പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കാശി വിശ്വനാഥനെ കണ്ടുതൊഴാന്‍ നരേന്ദ്ര മോദി എത്തിയത് പുതിയ താരത്തിലേറിയായിരുന്നു. റേഞ്ച് റോവറിന്റെ 'എല്‍.ഡബ്ല്യു.ബി. വോഗി'ലായിരുന്നു പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ കന്നിയാത്ര. തന്റെ വാഹനവ്യൂഹത്തില്‍ 'റേഞ്ച്റോവര്‍' കാറുകള്‍ക്കായിരുന്നു മോദി പ്രാധാന്യം കൊടുത്തിരുന്നത്. കഴിഞ്ഞ ഭരണകാലത്ത് 'റേഞ്ച്റോവര്‍ സ്‌പോര്‍ട്ട്' ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം. ഇത്തവണ ആദ്യവരവില്‍ തന്നെ റേഞ്ച്റോവറിന്റെ വോഗ് ആണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തി പുതുക്കിയെടുത്തതാണിത്. 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തുനല്‍കുന്ന വോഗില്‍ വി 6 സൂപ്പര്‍ ചാര്‍ജ് എന്‍ജിനാണ്. ഇത് 6400 ആര്‍.പി. എമ്മില്‍ 340 എച്ച്.പി. കരുത്തുനല്‍കും. 3500 ആര്‍.പി.എം മുതല്‍ 5000 ആര്‍.പി.എമ്മിനിടയില്‍ 450 എന്‍.എം. ടോര്‍ക്കും നല്‍കും.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണിതിന്. പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗമെടുക്കാന്‍ ഈ വാഹനത്തിന് 7.8 സെക്കന്റുകള്‍ മതി. 209 കിലോമീറ്ററാണ് കൂടിയ വേഗം. വിപണിയില്‍ ഇപ്പോള്‍ രണ്ട് മോഡലുകളാണുള്ളത്. 3.0 ലിറ്റര്‍ പെട്രോള്‍ എല്‍.ഡബ്ല്യു.വി. വോഗും എല്‍.ഡബ്ല്യു.ഇ. വോഗ് എസ്.ഇ.യും. ഇതില്‍ ആദ്യത്തേതിന് 1.92 കോടിയും രണ്ടാമത്തെ മോഡലിന് 2.11 കോടിയുമാണ് വില.
ഈ വിഭാഗത്തില്‍ നീളവും വീതിയും കൂടുതലുള്ള മോഡലാണിത്. സാധാരണയായി ഇതില്‍ ടെറൈന്‍ റെസ്‌പോണ്‍സ്, ഓള്‍ ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഉപയോഗത്തിനും സുരക്ഷയ്ക്കും വേണ്ടി കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ കമ്പനി നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. പൊട്ടാത്ത ചില്ലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാട്ടര്‍പ്രൂഫിങ്ങുമെല്ലാം ഇതിലുണ്ടാവും.
'അംബാസഡര്‍' കാറായിരുന്നു പണ്ട് രാഷ്ട്രത്തലവന്‍മാരുടെ ഇഷ്ടവാഹനം. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോഴായിരുന്നു 'ബി.എം. ഡബ്ല്യു. സെവന്‍ സീരീസ് 760 ഐ'യിലേക്ക് മാറിയത്. പിന്നീട് നരേന്ദ്ര മോദിയുടെ ആദ്യകാലത്തും ഈ വാഹനംതന്നെ ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കി നല്‍കിയതായിരുന്നു ഇത്. സുരക്ഷാ അവംലംബമായ വി.ആര്‍. സെവന്‍ ക്ലാസിഫൈഡില്‍ പെട്ടതായിരുന്നു ഈ വാഹനം.
ബോംബുകളേയും എ.കെ. 47 പോലുള്ള തോക്കിലെ വെടിയുണ്ടകളേയും പ്രതിരോധിക്കുന്നതായിരുന്നു ഈ കാര്‍. ഓക്‌സിജന്‍ ടാങ്കിന് പുറമേ മൈനുകളെ പ്രതിരോധിക്കാനായി നാല് ടണ്ണോളം ഭാരമുള്ള ഇരുമ്പ് പാളി അടിയിലും സ്ഥാപിച്ചിരുന്നു. ടയര്‍ പൊട്ടിയാലും വേഗംകുറയാതെ 80 കിലോമീറ്ററോളം ഓടാനുള്ള ശേഷിയും ഇതിനുണ്ടായിരുന്നു. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.7 സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു ഇതിന്.
പിന്നീട് നരേന്ദ്ര മോദിയും ഇത് ഉപയോഗിച്ചുവെങ്കിലും റേഞ്ച്‌റോവറിലേക്ക് മാറി. റേഞ്ച്‌റോവര്‍ സ്‌പോര്‍ട്ട് ആയിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. സുരക്ഷാ സൗകര്യങ്ങള്‍ കൊണ്ട് നിറച്ചതെങ്കിലും മുഴുവനായും തുറക്കാവുന്ന മേല്‍ക്കൂരയായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണം. 2010 മോഡല്‍ റേഞ്ച്‌റോവര്‍ സ്‌പോര്‍ട്ട് എച്ച്.എസ്.ഇ. യായിരുന്നു ഇത്. 5.0 ലിറ്റര്‍ വി എട്ട് എന്‍ജിനായിരുന്നു കരുത്ത്. 375 ബി.എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കുന്ന എന്‍ജിന്റെ കൂടിയ വേഗം 218 കിലോമീറ്ററായിരുന്നു.
ഇതിനും സുരക്ഷയുടെ കാര്യത്തില്‍ വി. ആര്‍. 7 ഗ്രേഡ് ഉള്ളതായിരുന്നു. വാതക പ്രയോഗത്തില്‍ നിന്ന് രക്ഷനേടാനായി പ്രത്യേകമായി തയ്യാറാക്കിയ ഗ്യാസ് സേഫ് ചേമ്പറും ഉണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായി സ്വയം അടയുന്ന ഇരുമ്പ് കവചമുള്ള ഇന്ധന ടാങ്ക്, അഗ്‌നിപ്രതിരോധ സംവിധാനം, ബുള്ളറ്റ് പ്രൂഫ് ബോഡി, ചില്ലുകള്‍, അടിയില്‍ ഇരുമ്പ് പ്ലേറ്റുകള്‍ എന്നിവയുണ്ട്.
എന്നാല്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തില്‍ തുടരുന്നത് പ്രതിരോധ സംവിധാനങ്ങളടങ്ങിയ 'ബി. എം.ഡബ്ല്യു. എക്‌സ് ഫൈവു'കളാണ്. പ്രധാനമന്ത്രിയുടെ പുതിയ വാഹനമായ റേഞ്ച്‌റോവര്‍ വോഗും പ്രതിരോധകാര്യത്തില്‍ മുന്നില്‍ തന്നെയാണ്.
Content Highlights: Range Rover Vogue LWB; PM Modi Official Vehicle