പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
തെറിച്ചുപോയ തൊപ്പിയെടുക്കാന്‍ ബൈക്കില്‍ നിന്നു ഇറങ്ങിയ യുവാവ് പിന്നാലെവന്ന കാറിടിച്ച് മരിച്ചു. - കോഴിക്കോട്ട് നടന്ന ഈ ദുരന്തം നമ്മുടെ നിരത്തുകളിലും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാം. ഹെല്‍മെറ്റിന് പകരം തലയില്‍ തൊപ്പിയും വച്ച് ഇറങ്ങുന്നവര്‍ നിരവധി. ഹെല്‍മെറ്റ് ഉണ്ടെങ്കിലും ചിന് സ്ട്രാപ്പ് തുറന്നിടുന്നവരും ധാരാളം.
ഏണിയും പൈപ്പും തുടങ്ങി ഒരു ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറുന്നതെല്ലാം മോപ്പെഡില്‍ കയറ്റുന്നവരാണ് മറ്റൊരു കൂട്ടര്. ഇരുചക്രവാഹനങ്ങളില്‍ ഭാരം കയറ്റുന്നതിന് പൊതുവേ പോലീസും മോട്ടോര്‍വാഹനവകുപ്പും കാര്യമായ നടപടി എടുക്കാറില്ല. ഇതാണ് ക്രമക്കേട് ആവര്‍ത്തിക്കുന്നത്.
നിരത്തിലൂടെ വളഞ്ഞും പുളഞ്ഞും
റോഡ് നിറഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ് മറ്റൊരു അപകടകാരണം. സ്ഥിരമായി ഒരു ദിശയില്‍ നീങ്ങില്ല. ഒരുവാഹനത്തെ ഇടതുവശത്ത് കൂടി മറികടക്കുന്നെങ്കില്‍ മറ്റൊന്നിനെ വലതുകൂടി. ഇങ്ങനെ വളഞ്ഞും പുളഞ്ഞുമാണ് ചില ഇരുചക്രവാഹനങ്ങള്‍ നീങ്ങുന്നത്. ഒരു ചെറിയ പിഴവ് മതി- അപകടം ഉറപ്പ്. ഏതെങ്കിലും വാഹനത്തില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടും. തെന്നിവീഴുക മറ്റൊരു വാഹനത്തിന്റെ മുന്നിലേക്കാകും.
ലൈന്‍ ഡ്രൈവിങ് പാലിക്കാത്തതും അപകടകാരണമാണ്. ദിശമാറ്റം സംബന്ധിച്ച് സിഗ്നല്‍ നല്കണമെന്നുണ്ട്. എന്നാല്‍ സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് ഇടത്തോട്ടോ വലത്തോട്ടോ വെട്ടിത്തിരിക്കും. അപ്രതീക്ഷിതമായ ഈ നീക്കത്തിലെ അപകടം ഒഴിവാക്കാന്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കഴിയില്ല.
പാഴ്സലാകാം; പക്ഷേ ഹാന്‍ഡിലില്‍ വേണ്ട
ബൈക്ക്, മോപ്പെഡ് എന്നിവയുടെ ഹാന്‍ഡിലുകളില്‍ ഭാരം തൂക്കുന്നതിന് അനുമതിയില്ല. വാഹനത്തിന്റെ ബാലന്‍സ് തെറ്റാന്‍ ഇടയാക്കുമെന്നതുകൊണ്ടാണ് നിയന്ത്രണം. എന്നാല്‍ ഹാന്‍ഡിലിന്റെ ഇരുവശത്തും ഭാരം തൂക്കുന്നവരുണ്ട്. അപകടം ഉണ്ടാകാത്തവിധത്തില്‍ പാഴ്സലുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലവും തൂക്കിയിടാന്‍ ഹൂക്കുകളും ഇരുചക്രവാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇവയില്‍ വഹിക്കാവുന്ന ഭാരത്തിന്റെ അളവും രേഖപ്പെടുത്താറുണ്ട്. അതില്കൂടുതല് ഭാരം കയറ്റുന്നത് അപകടകരമാണ്.
'ഡോര്‍' വില്ലനാകുമ്പോള്‍
കാറുകളുടെ ഡോര്തട്ടി നിയന്ത്രണം തെറ്റി ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പത്തിലധികം പേര് തിരുവനന്തപുരം നഗരത്തില്‍ മരണമടഞ്ഞിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ ഡോറുകള്‍ അശ്രദ്ധയോടെ തുറക്കുന്നതാണ് ഇരുചക്രവാഹന യാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നത്. ബൈക്കിന്റെ ഹാന്ഡിലിലേക്കാകും ഡോര്‍ തട്ടുക. നിയന്ത്രണംതെറ്റി റോഡിലേക്കോ അല്ലെങ്കില്‍ മറ്റു വാഹനങ്ങള്‍ക്ക് അടിയിലോട്ടോ വീഴും.
മറ്റുവാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തി ഡോര്‍ തുറക്കുകയാണ് സുരക്ഷിതമാര്‍ഗം. ഇടതു കൈകൊണ്ട് ഡോര്‍ തുറക്കുന്ന ഡച്ച് റീച്ച് മാര്‍ഗ്ഗം ഇത്തരം അപകടം ഒഴിവാക്കാന്‍ ഫലപ്രദമാണ്. നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്ക് തൊട്ടുചേര്‍ന്ന് ബൈക്ക് ഓടിക്കാതിരിക്കുക എന്നതാണ് മറ്റൊരു സുരക്ഷിതമാര്‍ഗം.
തൊപ്പിയിലും കുടയിലുംഒളിക്കുന്ന അപകടം
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്ക് കുടയും തൊപ്പിയും ഒരേപോലെ അപകടകരമാണ്. പിന്‍സീറ്റ് യാത്രക്കാരാണ് ഇവകാരണം അപകടത്തില്‍പ്പെടുന്നത്. കുടപിടിച്ച് യാത്രചെയ്യുമ്പോള്‍ ചെറിയ കാറ്റ് പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാക്കും. ഇരുചക്രവാഹനങ്ങളിലെ യാത്രകള്‍ക്ക് ഒരിക്കലും തൊപ്പികള്‍ യോജിച്ചതല്ല. എങ്ങനെവച്ചാലും കാറ്റത്ത് ഇവ തെറിച്ചുപോകും. തൊപ്പി പിടിക്കാനും താഴെവീണ തൊപ്പി എടുക്കാനുമുള്ള ശ്രമത്തിനിടെ നിരവധിപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Road Accidents, Vehicle Accidents, Road Safety, Safe Driving
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..