ഓട്ടം കുറയുമ്പോഴോ മറ്റും നികുതിയില്‍ നിന്ന് രക്ഷ നേടാനാണ് വാഹന ഉടമകള്‍ ജി. ഫോം വാങ്ങുന്നത്. 

വാഹന ഉടമകള്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനായി സമര്‍പ്പിക്കുന്ന ജി. ഫോം ഇനി നിശ്ചിത ഫീസ് അടച്ച് സമര്‍പ്പിക്കണം. ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കാനുള്ള അപേക്ഷയ്ക്കാണ് ഫീസ്. നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള 30 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസില്‍ ജി. ഫോം സമര്‍പ്പിക്കണം. ഇതനുസരിച്ച് ജനുവരി ഒന്ന് മുതല്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷകള്‍ ഈ വര്‍ഷം ഡിസംബര്‍ 31-ന് മുന്‍പ് സമര്‍പ്പിക്കണം. 

കഴിഞ്ഞ വര്‍ഷം വരെ ജി. ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നില്ല. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 50 രൂപ, മോട്ടോര്‍ കാറിനും മറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 100 രൂപ, ഇരുചക്ര, മുച്ചക്ര ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 100 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപ, മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 300 രൂപ, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 400 രൂപ എന്നിങ്ങനെയാണ് ഫീസ്. 

ജി. ഫോം ഫയല്‍ ചെയ്ത ശേഷം നികുതി അടയ്ക്കാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ആ വാഹനങ്ങളില്‍ നിന്ന് നിലവിലുള്ള നികുതിയുടെ ഇരട്ടിത്തുക ഈടാക്കാനും വാഹന വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. അതേസമയം ജനുവരി ഒന്നിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കില്ല. പകരം ആദ്യ ക്വാര്‍ട്ടറിലെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നതിനായി പരിഗണിക്കണമെന്നാണ് വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. 

ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ ഒരു ക്വാര്‍ട്ടറിനുള്ളിലെ കാലയളവിലേക്ക് മാത്രമേ ജി. ഫോം മുന്‍കൂറായി ഫയല്‍ ചെയ്യാന്‍ അനുവാദമുള്ളൂ. നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്കും പിന്നീടുള്ള കാലയളവിലേക്ക് ജി. ഫോം ഫയല്‍ ചെയ്യുകയാണെങ്കിലും സ്വീകരിക്കും. പുതുക്കിയ ഫോറം ആര്‍.ടി. ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓട്ടം കുറയുമ്പോഴോ മറ്റും നികുതിയില്‍ നിന്ന് രക്ഷ നേടാനാണ് വാഹന ഉടമകള്‍ ജി. ഫോം വാങ്ങുന്നത്. 

ഒരു വര്‍ഷം മുതല്‍ മൂന്നു മാസം വരെയുള്ള നികുതി ഇളവാണ് റോഡില്‍ ഇറക്കാത്ത വാഹന ഉടമകള്‍ക്ക് സാധാരണ അനുവദിച്ചിട്ടുള്ളത്. ജി. ഫോം എന്ന അപേക്ഷ സമര്‍പ്പിച്ചാണ് ഇത്തരത്തില്‍ നികുതി ഇളവ് ലഭിക്കുക. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച ശേഷം ഇവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കാലാവധി കഴിയും വരെ വാഹനം സൂക്ഷിക്കണമെന്നാണ് നിയമം.