്ച് പതിവ് വൈബ്രേഷന്‍ പ്രശ്‌നം പരിഹരിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ വരവ്. വൈബ്രേഷന്‍ ഇല്ലാത്തതിനാല്‍ റൈഡിങ് ശരിക്കും ആസ്വദിക്കാമെന്ന് ചുരുക്കാം. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായ സ്‌പോര്‍ട്ടി എന്‍ജിന്‍ ശബ്ദവും ഇന്റര്‍സെപ്റ്റിന് പുതുമ നല്‍കും. പൂജ്യത്തില്‍നിന്ന് നൂറിലെത്താന്‍ ആറു സെക്കന്‍ഡ് മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതല്‍ വേഗമെടുക്കുമ്പോള്‍ വിറയലോ കിതപ്പോ ഇല്ലെന്നതും ഇന്റര്‍സെപ്റ്ററില്‍ എടുത്തുപറയേണ്ടതുണ്ട്. 

interceptor 650

അഴകളവുകള്‍ - ട്വിന്‍ ക്രാഡില്‍ ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 804 എംഎം ആണ് സീറ്റ് ഹൈറ്റ്. ആകെ ഭാരം 202 കിലോഗ്രാമും. ഭാരം അല്‍പം കൂടുതലാണെങ്കിലും മികച്ച ബാലന്‍സ് വാഹനത്തില്‍ ലഭിക്കും.

ചെറിയ ഓഫ് റോഡുകള്‍ താണ്ടാന്‍ 174 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 2122 എംഎം നീളവും 789 എംഎം വീതിയും 1165 എംഎം ഉയരവും 1400 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 13.7 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

മുന്നിലും പിന്നിലും 18 ഇഞ്ചാണ് വീല്‍. മികച്ച ഡ്രൈവിങ് അനുഭവം നല്‍കാന്‍ മുന്നില്‍ 41 എംഎം ഫോര്‍ക്കും പിന്നില്‍ 5 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിന്‍ കോയില്‍ ഓവര്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

സുരക്ഷ - പെര്‍ഫോമെന്‍സ് അല്‍പം കൂടിയ മോഡലായതിനാല്‍ സുരക്ഷയിലും റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ നല്‍കിയിട്ടുണ്ട്. മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. 

interceptor 650

വേരിയന്റുകള്‍, വില - നിറങ്ങളിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് സ്റ്റാന്റേര്‍ഡ്, കസ്റ്റം, ക്രോം എന്നീ മൂന്ന് വേരിയന്റുകളാണ് ഇന്റര്‍സെപ്റ്ററിനുള്ളത്. സ്റ്റാന്‍ഡേര്‍ഡില്‍ ഒരു നിറവും കസ്റ്റത്തില്‍ ഡ്യുവല്‍ ടോണും, ക്രോമില്‍ ക്രോം നിറവുമാണ് നല്‍കിയിരിക്കുന്നത്. 2.50 ലക്ഷം രൂപ മുതലാണ് കേരളത്തില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇതേ കാറ്റഗറിയില്‍ നേരിട്ട് മുട്ടാന്‍ അധികം എതിരാളികളില്ലാത്തതിനാല്‍ ഇന്റര്‍സെപ്റ്ററിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. 

കോണ്ടിനെന്റല്‍ ജിടി 650 ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണാം...

Content Highlights, Interceptor 650 test drive, Interceptor review, Interceptor features spec videos