ഒരു കറങ്ങുന്ന ഓഫീസ് ചെയറും, ഒരു ആര്‍മി ടാങ്കും, റിവിയന്‍ കമ്പനിയുടെ ആര്‍ 1 ടി ഇലക്ട്രിക്ക് പിക്കപ്പ് ട്രക്കും തമ്മിലുള്ള സാമ്യം എന്താണ് എന്നൊരു ചോദ്യം പെട്ടെന്നു ചോദിച്ചാല്‍ അതിനുത്തരം പറയാന്‍ ആരും ഒന്ന് വിയര്‍ക്കും. എന്താണ് സാമ്യം എന്നു പറയുന്നതിനുമുമ്പ് ഒരു വീഡിയോ കാണാം.
വീഡിയോ കണ്ടു കഴിഞ്ഞ സ്ഥിതിക്ക് കുറേപേര്‍ക്കൊക്കെ സംഭവം കത്തിയെന്നു കരുതുന്നു - മേല്‍പറഞ്ഞ മൂന്നു സംഭവങ്ങളും നിന്ന നില്‍പ്പില്‍ തിരിയാന്‍ സാധിക്കുന്നവയാണ്. ഈയൊരൊറ്റ ഫീച്ചറിന്റെ മാത്രം സാധാരണ + മിലിറ്ററി അപ്ലിക്കേഷന്‍ സാദ്ധ്യതകള്‍ ഒട്ടനവധിയാണ്.
ഓഫീസിലെ ജോലിക്കിടയില്‍ ബോറടിക്കുമ്പോഴോ, പിന്നില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴോ ഇരിക്കുന്ന ചെയറില്‍ വട്ടം കറങ്ങി കളിച്ചപ്പോള്‍ നാളെ ഈയൊരു സംഭവം ഒരു കാറില്‍ ചെയ്യാന്‍ സാധിക്കും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 'ടാങ്ക് ടേണ്‍' എന്ന് വിളിപ്പേരുള്ള ഈ അഭ്യാസം ഇപ്പോള്‍ കാറിലും കാണിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് 'റിവിയന്‍' കമ്പനി.
ഈ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ച ആര്‍ 1 ടി എന്ന ഈ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ വിശേഷങ്ങളിലേക്കു കടക്കും മുന്‍പ് നമ്മളില്‍ പലരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത കാര്‍ കമ്പനിയാണ് 'റിവിയന്‍' എന്നതിനാല്‍ ആദ്യം അതേപ്പറ്റി പറയാം.
2009-ല്‍ അമേരിക്കയിലെ മിഷിഗണ്‍ ആസ്ഥാനമാക്കി 'റോബര്‍ട്ട് സ്‌കാറിന്‍ജ്' എന്ന വ്യക്തി സ്ഥാപിച്ച ഒരു വാഹന നിര്‍മ്മാണ-ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനി ആണ് റിവിയന്‍. നിലവില്‍ സീറോ എമിഷന്‍ ഇലക്ട്രിക്ക് അഡ്വഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം ആണ് കമ്പനിയുടെ മുഖ്യ ലക്ഷ്യം. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ജെഫ് ബെസോസിന്റെ 'ആമസോണ്‍' തുടങ്ങിയ ഭീമന്‍ കമ്പനികള്‍ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ഈ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ 'സ്റ്റാര്‍ട്ടപ്പ്' കമ്പനിയില്‍ 2019-ല്‍ മാത്രം 2.85 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപമാണ് ഒഴുകിയെത്തിയത്.
ഇനി ആര്‍ 1 ടിയുടെ വിശേഷങ്ങളിലേക്ക് - മൊത്തത്തിലുള്ള ബോഡി ഷേപ്പിന്റെ കാര്യത്തില്‍ സാധാരണ പിക്കപ്പ് ട്രക്കുകളുമായി സാമ്യമുള്ള റിവിയന്‍ ആര്‍ 1 ടിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിന്റെ വ്യത്യസ്തമായ മുന്‍-പിന്‍ ഭാഗങ്ങളാണ്.
മുന്‍പിലെ ഫെന്‍ഡറുകളെ ബന്ധിപ്പിക്കുന്ന രീതിയില്‍ നീളത്തിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റ്ബാറും (ബാറ്ററി ചാര്‍ജ് ചെയ്യുന്ന സമയത്തു പവര്‍ ഇന്‍ഡികേറ്ററായി ഡബിള്‍ റോള്‍ ചെയ്യുന്നതും ഈ ഡി.ആര്‍.എല്‍ ആണ്) അതിനെ കട്ട് ചെയ്ത നിലയില്‍ ഘടിപ്പിച്ച 'സ്റ്റേഡിയം' ആകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ആണ് റിവിയന്‍ ആര്‍ 1 ടിയുടെ മുന്‍വശത്തെ ഹൈലൈറ്റ്. ഇതിനു താഴെയായി ബംപറിന്റെ ഭാഗമായി ചെറിയ എല്‍ഇഡി ഫോഗ് ലാമ്പുകളും, ഒരു ഭംഗിക്കുവേണ്ടിയുള്ള ക്രോം സ്ട്രിപ്പും, ഏറ്റവും താഴെയായി സ്‌കിഡ് പ്ലേറ്റും ചേര്‍ന്നാല്‍ റിവിയന്‍ ആര്‍ 1 ടിയുടെ മുന്‍വശം പൂര്‍ണമായി. മുന്നിലെ ബോണെറ്റിനു തൊട്ടുതാഴെയാണ് റിവിയന്‍ ലോഗോ നല്‍കിയിട്ടുള്ളത്.
പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റും നീളത്തിലുള്ള ലൈറ്റ് ബാര്‍ ആകൃതിയിലാണ്. ഇതിനു കീഴിലായി 'റിവിയന്‍' എന്ന ലെറ്ററിങ് നല്‍കിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന വലിയ സ്‌കിഡ് പ്ലേറ്റിന്റെ അറ്റത്തായി രണ്ടു വാണിംഗ് ലൈറ്റുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. വശങ്ങളില്‍ പുത്തന്‍ ഡിസൈനിലുള്ള വലിയ അലോയ് വീലുകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഒപ്പം എ, ബി പില്ലറുകള്‍ കറുത്ത നിറത്തില്‍ ആക്കിയതിനാല്‍ മറ്റു എലമെന്റസ്‌നോടൊപ്പം ചേരുമ്പോള്‍ ഒരു പ്രത്യേക ഭംഗി റിവിയന്‍ ആര്‍ 1 ടിക്ക് കൈവരുന്നുണ്ട്. 'സൗമ്യം എന്നാല്‍ എന്തിനും പോന്നത്' എന്ന ഒരു പ്രത്യേകതരം വൈബ് ആണ് റിവിയന്‍ ആര്‍ 1 ടിയെ ആദ്യം കാണുമ്പോള്‍ തോന്നുന്നത്.
ഒരേ സമയം പ്രീമിയം ഫീല്‍ തരുന്നതും എന്നാല്‍ റഫ് യൂസിന് പറ്റിയതുമായ മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് റിവിയന്‍ ആര്‍ 1 ടിയുടെ ഉള്‍വശം അണിയിച്ചൊരിക്കിയിട്ടുള്ളത്. ഇതിലെ വുഡ് പാനലുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 'സസ്റ്റൈനബിലി സോഴ്‌സ്ഡ്' ആയിട്ടുള്ള മരങ്ങള്‍ ഉപയോഗിച്ചാണ്. സ്പോര്‍ട്ടി ഫീല്‍ തരുന്ന ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഇതിനു പിന്നിലായി ഫുള്‍ ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്‌പ്ലേ, ഡാഷ് ബോര്‍ഡിന്റെ മധ്യത്തിലായി വലിയ ഡിജിറ്റല്‍ ഇന്‍ഫോറ്റൈന്മെന്റ് + നാവിഗേഷന്‍ ഡിസ്‌പ്ലേ എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകൃതിയില്‍ നിന്ന് പ്രചോദനംകൊണ്ട തരത്തിലുള്ള കളര്‍ സ്‌കീം ആണ് റിവിയന്‍ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്.
'സ്‌കേറ്റ്‌ബോര്‍ഡ് 'എന്ന് വിളിപ്പേരുള്ള ആക്റ്റീവ് ഷാസിയിലാണ് റിവിയന്‍ ആര്‍ 1 ടിയെ പടുത്തുയര്‍ത്തിയിട്ടുള്ളത്. പ്രതലങ്ങള്‍ക്കനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന ഇത് ഏത് സാഹചര്യത്തിലും അനുപമമായ പെര്‍ഫോര്‍മന്‍സും ഹാന്റലിങ്ങും കാഴ്ചവെക്കാന്‍ ആര്‍ 1 ടിയെ സജ്ജമാകുന്നു.
വെറും 3 സെക്കന്റിനുള്ളില്‍ 60mph വേഗതകൈവരിക്കാന്‍ സാധിക്കുന്ന ആര്‍ 1 ടിയെ അതിനു സഹായിക്കുന്നത് നാലു വീലുകളിലും പ്രത്യേകമായുള്ള ഇലക്ട്രിക്ക് മോട്ടോറുകളാണ്. ഓള്‍ വീല്‍ ഡ്രൈവ് ആയിട്ടുള്ള ഈ ക്വാഡ്-മോട്ടോര്‍ സിസ്റ്റം (നിലവില്‍ 180kWh) 750 എച്ച്പി പവറും 1124 എന്‍എം ടോര്‍ക്കും പ്രധാനംചെയ്യുന്നവയാണ്. 4990 കിലോഗ്രാം ആണ് റിവിയന്‍ ആര്‍ 1 ടിയുടെ ടൗയിങ് കപ്പാസിറ്റി.
ഒരു ഫുള്‍ ചാര്‍ജില്‍ 644 കിലോമീറ്ററിലധികം (400+ മൈല്‍) റേഞ്ച് ആണ് റിവിയന്‍ ആര്‍ 1 ടി വാഗ്ദാനം ചെയ്യുന്നത്. റിവിയന്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി ബാറ്ററി പായ്ക്ക് ആണ് ഈ ആകര്‍ഷകമായ റേഞ്ചിനു പിന്നിലെ ഘടകം - ഒപ്പം നാലു വീലുകള്‍ക്കിടയില്‍ സന്തുലിതമായി ഇവ സ്ഥാപിച്ചതിനാല്‍ ഉയര്‍ന്ന വേഗതയിലും കോര്‍ണറിങ്ങിലും ട്രാക്ഷനും സ്റ്റബിലിറ്റിയും നിലനിര്‍ത്താനും ഇവ സഹായകരമാകുന്നു.
ഒരു മീറ്ററിലധികം (3 ft) വേഡിങ് ഡെപ്ത് ഉള്ള റിവിയന്‍ ആര്‍ 1 ടിക്ക് ഓഫ് - റോഡ് മോഡില്‍ 14.1 ഇഞ്ച് ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇതോടൊപ്പം 34 ഡിഗ്രി അപ്പ്രോച്ച് ആംഗിളും, 30 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും, ഇലക്ട്രിക്ക് മോട്ടോറില്‍ നിന്നുള്ള ഇന്‍സ്റ്റന്റ് ടോര്‍ക്കും കൂടിയാകുമ്പോള്‍ ആര്‍ 1 ടിയിലെ ഓഫ് റോഡിങ് ഒരു രസകരമായ അനുഭവമാക്കുന്നു.
റിവിയന്‍ ആര്‍ 1 ടിയുടെ പിറകിലെ 'പിക്കപ്പ് ബെഡ്' ഒരു സംഭവം തന്നെയാണ്. ഒരു ഫുള്‍ സൈസ് ടയര്‍ വെക്കാവുന്ന റിയര്‍ ബിന്‍ സഹിതമുള്ള ഇതില്‍ മൂന്ന് 110V പവര്‍ ഔട്ട്‌ലെറ്റുകളും നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സെക്യൂരിറ്റി ലോക്കും, കംപേസ്ഡ് എയര്‍ ഫില്ലിംഗ് ഫീച്ചറും സഹിതമുള്ള ഇതിനെ വേണമെങ്കില്‍ ഈസിയായി ഒരു ടെന്റ് ക്യാമ്പ് ബേസ് ആക്കി മാറ്റുകയും ചെയ്യാം. ഇതോടൊപ്പം ഫ്‌ളെക്‌സിബിള്‍ ക്രോസ്സ് ബാര്‍ സിസ്റ്റം ഉപയോഗിച് മറ്റനേകം വസ്തുക്കള്‍ ഈ ബെഡിന് മുകളില്‍ ഘടിപ്പിച്ചു കൊണ്ടുപോവുകയുമാവാം. പേറ്റന്റ് ചെയ്യപ്പെട്ട സ്വിങ് ആന്‍ഡ് ഡ്രോപ്പ് ടെക്‌നോളജിയോടു കൂടിയ ആര്‍ 1 ടിയുടെ ബെഡ് ഡോര്‍ ഒരു സ്വിച്ചിന്റെ സഹായത്താല്‍ അനായാസം ഓപ്പറേറ്റ് ചെയ്യാം-ബെഡിലേക്കു ഈസിയായി സാധനങ്ങള്‍ വെക്കാന്‍പറ്റുന്ന തരത്തിലാണ് ഇതിന്റെ പൊസിഷന്‍സ് ക്രമീകരിച്ചിട്ടുള്ളത്.
ഇതോടൊപ്പം 12 അടി വരെ നീളമുള്ള സര്‍ഫിങ് ബോര്‍ഡ് പോലുള്ള സ്പോര്‍ട് ഗിയറുകള്‍ സൂക്ഷിക്കാന്‍ ലോക്ക് ചെയ്യാവുന്ന ഒരു സ്റ്റോറേജ് സ്‌പേസ് റിയര്‍ ടയറിനും ക്യാബിനും ഇടയില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റൊരു പിക്കപ്പ് ട്രക്കിലും കാണാത്ത ഒരു ഡിസൈന്‍ ഫീച്ചര്‍ ആണിത്. എഞ്ചിന്‍ ഇല്ലാത്തതിനാല്‍ ഫ്രന്റ് ബോണറ്റ് ഏരിയയും സ്റ്റോറേജ് സ്‌പേസാണ്.
2020ല്‍ അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള റിവിയന്‍ ആര്‍ 1 ടിയ്ക്ക് 'ആമസോണില്‍' നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ഓര്‍ഡര്‍ ഇതിനകം ലഭിച്ചിട്ടുണ്ട് - സാധാരണ ഉപഭോഗ്താക്കള്‍ നല്‍കിയ പ്രീ ഓര്‍ഡറിന് പുറമേയാണിത്. ടെസ്ലയുടെ സൈബര്‍ ട്രക്കിനേക്കാള്‍ മുന്‍പേ വിപണിയിലിറങ്ങാന്‍ പോകുന്ന റിവിയന്‍ ആര്‍ 1 ടി വിപണിയില്‍ വെന്നിക്കൊടി പാറിക്കുമോയെന്നു കാത്തിരുന്ന് കാണാം.
Content Highlights: Rivian R1T Electric pickUp