റോള്‍സ് റോയ്സ് എന്ന പേര് കൂട്ടിവായിക്കുക ഒഴുകുന്ന ആഡംബരമെന്ന വാക്കിനോടൊപ്പമാണ്. റോഡുകളിലൂടെ ഒഴുകിനീങ്ങുന്ന കൊട്ടാരങ്ങള്‍. എന്നാല്‍, ആ ചട്ടക്കൂടു പൊട്ടിച്ച് പുറത്തേക്ക് വരികയാണ് ഈ ബ്രിട്ടീഷ് ആഡംബരം. ഏത് സാഹചര്യത്തെയും പൂപോലെ നേരിടാന്‍ കഴിയുന്ന, ഏത് പ്രതലത്തെയും കീഴടക്കി മുന്നേറുന്ന ഓള്‍ ടെറെയ്ന്‍ ഹൈ ബോഡീഡ് കാര്‍.... അതിന് റോള്‍സ് റോയ്സ് ഇട്ട പേരാണ് 'കള്ളിനന്‍'. ആഡംബരവും കരുത്തും അതാണ് കള്ളിനന്‍ എന്ന എസ്.യു.വി.

Rolls Royce Cullinan

1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്‌നത്തിന്റെ പേരാണ് കള്ളിനന്‍. 3,106 കാരറ്റാണിതിന്റെ മതിപ്പ്. അത്രയും വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മം. കുറേക്കാലമായി റോള്‍സ് റോയ്സ് പുതിയ എസ്.യു.വി.യുടെ നിര്‍മാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പറന്നുനടക്കുന്നുണ്ടായിരുന്നു. എന്നാല്‍. ഇപ്പോഴാണ് ഔദ്യോഗികമായി കമ്പനി അറിയിപ്പ് വരുന്നത്. ഒറ്റനോട്ടത്തില്‍ ഫാന്റമാണ് ഓര്‍മവരിക. റോള്‍സ് റോയ്സ് എന്ന പേര് കേട്ടാല്‍ മനസ്സില്‍ വരുന്ന വലിയ ഗ്രില്ലും ബോണറ്റിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുമൊക്കെയായിരിക്കും. അതില്‍ നിന്ന് വിട്ടുപിടിക്കാനൊന്നും കള്ളിനനിലും കമ്പനി മുതിര്‍ന്നിട്ടില്ല.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള പാന്തിയോണ്‍ ഗ്രില്‍, ക്രോം അലങ്കാരത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. ഗ്രില്ലിന് ഇരുവശത്തും നവീനമായ എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍. ഗ്രില്ലിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി'. റോള്‍സ് റോയ്സിന്റെ പുതിയ തലമുറ ഫാന്റത്തിന് നല്‍കിയ പുതിയ അലുമിനിയം ഫ്രെയിമിലാണ് കള്ളിനന്റെ ഉയര്‍പ്പ്. സ്യൂയിസൈഡ് ഡോര്‍- അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യായിരിക്കും കള്ളിനന്‍.

പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്‌സുകളില്‍ ഏറ്റവും മികച്ചതെന്ന് വേണമെങ്കില്‍ പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. 

Cullinan

മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. മലമുകളിലിരുന്ന് അസ്തമയമോ ഉദയമോ കണ്ട് ചായയും കുടിച്ചിരിക്കാം. ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 571 ബി.എച്ച്.പി. കരുത്തും 650 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.

Cullinan SUV

ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍. ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്സ് കള്ളിനന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ബെന്റേഗാണ് എതിരാളി. ഈ വര്‍ഷം അവസാനത്തോടെ കള്ളിനന്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. അഞ്ചു മുതല്‍ എട്ടു കോടി രൂപ വരെയായിരിക്കും ഇന്ത്യയിലെ വിലയെന്ന് കരുതുന്നു. 

Cullinan SUV

Cullinan SUV

Content Highlights; Rolls-Royce First SUV Cullinan Price Features Specs