ഡൽഹി ഓട്ടോ എക്സ്പോയിൽ രത്തൻ ടാറ്റ, നാനോ കാർ പ്രദർശിപ്പിച്ചപ്പോൾ | Photo: AP File
ഇന്ത്യയുടെ വാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനങ്ങളിലൊന്നാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നാനോ എന്ന കുഞ്ഞന്‍ കാര്‍. സാധാരണക്കാരനെയും കുറഞ്ഞ വരുമാനമുള്ളവരെയും കാര്‍ എന്ന സ്വപ്നം കാണാന്‍ പ്രാപ്തമാക്കിയ വാഹനം. മഴ നനയാതെയും വെയിലേല്‍ക്കാതെയും യാത്ര ചെയ്യാന്‍ കഴിയുന്ന ഫോര്‍ വീലര്‍ എന്ന ആശയത്തില്‍ തുടങ്ങിയ ഈ വാഹനം നാളുകള്‍ക്കുള്ളില്‍ എ.സി, പവര്‍ സ്റ്റിയറിങ്ങ്, അലോയി വീല്‍ തുടങ്ങിയ ഫീച്ചറുകളുമായി നിരത്തുകളില്‍ എത്തിയിരുന്നു.
ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍- സ്കൂട്ടര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് നാനോ എന്ന കോംപാക്ട് സിറ്റി കാര്‍ എത്തിക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരുന്നത്. 2008-ല്‍ ആദ്യമായി നാനോ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാല്‍, 2018- ആയപ്പോഴേക്കും 2.05 ലക്ഷം രൂപ മുതല്‍ 2.97 ലക്ഷം രൂപ വരെയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോള്‍-സി.എന്‍.ജി. ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളുമുണ്ടായിരുന്നു.
ഒരു ബിസിനസിന് അപ്പുറം നാനോ എന്ന കോംപാക്ട് സിറ്റി കാര്‍ ഒരുങ്ങിയതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ആളുകള്‍ക്കും കാര്‍ എന്ന വാഹനം ലഭ്യമാക്കുക എന്നതായിരുന്നു നാനോ എന്ന വാഹനം ഒരുങ്ങിയതിന് കാരണം. നാനോ എന്ന വാഹനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻഎമിരറ്റസ് രത്തന്‍ ടാറ്റ.

നാനോ എന്ന വാഹനം നിര്‍മിക്കാന്‍ പ്രചോദനമായതും അത്തരത്തിലൊരു വാഹനം നിര്‍മിക്കാനുള്ള ആഗ്രഹം ഉണ്ടായതും എന്റെ യാത്രകളില്‍ ഞാന്‍ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു. അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബം. എല്ലാ യാത്രകളിലും അച്ഛന്റെയും അമ്മയുടെയും മധ്യത്തില്‍ ആ കുട്ടി ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് കാണുമായിരുന്നു. ഏത് കാലാവസ്ഥയിലും വഴുവഴുപ്പുള്ള റോഡിലുമെല്ലാം അവര്‍ ഇങ്ങനെയാണ് യാത്ര ചെയ്തിരുന്നത്.
ഈ കാഴ്ച സ്ഥിരമായതോടെ ഇരുചക്ര വാഹനങ്ങളിലെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ ആലോചിച്ച് തുടങ്ങി. സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചിരുന്നതിന്റെ ഒരു ഗുണമെന്നോണം ഒഴിവ് സമയങ്ങളില്‍ ഡൂഡില്‍ ചെയ്യുന്ന ശീലമുള്ള ആളായിരുന്നു ഞാന്‍. ഡൂഡിലുകള്‍ ഉപയോഗിച്ച് അതിനുള്ള മാര്‍ഗങ്ങള്‍ ചിത്രീകരിച്ച് തുടങ്ങി. ഇതുവഴി ഇരുചക്ര വാഹനത്തില്‍ നാല് ചക്രങ്ങള്‍ നല്‍കിയുള്ള ചിത്രങ്ങള്‍ വരച്ച് തുടങ്ങിയിരുന്നു.
എന്നാല്‍, ഈ ചിത്രങ്ങളിലൊന്നും വാഹനത്തിന് വാതിലുകളില്ല, ജനാലകളുമില്ല. നാല് ചക്രങ്ങള്‍ മാത്രം. ഒരു ബഗ്ഗിയായാണ് ഇതിനെ തോന്നിയത്. അതോടെ ഇത് ഒരു കാറാക്കി മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ ഒരു തീരുമാനത്തില്‍ നിന്നാണ് നോനോ എന്ന കുഞ്ഞന്‍ വാഹനം പിറവിയെടുക്കുന്നത്. നാനോ എപ്പോഴും നമുക്കിടയിലെ ആളുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഇങ്ങനെയാണ് നാനോ കാര്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത് രത്തന്‍ ടാറ്റ വിശേഷിപ്പിക്കുന്നത്.

2018-ന്റെ അവസാനത്തോടെയാണ് നാനോയുടെ ഉത്പാദനം ടാറ്റ മോട്ടോഴ്സ് അവസാനിപ്പിക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യയിലെ വാഹന വിപണിയില്‍ 300-ല്‍ താഴെ മാത്രം നാനോ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുള്ളതെന്നാണ് വിവരം. 624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്സ്മിഷന് നല്‍കിയിരുന്ന ഈ വാഹനത്തിന് 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ടായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ ആഗ്രഹപ്രകാരമെത്തിയ ഈ വാഹനം പ്രതീക്ഷിച്ച ലാഭമുണ്ടാക്കിയില്ലെന്നത് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചു. കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം നാനോ വരുത്തി വച്ച 1000 കോടിയുടെ നഷ്ടമാണെന്നാണ് ടാറ്റയില്‍ നിന്ന് പടിയിറങ്ങിയ ശേഷം ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ സൈറസ് മിസ്ത്രി വെളിപ്പെടുത്തിയത്. ടാറ്റ മോട്ടോര്‍സ് 2008-ല്‍ ഒരു ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച നാനോയ്ക്ക് അതിലേറെ വന്ന നിര്‍മാണ ചെലവ് പലപ്പോഴും വെല്ലുവിളിയായിരുന്നു. നഷ്ടത്തിലാണെന്നറിഞ്ഞിട്ടും വൈകാരിമായ കാരണങ്ങളാല്‍ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കാതിരുന്നതാണ് വലിയ നഷ്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
.jpg?$p=4f0f3ff&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..