കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ കാര്‍ റെന്റല്‍ സംരംഭങ്ങളും. ഫാമിലി ട്രിപ്പുകള്‍ക്കും മറ്റുമായി എന്‍.ആര്‍.ഐ.കളും ബിസിനസ് ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തുന്നവരുമാണ് റെന്റല്‍ കാബ് സര്‍വീസുകളെ കൂടുതലായി ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ, രാജ്യം മൊത്തം ലോക്ക്ഡൗണിലായതോടെ കമ്പനികളുടെ വരുമാനം പൂര്‍ണമായി നിലച്ചു. മാത്രമല്ല ഭീമമായ നഷ്ടമാണ് ഇതുമൂലം കമ്പനികള്‍ നേരിടുന്നത്.
കേരളത്തില്‍ മൊത്തം എട്ട് കമ്പനികളാണ് നിയമപരമായി റെന്റല്‍ കാബ് സര്‍വീസ് നടത്തുന്നത്. ഇന്‍ഡസ് ഗോ, എ.വി.എസ്., സച്ച് കാബ്‌സ്, ട്രാന്‍സ്, സൂം കാര്‍, ലാ കാബ്‌സ്, യെഗ്‌നയുടെ റൈഡ് ഈസി, ഇ.വി.എമ്മിന്റെ വീല്‍സ് എന്നിവയാണവ. പ്രതിമാസം രണ്ടര ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപയാണ് ഈ കമ്പനികള്‍ വരുമാനം നേടിയിരുന്നത്. കൊറോണ വെല്ലുവിളിയായതോടെ റെന്റല്‍ കാബ് സര്‍വീസ് കമ്പനികള്‍ക്ക് വരുമാന നഷ്ടം മാത്രമല്ല കാറുകളുടെ മെയ്ന്റനന്‍സും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് എ.വി.എസ്. ഡയറക്ടര്‍ സജു കുമാര്‍ പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരമായി ലോക്ക്ഡൗണ്‍ അവസാനിക്കുംവരെ ആവശ്യമെങ്കില്‍ കാറുകള്‍ സര്‍ക്കാരിന് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി റെന്റല്‍ കാര്‍ സര്‍വീസ് കമ്പനി ആരംഭിക്കുന്നതിന് പ്രാരംഭഘട്ടത്തില്‍ ഭീമമായ നിക്ഷേപമാണ് ആവശ്യമായി വരുന്നത്. ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അല്പം കടുപ്പമാണ്. ഒരു റെന്റല്‍ കാര്‍ കമ്പനി ആരംഭിക്കുന്നതിന് തുടക്കത്തില്‍ 50 വണ്ടികള്‍ ഉണ്ടായിരിക്കണം, മാത്രമല്ല ഇവയില്‍ 50 ശതമാനം വണ്ടികള്‍ എ.സി. വണ്ടികള്‍ ആയിരിക്കണമെന്നും ഹെഡ് ഓഫീസ് അടക്കം അഞ്ച് നഗരങ്ങളില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇതിനെല്ലാം കൂടി വന്‍ തുകയാണ് കമ്പനികള്‍ ചെലവഴിക്കുന്നത്. മാത്രമല്ല വാഹനങ്ങളുടെ മെയ്ന്റനന്‍സിനായി ചെലവ് വേറെയുമുണ്ടെന്ന് ലാ കാബ്‌സ് എം.ഡി. മാത്യു എബ്രഹാം ചൂണ്ടിക്കാട്ടി.
മിക്ക കമ്പനികള്‍ക്കും നൂറിനടുത്ത് വാഹനങ്ങള്‍ ഉണ്ട്. ഇവയ്ക്ക് ആവശ്യക്കാര്‍ എത്താതായതോടെ വാഹനങ്ങളുടെ ബാറ്ററികള്‍ ഡൗണായി തുടങ്ങി. 21 ദിവസം കഴിഞ്ഞ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. വണ്ടികള്‍ വെറുതെ കിടന്ന് നശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ കമ്പനികളുമായി ബന്ധപ്പെട്ട അസോസിയേഷന്‍ ഒന്നും ഇല്ലാത്തതിനാല്‍ മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ച് എവിടെയും ഇതുവരെ പരാമര്‍ശമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കമ്പനികള്‍ വലിയ നഷ്ടം നേരിടും.
വരുമാനം നിലച്ചതോടെ കമ്പനികളുടെ നടത്തിപ്പിനായി എടുത്ത വായ്പകളുടെ തിരിച്ചടവിനും റെന്റര്‍ കാര്‍ ഉടമകള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ആര്‍.ബി.ഐ. മൂന്നു മാസത്തേക്ക് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടു കാര്യമില്ലെന്ന അഭിപ്രായത്തിലാണ് കമ്പനികള്‍. വണ്ടികളുടെ ഇന്‍ഷുറന്‍സ് തുകയും അടയ്‌ക്കേണ്ടി വരുന്നു. വിപണി അനിശ്ചിതത്വം മൂന്നു മാസം കൊണ്ട് മറികടക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്താന്‍ സമയമെടുത്തേക്കും. വായ്പ തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ സാവകാശം കിട്ടുമെങ്കിലും പലിശ കുറയുന്നില്ല. അതിനാല്‍ പലിശ നിരക്ക് 45 ശതമാനമാക്കി കുറച്ച് വായ്പാ മൊറട്ടോറിയം ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടണമെന്നാണ് കമ്പനികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.
Content Highlights: Rent A Car Business Facing Huge Crisis During Corona Lock Down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..