നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാടകയ്‌ക്കൊരു സൈക്കിള്‍ പദ്ധതി ജനപ്രിയമാകുന്നു. പരിസ്ഥിതിസൗഹൃദയാത്രയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍.എം.എം.സി.) മാസങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട പദ്ധതിയെ ഇന്ന് നവി മുംബൈയിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ സംയുക്തങ്ങളുടെ അളവ് ക്രമാതീതമായി ഉയരുന്ന നഗരത്തിനകത്ത് സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാടകയ്‌ക്കൊരു സൈക്കിള്‍ എന്നപേരില്‍ സൈക്കിള്‍ ഷെയറിങ് പദ്ധതി ആരംഭിച്ചത്.
നെരൂളില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ചുരുങ്ങിയകാലയളവില്‍ വന്‍ ജനപ്രീതിനേടിയ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഇതരമേഖലകളിലേക്ക് ഇത് വ്യാപിപ്പിച്ചു. നിലവില്‍ വാഷി, കോപ്പര്‍ ഖൈര്‍ണ, ഐരോളി, തുര്‍ഭെ, സാന്‍പാഡ, നെരൂള്‍, ബേലാപ്പുര്‍, ഖാര്‍ഘര്‍ എന്നിവിടങ്ങളിലായി 140 സൈക്കിള്‍കേന്ദ്രങ്ങളുണ്ട്. സൈക്കിളുകള്‍വെക്കാനുള്ള സ്ഥലമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കോര്‍പ്പറേഷനാണ് നല്‍കുന്നത്.
ബെംഗളൂരു ആസ്ഥാനമായുള്ള യുലു എന്ന സ്ഥാപനമാണ് വാടകയ്ക്ക് സൈക്കിളുകള്‍ നല്‍കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിന് ഓരോ മാസവും ഒരു നിശ്ചിതതുക വാടകയായി യുലു എന്‍.എം.എം.സി.ക്ക് നല്‍കണം. സൈക്കിളിന് ആദ്യത്തെ അരമണിക്കൂറിന് പത്തുരൂപയാണ് വാടക. തുടര്‍ന്നുള്ള ഓരോ അരമണിക്കൂറിനും അഞ്ചുരൂപ വീതം നല്‍കണം. യുലു മൊബൈല്‍ ആപ്പ്ഡൗണ്‍ലോഡ് ചെയ്തശേഷം സൈക്കിളിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ പേടിഎം, മൊബൈല്‍ വാലറ്റ്, പേപാല്‍ വഴി വാടക നല്‍കാം.
നവിമുംബൈയുടെ വിവിധ ഭാഗങ്ങളിലായുള്ള കേന്ദ്രങ്ങളില്‍ ആയിരത്തില്‍പ്പരം സൈക്കിളുകളാണ് വാടകയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഓഫീസുകളില്‍ പോകുന്നവര്‍, വിദ്യാര്‍ഥികള്‍ മറ്റുജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. 40 ശതമാനത്തോളം സ്ത്രീകളാണ് എന്നതാണ് വസ്തുത.
സവാരിക്കാര്‍ക്ക് നല്ലൊരു വ്യായാമത്തിന് വഴിയൊരുക്കുന്നുവെന്നുമാത്രമല്ല സ്ഥലപരിമിതിമൂലം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം കിട്ടാന്‍ ഏറെ വിഷമം നേരിടുന്ന നഗരത്തില്‍ അതിനൊരു പരിഹാരംകൂടിയാണ് വാടകയ്‌ക്കൊരു സൈക്കിള്‍ പദ്ധതിയെന്ന് സ്ഥിരമായി സൈക്കിള്‍സവാരി നടത്തുന്ന ഖാര്‍ഘര്‍ മലയാളികൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് നായര്‍ പറയുന്നു.
ഇതുവരെ മൊത്തം ഒരുലക്ഷം കിലോമീറ്റര്‍ ദൂരം എല്ലാ സൈക്കിളുകളുംകൂടി യാത്രനടത്തിയെന്നാണ് കണക്കെന്നും പരിസ്ഥിതിസംരക്ഷണം കണക്കിലെടുക്കുകയാണെങ്കില്‍ നമുക്ക് ഇതുവരെ 11.5 കോടിയുടെ കാര്‍ബണ്‍ ക്രെഡിറ്റ് പോയന്റ് ലഭിക്കുമെന്നുമാണ് നവി മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ എന്‍. രാമസ്വാമി പറയുന്നത്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ നവിമുൈബയില്‍ ലക്ഷം സൈക്കിളുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാമസ്വാമി വ്യക്തമാക്കി.
പക്ഷേ, നഗരത്തിന്റെ ചിലഭാഗങ്ങളില്‍ സൈക്കിള്‍ സവാരിക്ക് പ്രത്യേക ട്രാക്കില്ലാത്തത് ഗതാഗതത്തിരക്കുള്ള വേളകളില്‍ യാത്ര വിഷമകരമാക്കുന്നുണ്ട്. അതിനാല്‍ യാത്രയ്ക്ക് പ്രത്യേക ട്രാക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ട്രാക്ക് നിര്‍മിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
എന്‍.എം.എം.സി ഇലക്ട്രിക് ബൈക്ക് വാടകയ്ക്കുനല്‍കുന്ന ഇ-ബൈക്ക് പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. മലിനീകരണമുണ്ടാക്കാത്ത വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 35 ചെറിയ ബൈക്കുകളാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഖേലാപ്പുരിലെ ഏഴുകേന്ദ്രങ്ങളിലും നെരൂളിലെ അഞ്ചുകേന്ദ്രങ്ങളിലും ഐരോളി കോപ്പര്‍ഖൈര്‍ണ, ഖാര്‍ഘര്‍ എന്നിവിടങ്ങളില്‍ നാലുവീതം ഇ-ബൈക്ക് കേന്ദ്രങ്ങളുമാണ് ഇപ്പോഴുള്ളത്. ക്രമേണ നവിമുംബൈയിലെ എല്ലാ ഭാഗത്തേക്കും റെന്റ് എ ബൈക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് എന്‍.എം.എം.സി. ആലോചിക്കുന്നത്.
Content Highlights: Rent A Cycle Project In Mumbai