കാലത്തെ അതിജീവിക്കുന്ന ആഡംബരം അതാണ് റോള്‍സ്റോയ്സ്. 1925-ലാണ് റോള്‍സ്റോയ്സിന്റെ ആദ്യ ഫാന്റം കാര്‍ പുറത്തിറക്കിയത്. ഇപ്പോഴിതാ അതിന്റെ എട്ടാം പതിപ്പ് ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇക്കാലയളവില്‍ ലോകത്ത് പല ആഡംബര കാറുകളും എത്തി. എന്നാല്‍, ആര്‍.ആര്‍. എന്ന ലോഗോ പതിച്ച ആഡംബരം, ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

Phantom VIII

നിര്‍മാണം കഴിഞ്ഞ് റോഡിലിറങ്ങിയ കാലം തൊട്ട് ലോകത്തെ മികച്ച കാറെന്ന് എതിരഭിപ്രായമില്ലാതെ തുടരുകയാണ് അവരുടെ ഫാന്റം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം ഫാന്റത്തിന്റെ എട്ടാം പതിപ്പ് ഇന്ത്യയിലെത്തുമ്പോള്‍ ന്യൂ ജെന്‍ ആഡംബരം പോലും അതിന് മുമ്പില്‍ ചുരുങ്ങിപ്പോകുന്നു. ഇന്ത്യയില്‍ ഈ ചക്രവര്‍ത്തിയെ സ്വന്തമാക്കാന്‍ 9.5 കോടിയെന്ന പൊന്നുംവിലയാണ്. എക്സ്റ്റന്‍ഡ് വേര്‍ഷന്‍ എന്ന പേരില്‍ കുറച്ചു കൂടി നീളമുള്ള ആഡംബരത്തെ സ്വന്തമാക്കാന്‍ 11.35 കോടിയുമാണ് വിലയിട്ടിട്ടുള്ളത്. 

ഒഴുകി നടക്കുന്ന പ്രതീതിയെന്നാണ് ഇതിലെ യാത്രയെ കമ്പനി വിശേഷിപ്പിക്കുന്നത്. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ റോഡില്‍ പറക്കുമ്പോഴും ഉള്ളിലെ യാത്രക്കാരന് വെള്ളത്തില്‍ ഒഴുകുന്ന പ്രതീതിയാണ് നല്‍കുകയെന്നാണ് കമ്പനിയുടെ ഉറപ്പ്. എന്‍ജിന്റെ ശബ്ദം ഒരു തുള്ളി പോലും അകത്തെത്തുകയുമില്ല. റോള്‍സ് റോയ്സ് അതു പറയുമ്പോള്‍ വിശ്വസിക്കുക തന്നെ വേണം.  ആഡംബര വിസ്മയമായ ഫാന്റത്തിന്റെ എട്ടാം പതിപ്പ് കമ്പനി ബി.എം.ഡബ്‌ള്യുവിന് കീഴില്‍ റോള്‍സ് റോയ്സ് ഇറക്കുന്ന രണ്ടാമത്തേതാണ്. ഏഴാം തലമുറ പുറത്തിറങ്ങിയതിനു ശേഷം ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുതിയ ഫാന്റം എത്തുന്നത്. മുന്‍ഗാമിയേക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവിലാണ് നിര്‍മാണം. 

Phantom VIII

5,000 ആര്‍.പി.എമ്മില്‍ 563 ബി.എച്ച്.പി. കരുത്തും 1,700 ആര്‍.പി.എമ്മില്‍ 900 എന്‍.എം. ടോര്‍ക്കും  ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് പുതിയ ഫാന്റത്തിന്റെ കരുത്ത്. ഇസൈഡ് എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് എന്‍ജിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗം 5.3 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, അതിവേഗ ട്രാക്കുകളില്‍ 290 കിലോമീറ്ററിന് മുകളില്‍ വേഗമെടുക്കാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. 

എത്ര കുണ്ടും കുഴിയും ഫാന്റത്തിനുള്ളില്‍ അറിയില്ല. വെള്ളത്തില്‍ ഒഴുകുന്ന പ്രതീതിയായിരിക്കും അകത്ത്്. വരും തലമുറ റോള്‍സ് റോയ്സുകളുടെ പ്ലാറ്റ്‌ഫോമാകുന്ന അലുമിനിയം സ്‌പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുതിയ ഫാന്റത്തിന്റെ ഒരുക്കം. ഒഴുകല്‍ പ്രതീതിക്ക് ഇതാണ് പ്രധാന കാരണം. അത് കൂടാതെ സസ്‌പെന്‍ഷനിലും കമ്പനി നല്ല കൈകടത്തലുകള്‍ നടത്തിയിട്ടുണ്ട്. 5,762 മില്ലീമീറ്ററാണ് നീളം, 2018 മില്ലീമീറ്റര്‍ വീതി, 1,646 മില്ലീമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അഴകളവുകള്‍. 3,552 മില്ലീമീറ്റര്‍ നീളമുണ്ട് വീല്‍ബേസിന്. എട്ടാം പതിപ്പിന്റെ എക്സ്റ്റന്‍ഡഡ് പതിപ്പിന് 5,982 മില്ലീമീറ്റര്‍ വീല്‍ബേസുണ്ട്. 10 മില്ലീമീറ്റര്‍ ഉയരക്കൂടുതലുമുണ്ട്. 

Phantom VIII

പുതുക്കിയ പാന്തിയോണ്‍ ഗ്രില്‍ എട്ടാമനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സാധാരണത്തേക്കാളും ഉയര്‍ന്ന ഗ്രില്ലിനു മുകളില്‍ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' തലയുയര്‍ത്തി നില്‍ക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച പാന്തിയോണ്‍ ഗ്രില്‍ കൈകൊണ്ട് പോളിഷ് ചെയ്തതാണ്. രാത്രിയില്‍ 600 മീറ്റര്‍ വരെ വെളിച്ചമെത്തിക്കാന്‍ കഴിയുന്നതാണ് മുഖത്തുള്ള  ലേസര്‍ മാട്രിക്‌സ് ഹെഡ് ലൈറ്റുകള്‍. പുതിയ ഫാന്റം ചലിക്കുന്നത് റോള്‍സ് റോയ്സ് മോഡലുകളില്‍ ഇന്നു വരെ ഇടംപിടിച്ചിട്ടുള്ള ഏറ്റവും വലിയ അലോയ് വീലുകളിലാണ്. അകത്ത് പൂര്‍ണ നിശ്ശബ്ദതയാണ്  മറ്റൊരു പ്രത്യേകത. എത്ര വേഗത്തില്‍ സഞ്ചരിച്ചാലും അകത്ത് അത് അറിയാന്‍ പോലും കഴിയില്ലെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി ഏറെ പരീക്ഷണങ്ങള്‍ കമ്പനി നടത്തിയിരുന്നു.

Phantom VIII

180 ലധികം  വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ പരീക്ഷിച്ചതിനു ശേഷമാണ് അനുയോജ്യമായ ടയറിനെ തിരഞ്ഞെടുത്തത്. ടയര്‍ റോഡുമായി ഉരയുന്ന ശബ്ദം പോലും ഇത്തവണ കാറില്‍ കേള്‍ക്കില്ലെന്നാണ് റോള്‍സ് റോയ്സിന്റെ വാദം. വിഷന്‍ നെക്സ്റ്റ് 100 എന്ന സാങ്കല്‍പ്പിക രൂപത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഫാന്റം വരുന്നത്. മുന്‍ തലമുറകളിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയ്ക്കും പകരം അത്യാധുനിക 12.3 ഇഞ്ച് ഇരട്ട ഡിസ്പ്ലേകളാണ് സെന്‍ട്രല്‍ കണ്‍സോളില്‍. 'ഗ്യാലറി' എന്ന്  വിശേഷിപ്പിക്കുന്ന ഡാഷ്ബോര്‍ഡിലുള്ള വലിയ ചില്ലു പാളിയാണ് മറ്റൊരു കാഴ്ച.

Content Highlights; Rolls Royce Phantom VIII Price Features