പെയ്തൊഴിഞ്ഞ മഴ വരച്ച ചിത്രങ്ങളായിരുന്നു പാതയില്‍ മുഴുവനും... കരിങ്കറുപ്പിലേക്ക് മഴ ഒഴുക്കിക്കൊണ്ടുവന്ന ചെളിയുടെ കടുത്തനിറങ്ങളായിരുന്നു റോഡുമുഴുവന്‍. അതും കൂടാതെ, മഴയുടെ ശക്തികാണിച്ച ഗര്‍ത്തങ്ങളും. തണുത്തകാറ്റും ചന്നംപിന്നം പെയ്യുന്ന മഴയും ഹൈറേഞ്ച് യാത്രയ്ക്ക് കൂട്ടായി ഒപ്പംകൂടി. ടാറിട്ട റോഡില്‍ നിന്ന് ചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞപ്പോഴും കൈയിലുള്ള 'റേഞ്ച്റോവറി'ന് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. ഇതിനുമുമ്പും കരുത്ത് കാണിച്ചുതന്നതിനാല്‍ അക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. 

ഇത്തവണ കൈയില്‍ കിട്ടിയത് ഇവോക്കിന്റെ ലാന്‍ഡ്മാര്‍ക്ക് എഡിഷനായിരുന്നു... കരിനീലനിറത്തില്‍ കുളിച്ച കരുത്തന്‍. കാഴ്ചയില്‍ റേഞ്ച്റോവറിന്റെ സ്ഥായിയായ രൂപത്തിന് മാറ്റമൊന്നുമില്ല. എന്നാല്‍, ചില മിനുക്കുപണികള്‍ കൂടി നടത്തിയെന്നുമാത്രം. അഞ്ച് സീറ്റിലെ ആഡംബരവും കരുത്തും ഒരുമിച്ചു. 

പുറത്ത് പ്രധാനമായും എടുത്തുപറയേണ്ടത് പുതിയ അലോയ് വീലുകളാണ്. പതിനെട്ട് ഇഞ്ച് സ്പ്ലിറ്റ് സ്‌പോക്ക് അലോയ് വീലുകളാണ്. ചന്തംകൂട്ടാന്‍ തിളങ്ങുന്ന കറുപ്പ് ചാലിച്ചിട്ടുണ്ട്. വീലിന്റെ നടുവില്‍ ലാന്‍ഡ് റോവറിന്റെ പ്രസിദ്ധ ലോഗോയും ചന്തത്തിനുണ്ട്. സിങ്കിള്‍ ടോണ്‍ മാറി, ഇരുനിറമാണ് ഈ ലിമിറ്റഡ് എഡിഷന്റെ മറ്റൊരു പ്രത്യേകത. മുകളില്‍ നിന്ന് ചാരനിറം സൈഡ്പാനലുകളിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു. ഒന്ന് പോരാതെ രണ്ട് ഷാര്‍ക്ടെയ്ല്‍ ആന്റിനകളും ഹുഡിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. പൂര്‍ണമായും ഒഴുകിനീങ്ങുന്ന പനോരമിക് സണ്‍റൂഫാണ്. സുരക്ഷയ്ക്കായി അത് തുറക്കാന്‍ കഴിയില്ല. 

മുകളിലെ ചില്ലില്‍ പൊഴിയുന്ന മഴത്തുള്ളികളും പെയ്തലയ്ക്കുന്ന മഴയും പൂര്‍ണമായും കണ്ട്, ആസ്വദിച്ചുള്ള യാത്രയുടെ സുഖം ഒന്നു വേറെതന്നെയാണ്. റേഞ്ച്‌റോവറിന്റെ മുഖമുദ്രയായ കടുത്ത ഷോള്‍ഡര്‍ ലൈനുകളും വീല്‍ ആര്‍ച്ചുകളും അതുപോലെ ഇവോക്കിലും തുടരുന്നുണ്ട്. 

evoque

കീലെസ് എന്‍ട്രി വാഗ്ദാനം ചെയ്യുന്ന താക്കോലില്‍ത്തന്നെ ഡിക്കിയും തുറക്കാം. മൊത്തം കനം കൂടുതലായതിനാല്‍ ഡിക്കി അടയ്ക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ല. കാരണം, തൊട്ടാല്‍ തനിയേ അടയുന്നതാണ് ഡിക്കി ഡോറും. താഴെയുള്ള സ്വിച്ചില്‍ പതുക്കെ തൊട്ടാല്‍ മതി, സ്വയം അടഞ്ഞോളും. അകത്തും അധികമായി മാറ്റങ്ങള്‍ വന്നിട്ടില്ല. സീറ്റിന്റെ തുകല്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം ഫോര്‍മാറ്റിലുള്ള കറുപ്പുനിറം തന്നെയാണ് അകത്തളത്തിന് ഭംഗികൂട്ടുന്നത്. ഡാഷിലെ ലതര്‍റാപ്പിനും ഗുണം കൂടിയിട്ടുണ്ട്. മൂന്നു രീതിയില്‍ സെറ്റു ചെയ്തിരിക്കുന്നതാണ് മുന്നിലെ സീറ്റുകള്‍. ബാക്കി വേണമെങ്കില്‍ നമുക്ക് ക്രമീകരിക്കാം.

ഡാഷ്ബോര്‍ഡും സെന്‍ട്രല്‍ കണ്‍സോളും കറുത്തസാറ്റിനും ബ്രഷ്ഡ് അലുമിനീയം ട്രിമ്മുമായി സുന്ദരമാക്കിയിരിക്കുന്നു. സെന്‍ട്രല്‍ കണ്‍സോളിലുള്ള നോബുകളും സ്വിച്ചുകളുമെല്ലാം റേഞ്ച്‌റോവര്‍ ശ്രേണിയിലേതുപോലെതന്നെ തുടരുന്നുണ്ട്. 

ബോഡികളറില്‍ തുടരുന്ന ഡോര്‍പാനലുകള്‍, ക്സെനോണ്‍ ഹെഡ്ലൈറ്റുകള്‍ ഫ്‌ളോട്ടിങ് എല്‍.ഇ. ഡി. ഇന്‍ഡിക്കേറ്ററുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിവ ഇതിലും തുടരുന്നുണ്ട്. പനോരമിക് സണ്‍റൂഫ് ഇതിലുമുണ്ട്. ഏകദേശം പൂര്‍ണമായും തുറക്കുന്നതാണ് മുകള്‍ഭാഗം. അതുകൊണ്ടുതന്നെ ചില്ലുകൂട് തുറക്കാന്‍കഴിയില്ല. സുരക്ഷ ഇവിടെ പ്രധാനമാകുന്നു. എന്നാലും മഴത്തുള്ളികള്‍ പതിഞ്ഞതാളത്തില്‍  മുകളില്‍ വന്നു പതിക്കുന്നത് കണ്ടിരിക്കാന്‍തന്നെ സുഖമാണ്.

ഡീസലില്‍ മാത്രമാണ് സിഗ്‌നേച്ചര്‍ എഡിഷന്‍ വരുന്നത്. ഡ്രൈവിങ്ങില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മുമ്പും പ്രകടനം കാഴ്ചവെച്ചതാണ്. അതിനാല്‍, കോഴിക്കോട്ടെ മലനിരകളിലേക്ക് കൊണ്ടുപോകാന്‍ അധികം സംശയമൊന്നുമുണ്ടായില്ല. കൂട്ടിന് ഫോര്‍വീല്‍ ഡ്രൈവ് കൂടി ആയതിനാല്‍ ഭയം തെല്ലുമുണ്ടായില്ല. മഴപെയ്ത് ചെളിയായ റോഡും അനായാസേന തരണംചെയ്യുന്നുണ്ടായിരുന്നു. ഒന്‍പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായതിനാല്‍ ഗിയര്‍മാറ്റിക്കളിക്കേണ്ട. കമ്പനിക്കണക്കനുസരിച്ച്  നൂറ് കിലോമീറ്റര്‍ വേഗമെത്താന്‍ ഒന്‍പത് സെക്കന്‍ഡ് മതി. 

Specification

Length 4360 mm
Width 2120 mm
Height 1635 mm
Wheelbase 2660 mm
Ground Clearance 210 mm
Boot Space 550 L
Minimum Turning Radius 5.69 m
Engine Type 2.0l TD4 Diesel Engine
Displacement 1999 CC
Power 177 bhp@4000 rpm
Torque 430 Nm@1750-2500 rpm
Drive Train 4WD
Price 53.9 lakh ( Ex. showroom, kochi)

Content Highlights; Range Rover Evoque test drive, Evoque landmark edition, Range Rover Evoque review, Evoque landmark test drive, Evoque Landmark edition