ബെംഗളൂരു: ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും യാത്രയ്ക്കുപയോഗിച്ചിരുന്ന ബെംഗളൂരു നഗരത്തിന്റെ 'ട്രെന്‍ഡ്' മാറുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പകരം ആപ്പുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ നഗരയാത്രക്കാര്‍.

ഈ മാറ്റം തിരിച്ചറിഞ്ഞ് ഒട്ടേറെ കമ്പനികളാണ് നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നത്. ഇതില്‍ ഒരു യാത്രയ്ക്കുവേണ്ടിമാത്രം ബുക്കുചെയ്യുന്ന ഇരുചക്രവാഹനം മുതല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് ലഭിക്കുന്ന ഇരുചക്രവാഹനങ്ങള്‍വരെ ലഭ്യമാണ്.

നഗരത്തില്‍ ഏറ്റവും ഉപഭോക്താക്കളുള്ള ബൗണ്‍സിന് കിലോമീറ്ററിന് അഞ്ചുരൂപയാണ് നിരക്ക് ഈടാക്കുന്നത്. മിനിറ്റിന് 50 പൈസ വീതവും ഈടാക്കും. യാത്ര അവസാനിക്കുന്നത് എവിടെയാണോ സ്‌കൂട്ടര്‍ അവിടെവെച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രധാനനേട്ടം. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാണ്. കമ്പനിയാണ് സ്‌കൂട്ടറില്‍ പെട്രോള്‍ അടിക്കുക.

പാതിവഴിയില്‍ പെട്രോള്‍ തീര്‍ന്നാല്‍ വാഹനം അവിടെ വെക്കുകയോ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നിറയ്ക്കുകയോ ചെയ്യാം. ബില്ല് ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ ഈ തുക കമ്പനി തിരിച്ചുതരും.

വോഗോ തുടങ്ങിയ കമ്പനികളും സമാനരീതിയിലാണ് പ്രവര്‍ത്തനമെങ്കിലും അതത് കമ്പനികളുടെ പിക്ക് അപ്പ് പോയന്റുകളില്‍ മാത്രമേ സ്‌കൂട്ടറുകള്‍ നിര്‍ത്താന്‍ കഴിയൂ. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതില്‍ ലൈസന്‍സിന്റെ ചിത്രവും ഫോട്ടോയും അപ്ലോഡ് ചെയ്താല്‍ സേവനം ഉപയോഗിച്ചുതുടങ്ങാം. വണ്ടിയുടെ താക്കോലിന് പകരം ആപ്പില്‍ വരുന്ന ഒ.ടി.പി. യാണ് ഉപയോഗിക്കേണ്ടത്. വിവിധ കമ്പനികള്‍ അനുസരിച്ച് 100 രൂപമുതല്‍ 250 രൂപവരെ ആപ്പ് വാലറ്റിലുണ്ടായിരിക്കണം.

സ്വന്തം വാഹനത്തേക്കാള്‍ ലാഭം

സ്വന്തമായി ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭമാണ് ആപ്പ് അധിഷ്ഠിത വാടക സ്‌കൂട്ടറുകള്‍. പുതിയ വാഹനം വാങ്ങുമ്പോള്‍ മാസഅടവും പെട്രോള്‍ ചെലവും അറ്റകുറ്റപ്പണിയുമടക്കം 9,000 രൂപവരെയാണ് ചെലവ്. വാടക സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിന്റെ പകുതിയേ ചെലവാകുന്നുള്ളൂ. ദിവസം 200 രൂപ ഇത്തരം വാഹനങ്ങള്‍ക്കുചെലവാക്കിയാലും പരമാവധി ചെലവ് 6000 രൂപയാണ്.

വേണ്ടുവോളം പ്രോത്സാഹനം

നഗരത്തിലെ മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് വാടകയ്ക്ക് ഇരുചക്രവാഹനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണ - പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനുകീഴിലുള്ള 13 റെയില്‍വേ സ്റ്റേഷനുകളില്‍ ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ വാടക സ്‌കൂട്ടറുകള്‍ ലഭിച്ചുതുടങ്ങും.

കര്‍മലാരം, ബെലന്ദൂര്‍, യെലഹങ്ക, മല്ലേശ്വരം, യശ്വന്തപുര, നയന്തനഹള്ളി, കെങ്കേരി, വൈറ്റ് ഫീല്‍ഡ്, ഹൂഡി, കെ. ആര്‍. പുരം, ബൈയ്യപ്പനഹള്ളി, കന്റോണ്‍മെന്റ്, ബെംഗളൂരു ഈസ്റ്റ് എന്നിവിടങ്ങളിലാണ് സര്‍വീസ് തുടങ്ങുന്നത്. ഇത്തരം സംവിധാനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കാനാണ് അധികൃതരുടെ തീരുമാനം. നഗരത്തില്‍ വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പം കുത്തനെ കുറയ്ക്കാന്‍ ഇതുപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷ

കാര്‍ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഏറെനേരം ഗതാഗതക്കുരുക്കില്‍പ്പെടുന്ന സാഹചര്യമാണുള്ളത്. നിശ്ചിതസമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് പലപ്പോഴും ഇത് തടസ്സമാകുന്നുണ്ട്. വാടക സ്‌കൂട്ടറാണെങ്കില്‍ ഗതാഗതക്കുരുക്കില്‍ നിന്നൊഴിഞ്ഞ് ഇടവഴികളിലൂടെ സഞ്ചരിക്കാമെന്നതാണ് നേട്ടം. ടാക്‌സികളേക്കാള്‍ ചാര്‍ജും കുറവാണ്.

Content Highlights; rental scooters get more popularity in bengaluru