മ്പതുകളിലും അറുപതുകളിലും റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പഴയ കഫേ റേസര്‍ രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരത്തിലെത്തിയ പുതിയ കരുത്തനാണ് കോണ്ടിനെന്റല്‍ ജിടി 650. ഒറ്റനോട്ടത്തില്‍ 2013 മുതല്‍ ഓട്ടം തുടങ്ങിയ 535 സിസി കോണ്ടിനെന്റലുമായി സാമ്യമുണ്ടെങ്കിലും ക്വാളിറ്റിയിലും പെര്‍ഫോമെന്‍സിലും പുതിയ ജിടി ഏറെ മുന്നേറിയെന്ന് സംശയമില്ലാതെ പറയാം.

പഴയ കോണ്ടിനെന്റലിനെ പിന്‍വലിച്ചാണ് പുതിയ ജിടിയെ കമ്പനി വിപണിയിലെത്തിച്ചതും. ഇതുവരെ പുറത്തിറങ്ങിയ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ രണ്ട് ഇരട്ടകളെ ഒന്നിച്ചാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്‌. ഇതിലെ കഫേ റേസര്‍ കരുത്തന്‍ കോണ്ടിനെന്റല്‍ ജിടി 650-യുടെ ടെസ്റ്റ് ഡ്രൈവിലേക്ക്... 

GT 650

രൂപം, ഫീച്ചേഴ്‌സ് - ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന സ്‌പോര്‍ട്ടി കഫേ റേസറാണ് ജിടി. വാഹനത്തില്‍ കയറി ഇരുന്നാല്‍ തന്നെ കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന അനുഭവമാണ്. എന്‍ഫീല്‍ഡിന്റെ മുഖമുദ്രയായ ക്ലാസിക് ടച്ചിനായി വൃത്താകൃതിയിലാണ് ഹാലജന്‍ ഹെഡ്‌ലാമ്പ്. നീളമേറിയ ഫ്യുവല്‍ ടാങ്ക് സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന് ചേര്‍ന്നതാണ്. സീറ്റ് ചെറുതാണെന്ന് തോന്നുമെങ്കിലും രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറില്‍ മുന്നിലേക്ക് അഞ്ഞ് ഇരിക്കാവുന്ന സീറ്റിങ് പൊസിഷന്‍ യൂത്തന്‍മാരായ റൈഡര്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെടും. അല്‍പം പിന്നിലേക്ക് ഇറങ്ങിയാണ് ഫൂട്ട്‌പെഗിന്റെ സ്ഥാനം.

ഡിസൈനില്‍ ഒളിഞ്ഞും തെളിഞ്ഞും പലതും കമ്പനി പരീക്ഷിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് എടുത്തു കാണാനുള്ളത് ഇരട്ട സൈലന്‍സറാണ്. മാസീവ് എന്‍ജിനെ ഒന്നുകൂടി മാസ് ലുക്ക് നല്‍കാന്‍ ഈ വലിയ ക്രോം ഫിനിഷ് എക്‌സ്‌ഹോസ്റ്റിന് സാധിച്ചിട്ടുണ്ടെന്ന് പറയാം. പരമ്പരാഗത രൂപത്തിലുള്ള ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലിയ മാറ്റത്തിന് കമ്പനി ശ്രമിച്ചിട്ടില്ല. സ്പീഡോ മീറ്ററും ടാക്കോ മീറ്ററും അനലോഗാണ്. ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഇതിനകത്ത് ഇടംപിടിച്ചു. ഫ്യുവല്‍ വാണിങ് ഇന്‍ഡികേറ്റര്‍, ലോ ഓയില്‍ ഇന്‍ഡികേറ്റര്‍, ലോ ബാറ്ററി ഇന്‍ഡികേറ്റര്‍, ഫ്യുവല്‍ ഗേജ് എന്നീ വിവരങ്ങള്‍ ഇതില്‍ ദൃശ്യമാകും.

GT 650

മുന്നിലും പിന്നിലും വലുപ്പത്തില്‍ അല്‍പം ചെറുതാണ് ഇന്‍ഡികേറ്റര്‍. ടെയില്‍ ലൈറ്റിലും അധികം ആഡംബരമൊന്നുമില്ല. മുന്നിലും പിന്നിലും 36 സ്‌പോക്ക് അലൂമിനിയം അലോയി റിമ്മില്‍ 18 ഇഞ്ചാണ് സ്‌പോര്‍ട്ടി ടയര്‍. ചെറുതും വലുതുമായ ഫ്‌ളൈസ്‌ക്രീന്‍, സിംഗിള്‍ സീറ്റ് കൗള്‍, ടൂറിങ് സീറ്റ്, ഹാന്‍ഡില്‍ ബ്രെയ്‌സ്, ഫോര്‍ക്ക് ഗെയ്‌റ്റേഴ്‌സ് തുടങ്ങിയ നിരവധി അഡീഷ്ണല്‍ ആക്‌സസറികളും ജിടിയില്‍ കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്. എല്ലാകൊണ്ടും വാഹനപ്രേമികളുടെ മനസ്സിലേക്ക് ഇടിച്ചുകയറാനുള്ള സ്‌പോര്‍ട്ടി രൂപഭംഗി കോണ്ടിനെന്റല്‍ ജിടി 650-ക്കുണ്ട്. 

എന്‍ജിന്‍, പെര്‍ഫോമെന്‍സ് - സ്റ്റാര്‍ട്ട് ചെയ്ത് ത്രോട്ടില്‍ തിരിക്കുമ്പോള്‍ തന്നെ ജിടിയുടെ കരുത്ത് വെളിവാകും. എന്‍ഫീല്‍ഡിന്റെ തനത് ശബ്ദവും ജിടി മാറ്റിമറിച്ചു. കാതടപ്പിക്കുന്ന ശബ്ദമില്ലെങ്കിലും സാധാരണ ബൈക്കല്ല ഇതെന്ന് റോഡിലുള്ളവര്‍ തിരിച്ചറിയാന്‍ കരുത്തന്‍ ബൈക്കുകളുടെ ശബ്ദം എന്‍ജിന്‍ ആര്‍ജിച്ചു. 648 സിസി എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ജിടിയുടെ ഹൃദയം. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനും ഇതാണ്.

Continental GT 650

കടുത്ത റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളെ പോലും അത്ഭുതപ്പെടുത്തി വൈബ്രേഷന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടുവെന്നത് ജിടിയില്‍ എടുത്തുപറയേണ്ട മേന്‍മയാണ്. പണ്ട് എന്‍ഫീല്‍ഡിലെ പ്രധാന വില്ലനായ വൈബ്രേഷന്‍ 650 സിസി എന്‍ജിനില്‍ ഇല്ലെന്ന് കമ്പനി തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ എത്ര ദൂരം വേണമെങ്കിലും മടുപ്പുമില്ലാതെ ജിടിയുടെ കരുത്ത് ആസ്വദിച്ച് ഓടിച്ച് പോകാം.

മിഡ്, ഹൈ റേഞ്ചുകളില്‍ പ്രതീക്ഷിച്ചതിലും മികച്ച പെര്‍ഫോമെന്‍സ് എന്‍ജിന്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ത്രോട്ടില്‍ റെസ്‌പോണ്‍സായതിനാല്‍ കുതിക്കാന്‍ കുറച്ചു സമയം മതി. ആക്‌സിലറേറ്റര്‍ ഒന്നു തിരിക്കുമ്പോള്‍ത്തന്നെ മുന്നോട്ടുള്ള കുതിപ്പില്‍ അത് അറിയാം. വേഗമെടുക്കുമ്പോള്‍ വിറയലോ കിതപ്പോ ഇല്ല. അതേസമയം ഏറെനേരം ജിടി ഓടിച്ചാല്‍ എന്‍ജിന്‍ ചൂട് ചെറുതായി കാലില്‍ അനുഭവപ്പെട്ട് തുടങ്ങും. വലിയ എന്‍ജിനായതിനാല്‍ ഇതൊരു പ്രശ്‌നമായി കാണേണ്ടതില്ല. എന്‍ജിന്‍ നല്‍കുന്ന പെര്‍ഫോമെന്‍സ് മാത്രം കണക്കിലെടുത്താല്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ പുറത്തിറക്കിയ എറ്റവും മികച്ച ബൈക്കാണ് ഈ പുതിയ ഇരട്ടകള്‍. 

Gt 650

അളകളവുകള്‍ - കൂടുതല്‍ സ്റ്റെബിലിറ്റിയും സ്ഥിരതയും നല്‍കുന്ന ട്വിന്‍ ക്രാഡില്‍, ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയ്മിലാണ് ജിടിയുടെ നിര്‍മാണം. 2122 എംഎം നീളവും 1024 എംഎം വീതിയും 744 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. വീല്‍ബേസ് 1398 എംഎം.

അല്‍പം ഉയരം കുറഞ്ഞവര്‍ക്കും ജിടിയെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം, 793 എംഎം ആണ് സീറ്റ് ഹൈറ്റ്, ആകെ ഭാരം 198 കിലോഗ്രാം. 174 എംഎമ്മിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ജിടിക്കുണ്ട്. ഏത് ദുര്‍ഘട പാതകളും താണ്ടാന്‍ മുന്നില്‍ 41 എംഎം ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ കോയില്‍ ഓവര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതല വഹിക്കുന്നത്. 

സുരക്ഷ - കരുത്ത് അല്‍പം കൂടിയ മോഡലായതിനാല്‍ ജിടിയുടെ സുരക്ഷയിലും വിട്ടുവീഴ്ചയൊന്നും കമ്പനി നല്‍കിയിട്ടില്ല. മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഒരുക്കും. ഇതിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. 

Gt 650

വേരിയന്റുകള്‍, വില - സ്റ്റാന്റേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വേരയന്റുണ്ട് ജിടിക്ക്. നിറങ്ങളിലാണ് ഇവയിലെ വ്യത്യാസം. സ്റ്റാന്‍ഡേര്‍ഡില്‍ ഒരു നിറവും കസ്റ്റത്തില്‍ ഡ്യുവല്‍ ടോണും ക്രോമില്‍ ക്രോം നിറവുമാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്റേര്‍ഡിന് 2.48 ലക്ഷം രൂപയും കസ്റ്റം ജിടിക്ക് 2.56 ലക്ഷം രൂപയും ക്രോം വകഭേദത്തിന് 2.68 ലക്ഷം രൂപയുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ അധികം എതിരാളികളില്ലാത്തതിനാല്‍ ജിടിക്ക് വലിയ മത്സരം നേരിടേണ്ടതില്ല. 

Gt 650

For Test Drive: 9895455400

Also Watch - പെട്രോള്‍ ലാഭിച്ച് ഓടിച്ച് പോകാന്‍ ഡെസ്റ്റിനി 125

Also Watch - കുറഞ്ഞ വിലയില്‍ മികച്ചൊരു 200 സിസി ബൈക്ക്‌

Content Highlights; Royal Enfield Continental GT 650 Test Drive Review Specs Features