ബ്ബര്‍മരങ്ങള്‍ നിഴലിട്ട വിശാലമായ കുന്നിന്‍പുറം. അവയ്ക്കിടയിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന ചെമ്മണ്‍പാത. പാതയെന്ന് പറഞ്ഞുകൂടാ. കല്ലിന്‍കഷണങ്ങളും വലിയ പുല്ലും പടര്‍ന്നുകിടക്കുന്ന വഴിയുടെ അരികില്‍ ടയര്‍പ്പാടുകള്‍ മാത്രം കാണാം. മുകളിലേക്ക് കയറുംതോറും കൂടുതല്‍ ദുര്‍ഘടമാകുന്നു, ഉരുളന്‍ പാറക്കല്ലുകളും ചെങ്കുത്തായ കയറ്റവും ഇറക്കവും. പക്ഷേ, അതൊന്നും റേഞ്ച്റോവര്‍ എന്ന അതിസാഹസികനെ തളര്‍ത്തുന്നതായിരുന്നില്ല.

തൊടുപുഴയ്ക്കടുത്ത് ഒരു റബ്ബര്‍ പ്ലാന്റേഷനില്‍ ലാന്‍ഡ്റോവര്‍ ഒരുക്കിയ സാഹസികയാത്രയുടെ തുടക്കമായിരുന്നു അത്. ലാന്‍ഡ്‌റോവര്‍ എന്ന ആഡംബരത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഓഫ് റോഡ് ഡ്രൈവിന്റെ സാധ്യതകള്‍ മനസ്സിലാക്കുക, ദുര്‍ഘട യാത്രകളില്‍ വാഹനത്തിന്റെ പ്രകടനം നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു 'ലാന്‍ഡ്റോവര്‍ എബൗവ് ആന്‍ഡ് ബിയോണ്ടി'ലൂടെ ലക്ഷ്യമിട്ടത്. 

രാജ്യത്തെ ഒന്‍പതിടങ്ങള്‍ക്ക് ശേഷമാണ് ലാന്‍ഡ്റോവറിന്റെ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ കൊച്ചിയിലെത്തിയത്. ഓഫ് റോഡ് എങ്ങനെ അനുഭവിച്ചറിയാം എന്നതിനുള്ള നേര്‍സാക്ഷ്യം കൂടിയായി ഈ ഡ്രൈവ്.

Range Rover

കളി തുടങ്ങുന്നു

റേഞ്ച്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടും ഇവോക്കുമായിരുന്നു തൊട്ടുകളിക്കാന്‍ നല്‍കിയത്. തൊടുപുഴയിലെ മാടപ്പറമ്പില്‍ റിസോര്‍ട്ടിന് മുന്നില്‍ നിരന്നുകിടക്കുന്നുണ്ടായിരുന്നു ഏഴെണ്ണം. ആദ്യം സുരക്ഷയേയും അപകടസാധ്യതകളേയും കുറിച്ചൊരു മുന്നറിയിപ്പ് ക്ലാസ്. അവിടെനിന്ന് ലാന്‍ഡ്റോവറിന്റെ പരിചയസമ്പന്നരായ പരിശീലകരുടെ കൈകളിലേക്ക്. ഇനി ഒരു മണിക്കൂറോളം കടിഞ്ഞാണ്‍ അവരുടെ ൈകയിലാണ്. തുടര്‍ന്ന് നറുക്കിട്ടു കിട്ടിയ നീല ഡിസ്‌കവറി സ്‌പോര്‍ട്ടിലേക്ക്. 

റിസോര്‍ട്ട് മുതല്‍ ഡ്രൈവ് നടത്തുന്ന പ്ലാന്റേഷന്‍ വരെ വളയം സംരക്ഷകന്റെ ൈകയില്‍ത്തന്നെ. ഒരു കിലോമീറ്റര്‍ പോയശേഷം വണ്ടി കാടുകയറാന്‍ തുടങ്ങി. ഡ്രൈവ് തുടങ്ങാനുള്ള സ്ഥലത്തെത്തിയപ്പോള്‍ കാണുന്നത് നിര്‍ത്തിയിട്ട ആംബുലന്‍സാണ്. സാരഥിയായ ആഷിഷ് ആശ്വസിപ്പിച്ചു. അത് ഒരു നടപടിക്രമത്തിനു വേണ്ടി മാത്രമാണ്. പറഞ്ഞശേഷം അദ്ദേഹം ഡ്രൈവിങ് സീറ്റില്‍നിന്ന് മാറി. ഒരു ഗുഡ്ലക്കും തന്നു. പോകേണ്ട വഴിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ രണ്ട് ടയര്‍പ്പാടുകള്‍ മുകളിലേക്ക് കയറിപ്പോകുന്നുണ്ട്. ഗുഡ്ലക്ക് എന്ന ആശംസയുടെ ഉദ്ദേശ്യശുദ്ധി ഏകദേശം മനസ്സിലായി. ഒട്ടും ഭയപ്പെടേണ്ട, എല്ലാം വണ്ടി നോക്കിക്കൊള്ളുമെന്നായിരുന്നു ആഷിഷിന്റെ മറുപടി.

Range Rover

അങ്ങനെ ആദ്യംതന്നെ ചാടിക്കടന്നത് ഒരു മണ്‍തിട്ടയായിരുന്നു. 212 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് വലിയ ബുദ്ധിമുട്ടില്ലാതെതന്നെ കടന്നു. പിന്നെ പതുക്കെ മലകയറ്റം തുടങ്ങി. അതിനിടെ വാഹനത്തിന്റെ ഓഫ് ഡ്രൈവ് സൗകര്യങ്ങളെക്കുറിച്ച് ആഷിഷ് വിശദമാക്കിക്കൊണ്ടിരുന്നു. മറ്റു ഓഫ്റോഡ് വാഹനങ്ങളെ നാണിപ്പിക്കുന്നതാണ് ഇതിലെ ഹില്‍ ഡിസെന്‍ഡ് കണ്‍ട്രോള്‍, എച്ച്.ഡി.സി. എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടും. മറ്റൊന്ന് ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റവും. ഓരോ പ്രതലത്തിനുമനുസരിച്ച് ടയറുകളിലേക്കുള്ള കരുത്ത് പ്രവഹിപ്പിക്കുന്നതാണ് ടി.ആര്‍.എസ്. ഗ്രാസ്, ഗ്രാവെല്‍, സ്‌നോ എന്നിവയ്ക്ക് ഒരു മോഡും മഡ്, സാന്‍ഡ് എന്നീ മോഡുകളുമാണുള്ളത്. 

കുന്നും മലയും പുല്ലും മാത്രമായതിനാല്‍ ഇവിടെ നമ്മള്‍ രണ്ട് മോഡുകളില്‍ മാത്രമേ പരീക്ഷണം നടത്തിയുള്ളു. ഒന്നാം ഗിയറിനു പകരം രണ്ടാം ഗിയറിലായിരിക്കും വാഹനം ഈ മോഡില്‍ ഓടുന്നത്. അതിനാല്‍ കുറഞ്ഞ ടോര്‍ക്കില്‍ വാഹനം പതുക്കെ നീങ്ങും. വഴുക്കുള്ള പ്രതലത്തില്‍ വാഹനത്തിന് കൂടുതല്‍ ദൃഢത ഇത് നല്‍കും. മറ്റൊന്ന് ഹില്‍ ഡിസെന്‍ഡ് കണ്‍ട്രോളാണ്. ഏത് വലിയ കയറ്റത്തിലും ഇറക്കത്തിലും സ്പീഡ് സ്വയം നിയന്ത്രിച്ച് വാഹനം സ്വയം ഡ്രൈവ് ചെയ്യുന്ന അതിശയമാണിത്. 

Range Rover

ഇത് സെറ്റ് ചെയ്യുക, സ്പീഡ് സെറ്റ് ചെയ്യുക. ആക്‌സിലറേറ്ററില്‍ നിന്നും ബ്രേക്കില്‍ നിന്നും കാലെടുക്കുക. സ്റ്റിയറിങ് വീലില്‍ മാത്രം ശ്രദ്ധിക്കുക. ഇതുമതി, ബാക്കി വണ്ടി നോക്കിക്കൊള്ളും. ആവശ്യത്തിന് ടോര്‍ക്ക് ഉപയോഗിച്ച്, സ്വയം ഗിയര്‍മാറ്റി സെറ്റ് ചെയ്ത സ്പീഡില്‍ കൂടാതെ വണ്ടി ഏത് മലയും കയറിക്കൊള്ളും. ഇത് നമ്മള്‍ റോഡില്‍ കണ്ടിട്ടുണ്ട്, ക്രൂയിസ് കണ്‍േട്രാള്‍ എന്ന പേരില്‍. എന്നാല്‍ ഇവിടെ ഓഫ് റോഡിങ്ങിലാണ് അതുപയോഗിക്കുന്നത്. 

മുന്നിലുള്ള ഇടുങ്ങിയ വഴിയിലൂടെ കുത്തനെ സ്റ്റിയറിങ്ങില്‍ മാത്രം കൈകൊടുത്ത് ഇരുന്നപ്പോള്‍ അറിഞ്ഞു, ഒമ്പത് സ്പീഡ് ട്രാന്‍സ്മിഷന്റെയും 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്റെയും കരുത്ത്. ഡാഷ്ബോര്‍ഡിലെ ഭീമന്‍ സ്‌ക്രീനില്‍ കാണാം വണ്ടിയുടെ ഓരോ പ്രവര്‍ത്തനവും. ചാഞ്ഞും ചരിഞ്ഞും മൂന്നുചക്രത്തിലും മറ്റും പോകുമ്പോള്‍ ആവശ്യമുള്ള ടയറുകളിലേക്ക് മാത്രം കരുത്ത് നല്‍കുന്നത് കാണാം. 

കയറ്റത്തില്‍ പണികിട്ടിയാല്‍ ഒരുകാല്‍ ബ്രേക്കിലും മറ്റൊരുകാല്‍ ആക്‌സിലറേറ്ററിലും വച്ച് സര്‍ക്കസ് കളിക്കുന്ന ശീലം ഇവിടെയും അറിയാതെ ഉപയോഗിക്കേണ്ടിവന്നു. എന്നാല്‍, ഇവിടെ ആ കളി വേണ്ടെന്ന് ആഷിഷ് താഴെനിന്നേ പറഞ്ഞു. വമ്പന്‍ കയറ്റങ്ങളില്‍ നിര്‍ത്തേണ്ടിവന്നാല്‍ മൂന്ന് സെക്കന്‍ഡ് സമയം ബ്രേക്കില്‍നിന്ന് കാലെടുത്താലും വണ്ടി പിന്നോട്ടുരുളില്ല. കാലെടുത്ത് ആക്‌സിലറേറ്ററിലേക്ക് വയ്ക്കാന്‍ ആ സമയം ധാരാളം മതി. കുത്തനെയുള്ള കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനത്തിന് ദൃഢത നല്‍കുന്ന വിധമാണ് നിര്‍മാണവും. 

മുന്‍ ബമ്പറും പിന്‍ ബമ്പറും കുത്തനെയുള്ള ഭാഗങ്ങള്‍ മറികടക്കുമ്പോള്‍ തട്ടുമെന്ന ഭീതിയും വേണ്ട. 600 മില്ലിമീറ്റര്‍ ആഴമുള്ള വെള്ളത്തില്‍വരെ സുന്ദരമായി ഡിസ്‌കവറി കടന്നുപോകും. ഡ്രൈവിനായി തയ്യാറാക്കിയ മണ്‍കൂനകള്‍ സാക്ഷി. ആക്‌സിലറേറ്ററില്‍ ഒന്നമര്‍ത്തിയാല്‍ ഒരു മുരള്‍ച്ചയോടെ അതിനെ നിഷ്പ്രഭമാക്കിയാണ് മുന്നോട്ടുള്ള കുതിപ്പ്. അങ്ങനെ രണ്ട് മലയും കയറി ഒരു മണിക്കൂറിന് ശേഷം തിരിച്ച് ഹൈവേയിലെത്തിയപ്പോഴും വണ്ടിക്ക് കുലുക്കമില്ല. മലകയറുമ്പോഴും ഹൈവേയിലും ആശ്ചര്യപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു ഡിസ്‌കവറിയുടേത്. തിരിച്ചിറങ്ങിയപ്പോള്‍ തോന്നിയത്.... വെറുതെയല്ല വണ്ടിഭ്രാന്തന്‍മാര്‍ ഉണ്ടാകുന്നത്.

Content Highlights: Range Rover Above And Beyond The Tour- Off Road Drive