നിരത്തിലെ 'തീ'വണ്ടികള്‍; വില്ലനാര്? പരിഹാരമെന്ത്?


By അജിത് ടോം

5 min read
Read later
Print
Share

വാഹനം മോടിപിടിപ്പിക്കുന്നതിനായി മെക്കാനിക്കലായും ഇലക്ട്രിക്കലായും വരുത്തുന്ന മാറ്റങ്ങള്‍ അപകടകരമാണ്.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തമുണ്ടായപ്പോൾ | Photo: File Photo/Mathrubhumi Archives

നിരത്തുകളിലൂടെ വളരെ സ്വാഭാവികമായി നീങ്ങുന്ന വാഹനം നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി മാറുക. ഏത് വാഹനത്തിനാണ് തീപ്പിടിത്തമുണ്ടാകുന്നതെന്ന്‌ പ്രത്യേകമായി തരംതിരിക്കാന്‍ പോലും സാധിക്കാതെ സ്‌കൂട്ടറും കാറും ബസുമെല്ലാം അപ്രതീക്ഷിതമായി അഗ്‌നിക്കിരയായിക്കൊണ്ടിരിക്കുന്നു. കാറില്‍നിന്നു തീപടര്‍ന്ന് പൂര്‍ണ ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച സംഭവം ഈയിടെ നാടിനെ നടുക്കിയ ഒന്നായിരുന്നു. കണ്ണൂരില്‍ ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ തലശ്ശേരിയില്‍ സ്‌കൂട്ടര്‍ പട്ടാപ്പകല്‍ കത്തിയമര്‍ന്നു. വാര്‍ത്തകളുടെ ചൂടാറുംമുമ്പേ തന്നെ തൃശൂരില്‍ കഴിഞ്ഞ ദിവസം 30 യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിനും തീപിടിച്ചു.

ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ഒരു വാഹനത്തിന്റെയോ കമ്പനിയുടെയോ നിര്‍മാണത്തിലെ അപാകതയേയോ പോരായ്മയേയോ പഴിചാരാന്‍ കഴിയില്ല. ഏത് വാഹനത്തിലും ഇത് സംഭവിക്കാനുള്ള സാധ്യത വിദൂരമല്ല. അഗ്നിബാധയുണ്ടാകുന്നതിന് നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ മുതല്‍ അകത്ത് സൂക്ഷിക്കുന്ന പെര്‍ഫ്യൂം പോലും ഒരു വലിയ തീപ്പിടിത്തിലേക്ക് നയിക്കുന്നതായിട്ട് വിദഗ്ധര്‍ വിലയിരുത്തുന്നു. പൊതുവില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

ഇന്ധനച്ചോര്‍ച്ച

വാഹനത്തിന്റെ കാലപ്പഴക്കം കൊണ്ടോ അല്ലെങ്കില്‍ കൃത്യമായ പരിപാലനമില്ലാത്ത വാഹനങ്ങളുടെ ഇന്ധന പൈപ്പുകള്‍ക്കു സംഭവിക്കുന്ന തകരാറുകള്‍ കൊണ്ടോ ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. വണ്ട്, എലി പോലെയുള്ള ക്ഷുദ്രജീവികള്‍ വാഹന പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതുമൂലവും ഇത് സംഭവിക്കാറുണ്ട്. അടുത്ത കാലത്തായി പെട്രോള്‍ വാഹനങ്ങളുടെ ഇന്ധന പൈപ്പില്‍ സ്‌കോളിറ്റിഡേ കുടുംബത്തില്‍ പെട്ട ഒരുതരം വണ്ടിന്റെ ആക്രമണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരം വണ്ടുകളുടെ ആക്രമണമുണ്ടാകുന്നത്.

ചില വാഹനങ്ങളില്‍ കാറ്റലിക് കണ്‍വെര്‍ട്ടര്‍ വാഹനത്തിന്റെ മധ്യഭാഗത്തായി താഴെ നല്‍കാറുണ്ട് വണ്ടിന്റെ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ പൈപ്പിലുണ്ടാകുന്ന സുഷിരങ്ങളിലൂടെ ഇന്ധനം പുറന്തള്ളുന്നതു തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ഭാഗങ്ങളില്‍ 600 മുതല്‍ 700 ഡിഗ്രി വരെയാണ് ചൂട്. സുഷിരങ്ങളുള്ള പെപ്പുകളിലൂടെ ഇന്ധനചോര്‍ച്ച കൂടിയാവുമ്പോള്‍ തീപിടിക്കാനുള്ള സാധ്യത കൂടുന്നു.

വാതകച്ചോര്‍ച്ച

എല്‍.പി.ജി. പോലുള്ള ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ചോര്‍ച്ചാസാധ്യത കൂടുതലാണ്. പഴയ പെട്രോള്‍ വാഹനങ്ങള്‍ ഗ്യാസിലേക്ക് മാറ്റുമ്പോഴും ഇന്ധനചോര്‍ച്ചയാണ് പ്രധാന വില്ലന്‍. ഇത്തരം വാഹനങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ പരിചരണം അനിവാര്യമാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി. കണ്‍വേര്‍ഷന്‍ കിറ്റിലെ സോളിനോയ്ഡ് വാല്‍വ്, റെഗുലേറ്റര്‍, ഫില്‍ട്ടര്‍, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയവ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സര്‍വീസ് ചെയ്തിരിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഗ്യാസ് ടാങ്കിന്റെ പ്രഷര്‍ ടെസ്റ്റ് നടത്തുകയും ഒരു സിലിണ്ടര്‍ 15 വര്‍ഷം മാത്രമേ ഉപയോഗിക്കാവൂവെന്നുമാണ് ഗ്യാസ് സിലിണ്ടര്‍ നിയമം 2004 അനുശാസിക്കുന്നത്. എന്നാല്‍, ഇതനുസരിക്കുന്നവര്‍ എത്ര പേരുണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം. വാഹനങ്ങളെ അപകടകരമാം വിധത്തില്‍ കൈകാര്യം ചെയ്യുന്നത് അവ ഓടിക്കുമ്പോള്‍ മാത്രമല്ല, അവയുടെ പരിപാലനത്തിലുള്ള അലംഭാവം കൊണ്ടുകൂടിയാണ്.

അടുത്തിടെ കണ്ണൂരില്‍ കാറിന് തീപിടിച്ചുണ്ടായ അപകടം | Photo: Mathrubhumi Archives

രൂപമാറ്റം

വാഹനം തീ പിടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് അതത് കാലത്തെ ട്രെന്റിനനുസരിച്ചും ഉപയോഗിക്കുന്നയാളുടെ സൗകര്യത്തിനും അനുസരിച്ചുള്ള രൂപമാറ്റം വരുത്തല്‍. വാഹനങ്ങളെ രൂപമാറ്റം വരുത്തുക വഴി എങ്ങനെ തീപ്പിടിത്തം സംഭവിക്കുമെന്നു നോക്കാം. 60 വാട്ട് വരെയുള്ള ബള്‍ബുകള്‍ ഘടിപ്പിക്കാന്‍ ഒരുക്കിയിട്ടുള്ള ഹോള്‍ഡറുകളില്‍ പ്രകാശതീവ്രത കൂടിയ 130 വാട്ട് വരെ ശേഷിയുള്ള ബള്‍ബുകള്‍ ഘടിപ്പിക്കുന്നത് പതിവാണ്. എന്നാല്‍, ഇതു വരുത്തിവെക്കുന്ന അപകടം ചെറുതല്ല. കനം കുറഞ്ഞ വയറുകളിലും പ്ലാസ്റ്റിക് ഹോള്‍ഡറുകളിലുമാണ് സാധാരണയായി ബള്‍ബുകള്‍ നല്‍കുന്നത്. ഇവിടെയാണ് അധികതാപം നല്‍കുന്ന ബള്‍ബുകളെ ഘടിപ്പിക്കുന്നത്. അവ ചൂടാവുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകുന്നു. വാഹനത്തില്‍ നിര്‍മാണക്കമ്പനി നല്‍കിയിരിക്കുന്നതിന് പകരമായി നിലവാരം കുറഞ്ഞ വയറിങ്ങ് ഹാര്‍നെസുകള്‍ ഉപയോഗിക്കുകയും കപ്ലിങ്ങിന് പകരം വയര്‍ പിരിച്ചുവെക്കുകയും ചെയ്യുന്നതും എളുപ്പപ്പണിയായി പലരും ചെയ്യുന്നുണ്ട്. ലൈറ്റുകള്‍ മാത്രമല്ല, അധികം ശബ്ദമുണ്ടാക്കുന്ന ഹോണുകളും സ്പീക്കറുകള്‍ പോലും അപകടകാരികളാണ്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ രൂപമാറ്റവും ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറികളും ഒഴിവാക്കുന്നതാണ് നല്ലത്.

തീ പിടിക്കുന്ന വസ്തുകള്‍

സിഗരറ്റ് ലൈറ്ററുകള്‍ പോലുള്ളവ വാഹനത്തിനുള്ളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ലൈറ്ററുകള്‍, തീപ്പെട്ടി തുടങ്ങിയവ തെളിച്ച് എന്‍ജിന്‍ റൂമും ഇന്ധന പൈപ്പുകളും പരിശോധിക്കുന്നതും അപകടത്തിന് കാരണമാണ്. ബൈക്കുകളില്‍ സൈലന്‍സറില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ കുപ്പിയില്‍ ശേഖരിച്ച ഇന്ധനവും മറ്റും തൂക്കിയിടുന്നതും തീപ്പിടിത്തത്തിനുള്ള കാരണമാണ്.

ഫ്യൂസുകള്‍

വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫ്യൂസുകള്‍ മാറ്റി കൂടുതല്‍ കപ്പാസിറ്റിയുള്ള ഫ്യൂസുകള്‍ ഘടിപ്പിക്കുന്നതും വയറുകളോ കമ്പിയോ പകരം പിടിപ്പിക്കുന്നതും തീപ്പിടിത്തസാധ്യത വര്‍ധിപ്പിക്കുന്നു.

ബാറ്ററികളും ചാര്‍ജിങ് സര്‍ക്യൂട്ടും

പഴയതും തകരാറുള്ളതുമായ ബാറ്ററികള്‍ പലപ്പോഴും തീപ്പിടിത്തത്തിന് കാരണമാകാറുണ്ട്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഇടിയുടെ ആഘാതം മൂലവും ബാറ്ററികളില്‍നിന്ന് അഗ്നിബാധ ഉണ്ടാകാറുണ്ട്. മറ്റൊരു സാധ്യത ചാര്‍ജിജിങ് സിസ്റ്റത്തിലെ തകരാറുകളെ തുടര്‍ന്ന് വാഹനം അമിതമായി ചാര്‍ജാവുന്നതു വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം തീപ്പിടിത്തത്തിന് കാരണമാകാറുണ്ട്.

കൂളിങ് സിസ്റ്റത്തിന്റെ തകരാര്‍

കൂളിങ് സിസ്റ്റത്തിന്റെയും ലൂബ്രിക്കേഷന്‍ സിസ്റ്റത്തിന്റെയും തകരാറുകള്‍ എന്‍ജിന്റെ താപനില വര്‍ധിക്കുന്നതിനും അതുമൂലം റബ്ബര്‍ ഭാഗങ്ങള്‍ ഉരുകാനും തീപ്പിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

പരിഹാരം

  • കൃത്യമായ ഇടവേളകളില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുക. വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തെ തറയില്‍ ഓയിലോ മറ്റ് ദ്രാവകങ്ങളോ വീണിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുക. ക്ലീനായ തറയില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ലീക്കേജുകള്‍ വാഹനത്തിനുണ്ടെങ്കില്‍ എളുപ്പം കണ്ടെത്താന്‍ സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണെങ്കിലും കൃത്യമായ ഇടവേളകളില്‍ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതു ശീലമാക്കുക.
  • വാഹനത്തിലെ വാതക ചോര്‍ച്ചയും തീപ്പിടിത്തത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഗ്യാസ് ലൈനുകളിലെ പരിശോധന പ്രധാനപ്പെട്ടതാണ്. വാഹനത്തില്‍നിന്ന് ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഏതെങ്കിലും തരത്തില്‍ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാല്‍ സ്വയം പരിഹരിക്കാന്‍ നില്‍ക്കാതെ സര്‍വീസ് സെന്ററില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക.
  • വാഹനം മോടിപിടിപ്പിക്കുന്നതിനായി മെക്കാനിക്കലായും ഇലക്ട്രിക്കലായും വരുത്തുന്ന മാറ്റങ്ങള്‍ അപകടകരമാണ്. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളവയും നിയമവിധേയവുമായ പാര്‍ട്‌സുകള്‍ മാത്രം വാഹനത്തില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. അനാവശ്യമായ രൂപമാറ്റം ഒഴിവാക്കുക.
  • വാഹനങ്ങളുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ കൃത്യമായി നിരീക്ഷിക്കണം. ഇതില്‍ വാഹനം സര്‍വീസ് ചെയ്യുന്നതിനോ ഓയില്‍ മാറ്റുന്നതിനോ ഉള്ള വാണിങ്ങ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് മാറ്റിവെക്കാതെ സമയബന്ധിതമായി ചെയ്യാന്‍ ശ്രമിക്കുക. മീറ്ററില്‍ വാഹനത്തിന്റെ ഹീറ്റ് ഉയരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹനം ഓഫ് ചെയ്യുകയും സര്‍വീസ് സെന്ററിന്റെ സഹായം തേടുകയും ചെയ്യുക.
  • വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനൊപ്പം കുപ്പിയിലും മറ്റും ഇന്ധനം വാങ്ങി വാഹനത്തില്‍ സൂക്ഷിക്കുന്നത് തെറ്റായ പ്രവണതയാണ്. വാഹനത്തിനുള്ളില്‍ ക്യാനുകളിലോ കുപ്പുകളിലോ ഇന്ധനം വാങ്ങി സൂക്ഷിക്കാന്‍ പാടില്ല.
  • കഴിഞ്ഞ ദിവസം കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായ വാഹനത്തില്‍ പെര്‍ഫ്യൂമും സാനിറ്റൈസറും ഉണ്ടായിരുന്നുവെന്നും അത് തീ പടരാന്‍ കാരണമായി എന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രഥമിക നിഗമനം. ലൈറ്ററുകള്‍, സാനിറ്റൈസറുകള്‍, സ്‌പ്രേകള്‍, തീപ്പെട്ടി തുടങ്ങിയവ വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക.
  • തീപ്പിടിത്തത്തിന് കാരണമാകുന്നില്ലെങ്കിലും തീ ആളിപ്പടരാന്‍ കാരണമാകുന്ന വസ്തുകളാണ് സീറ്റ് കവറുകള്‍ക്കായി ഉപയോഗിക്കാറുള്ള റെക്‌സിനുകളും പോളിസ്റ്റര്‍ തുണികളും. വാഹനത്തിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതു കുറയ്ക്കുക.
കഴിഞ്ഞ ദിവസം തൃശൂരില്‍ ബസിന് തീപിടിച്ചപ്പോള്‍ | Photo: Mathrubhumi

എന്തുചെയ്യും?

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ തീപ്പിടിത്തമുണ്ടായ കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍ സ്വീകരിച്ചത് ഒരു പരിധിവരെ മികച്ച പ്രതിരോധ മാര്‍ഗമായിരുന്നു. എന്‍ജിന്‍ ഏരിയയില്‍നിന്ന് പുക ഉയര്‍ന്നതോടെ വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യുകയും യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ ഉപയോഗിച്ച് തീയണയ്ക്കുകയുമായിരുന്നു. വാഹനം നിര്‍ത്തുകയും എന്‍ജിന്‍ ഓഫ് ചെയ്യുകയും ചെയ്യുന്നതിലൂടെ തീ കൂടുതല്‍ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു.

തീപ്പിടിത്തമുണ്ടായാല്‍ ഉടൻതന്നെ വാഹനം നിര്‍ത്തുകയും എന്‍ജിന്‍ ഓഫ് ചെയ്യുകയുമാണ് ആദ്യം ചെയ്യേണ്ടത്. കാരണം തീ പടര്‍ന്ന് വാഹനത്തിലെ വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കായി തുറക്കാന്‍ പറ്റാതാകുകയും ഗ്ലാസുകള്‍ താഴ്ത്താന്‍ കഴിയാതെയുമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിന്‍ഡോ ഗ്ലാസ് പൊട്ടിക്കുകയാണ് മറ്റൊരു മാര്‍ഗം. മുന്‍നിര സീറ്റുകളില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ റെസ്റ്റ് ഊരിയെടുക്കാവുന്നതാണ്. ഇതിന്റെ താഴ്ഭാഗം കൂര്‍ത്തതാണ്. ഇതുപയോഗിച്ച് ഗ്ലാസുകള്‍ കുത്തിപ്പൊട്ടിക്കാന്‍ സാധിക്കും. ഇതിന് കഴിയുന്നില്ലെങ്കില്‍ സീറ്റില്‍ കിടന്ന് ഗ്ലാസ് ചവിട്ടി പൊട്ടിക്കാനും ശ്രമിക്കാം. ബസ് പോലെയുള്ള വാഹനങ്ങളില്‍ ഇപ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റിന് സമീപം ചെറിയ ചുറ്റിക പോലുള്ള വസ്തു നല്‍കിയിട്ടുണ്ട്. പുതുതായി എത്തുന്ന ചില കാറുകളിലും മറ്റും ഫയര്‍ എസ്റ്റിങ്യൂഷറുകളും നല്‍കുന്നുണ്ട്.

Inputs: MVD Kerala

Content Highlights: Reasons for vehicle caught fire, How to avoid vehicle catches fire, vehicle protection tips

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Maruti Jimny

5 min

കാടും മലയും പുഴയുമൊന്നും സീനല്ല;' ഫുൾ പവറാണ്' ജിമ്നി| ടെസ്റ്റ് ഡ്രൈവ് അനുഭവം

May 27, 2023


Cycle caravan

1 min

സൈക്കിളില്‍ കിടപ്പുമുറി ഉള്‍പ്പെടെയുള്ള കാരവാന്‍; ഹൈടെക്കായി കേരളംചുറ്റി അമ്മയും മകനും| Video

Nov 2, 2022


Tourist Bus

3 min

ബസിന്റെ നിറവും അപകടവും തമ്മില്‍ എന്ത് ബന്ധം, വെള്ളയടിച്ചാല്‍ സേഫാകുമോ...

Oct 18, 2022

Most Commented