രുമാനമില്ലാക്കാലത്ത് നികുതിയിളവിനായി ഫോം ജി സമര്‍പ്പിച്ച് സര്‍വീസ് നിര്‍ത്തിയിട്ട അയ്യായിരത്തോളം സ്വകാര്യ ബസുകള്‍ വെയിലും മഴയും കൊണ്ട് നശിക്കുന്നു. ഷെഡുകളില്ലാത്തതിനാല്‍ തോട്ടങ്ങളിലും മൈതാനങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്നവയാണ് ഇവ. കോവിഡ് രണ്ടാം തരംഗത്തില്‍ കയറ്റിയിട്ടവയാണേറെയും. 

ഫോം ജി സമര്‍പ്പിച്ച് കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടയിടത്തുനിന്ന് ചലിപ്പിക്കരുെതന്നാണ് ചട്ടം. ഇത്തരം ബസുകള്‍ സ്റ്റാര്‍ട്ടാക്കി എന്‍ജിനും ബാറ്ററിയും കേടാകാതെ സൂക്ഷിക്കാം. സര്‍ക്കാര്‍ നികുതിയിളവ് നല്‍കുമെന്നും ഉടന്‍ പുറത്തിറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബസുകള്‍ കയറ്റിയിട്ടത്. ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയുണ്ടായില്ല.

കോവിഡ് കാലത്തിന് മുമ്പ് പെട്രോള്‍ പന്പുകളിലും സ്വകാര്യ ബസ്സ്റ്റാന്‍ഡുകളുെട സമീപത്തുമായിരുന്നു മിക്ക സ്വകാര്യ ബസുകളും. കോവിഡ് കാലത്ത് ഈ സൗകര്യം നിലച്ചു. മിക്ക ബസ്സുടമകള്‍ക്കും ബസ് നിര്‍ത്തിയിടാന്‍ സ്വന്തമായി ഷെഡുകളില്ല. അതോടെയാണ് തോട്ടങ്ങളിലും മൈതാനങ്ങളിലും ഉപയോഗമില്ലാതെ കിടക്കുന്ന പറന്പുകളിലും ബസ് നിര്‍ത്തിയിട്ടുതുടങ്ങിയത്.

നികുതിയിളവിനായി ഫോം ജി സമര്‍പ്പിക്കുന്നതിനോടൊപ്പം വാഹനം എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് വ്യക്തമായി കാണിച്ചിരിക്കണം. ആവശ്യമെങ്കില്‍ ആര്‍.ടി. വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധിക്കും. റോഡോരത്ത് ബസ് നിര്‍ത്തിയിടരുത്. മറ്റൊരു വ്യക്തിയുടെ സ്ഥലത്താണ് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതെങ്കില്‍ ഫോം ജി-യ്‌ക്കൊപ്പം ഈ സ്ഥലമുടമയുടെ സമ്മതപത്രവും സമര്‍പ്പിക്കണം. നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയാല്‍ ആനുകൂല്യം നഷ്ടമാകും.

ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ 19,500 മുതല്‍ 36,000 രൂപ വരെയാണ് നികുതി. വലുപ്പത്തിന്റെയും ഇരിപ്പിടക്കണക്കിന്റെയും അടിസ്ഥാനത്തിലാണിത്. സര്‍വീസ് നടത്താനാകാത്ത കാലയളവില്‍ ഈ നികുതിയില്‍നിന്ന് രക്ഷനേടാനാണ് 400 രൂപ ഫീസടച്ച് ഫോം ജി സമര്‍പ്പിക്കുന്നത്. ഈ ഫോം സമര്‍പ്പിച്ചാല്‍ സര്‍വീസ് നടത്താത്ത കാലത്ത് നികുതി ഒടുക്കേണ്ടതില്ല.

Content Highlights: Private Bus, Tax Relaxation, G-Form, 5000 Buses Stop Service