വാഹനങ്ങളിലെ സുരക്ഷ എത്രത്തോളമുണ്ടെന്ന് കണക്കാക്കാനുള്ള ഇടിപ്പരീക്ഷയില്‍ (ക്രാഷ് ടെസ്റ്റ്) മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി റേഞ്ച് റോവര്‍ വെലാര്‍. യുറോ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ലാന്‍ഡ് റോവറിന്റെ ഐക്കണിക് മോഡലായ റേഞ്ച് റോവര്‍ വെലാര്‍ സുരക്ഷ ഉറപ്പാക്കിയത്. ക്രാഷ് ടെസ്റ്റില്‍ ആകെ 5 സ്റ്റാര്‍ റേറ്റിങ്ങില്‍ 5 സ്റ്റാറും സ്വന്തമാക്കാന്‍ വെലാറിന് സാധിച്ചു. ഇതോടെ അത്യാഡംബര എസ്.യു.വികളില്‍ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നായി വെലാര്‍ മാറി. 

നിലവില്‍ യൂറോപ്യന്‍ ക്രാഷ് ടെസ്റ്റില്‍ ഏറ്റവും സുരക്ഷിത വാഹനം എന്ന സല്‍പ്പേരിനുടമ വോള്‍വോ XC 90 ആണ്. എന്നാല്‍ അപകട സാഹചര്യങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ XC 90-യെക്കാള്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ വെലാറിന് സാധിച്ചു. 74 ശതമാനമാണ് കാല്‍നട യാത്രക്കാര്‍ക്കുള്ള സുരക്ഷ. ഡമ്മി യാത്രക്കാരെ ഉപയോഗിച്ച് നടത്തിയ ഇടിപ്പരീക്ഷയില്‍ മുന്‍നിരയിലെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 93 ശതമാനം സുരക്ഷയും പിന്‍നിരയിലെ കുട്ടികള്‍ക്ക് 85 ശതമാനം സുരക്ഷയും വെലാറില്‍ ലഭിക്കുമെന്ന് കണ്ടെത്തി.

ടാറ്റാ മോട്ടോഴ്സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന വാഹനമെന്നാണ് വെലാര്‍ അറിയപ്പെടുന്നത്. അദേഹത്തിന്റെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും കമ്പനി പൂര്‍ത്തീകരിച്ചത്. നിലവില്‍ വെലാര്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ നിരത്തില്‍ വെലാറില്‍ കമ്പനി നടത്തിയ ടെസ്റ്റ് റൈഡ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വാഹനം അവതരിക്കുമെന്നാണ് സൂചന. റേഞ്ച് റോവര്‍ നിരയിലെ നാലാമനായ വെലാര്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് പിറവിയെടുത്തത്. 

Range Rover Velar
courtesy; Landrover

ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ്. ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇതാണ്. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും.  ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വെലാറിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ പതിപ്പിന് 79 ലക്ഷം രൂപയും ടോപ് സ്‌പെക്ക് ഡീസല്‍ പതിപ്പിന് 1.18 കോടിയുമാണ് എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാനുള്ള കാരണം. 

ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്‌പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികള്‍. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും. ഇതില്‍ 2.0 ലിറ്റര്‍ 4X4 റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് ക്രാഷ് ടെസ്റ്റ് വിജയകരമായി അതിജീവിച്ചത്. എട്ട് എയര്‍ബാഗ്, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് സീറ്റ്, സ്പീഡ് അസിസ്റ്റന്‍സ്, ലാന്‍ അസിസ്റ്റ് സിസ്റ്റം, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിങ്‌ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ ഈ പതിപ്പിലുണ്ട്.

Velar
Courtesy; LandRover

2.0 ലിറ്റര്‍ ഇഗ്നീഷ്യം പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും.