സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകള്‍ ഉടമകളോ തൊഴിലാളികളോ മനപ്പൂര്‍വം നിര്‍ത്തിയിടുകയല്ല, താനേ ഓട്ടം നിലയ്ക്കുകയാണെന്ന് ഉടമകള്‍. ആകെയുള്ള 12,500 സ്വകാര്യബസ്സുകളില്‍ ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിച്ച രണ്ടായിരത്തോളം ബസ്സുകളും ചെലവാകുന്ന തുക വരുമാനമായി കിട്ടാത്തതിനാല്‍ എണ്ണയടിക്കാനാവാതെ നിലയ്ക്കുകയാണ്.
സര്‍വീസ് നിര്‍ത്തിവെക്കുന്നത് സമരത്തിന്റെ ഭാഗമായല്ല സ്വാഭാവികമാണെന്നാണ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ കാലത്തിന് മുന്‍പുതന്നെ നഷ്ടത്തിലായിരുന്ന സര്‍വീസ് എണ്ണവില 20 ശതമാനത്തോളം വര്‍ധിച്ചതോടെ തകര്‍ച്ചയിലായി. ലോക്ഡൗണിന് ഇളവനുവദിച്ച് സര്‍വീസ് പുനരാരംഭിക്കാന്‍ അനുവദിച്ചെങ്കിലും യാത്രക്കാരില്‍ ഭൂരിഭാഗവും പൊതുഗതാഗതത്തെ ഭയപ്പെടുകയാണ്.
അഞ്ചും ആറും ട്രിപ്പുള്ള ബസ്സുകള്‍ രാവിലെയും വൈകീട്ടുമുള്ള രണ്ട് ട്രിപ്പിലൊക്കെ ഒതുക്കുകയാണ്. ക്ലീനര്‍ തസ്തിക ഒഴിവാക്കുകയും വേതനം പകുതിയും മൂന്നിലൊന്നുമൊക്കെയായി കുറയ്ക്കുകയും ചെയ്തിട്ടും കൃത്യമായി ഡീസല്‍ നിറയ്ക്കാനാവശ്യമായ പണം കിട്ടാത്തതിനാല്‍ സര്‍വീസ് താനേ നിലയ്ക്കുന്നുവെന്നാണ് ഉടമകളുടെയും തൊഴിലാളികളുടെയും ഭാഷ്യം.
നികുതി ഒഴിവാക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ബസ് സര്‍വീസ് നിലയ്ക്കുന്നതിന്റെ പിന്നിലെന്ന് ബസ്സുടമകള്‍ പറയുന്നു. സീറ്റൊന്നിന് 600 രൂപയെന്ന തോതില്‍ പഴയ ബസ്സുകള്‍ക്കും ചതുരശ്ര മീറ്ററിന് 1300 രൂപയെന്ന തോതില്‍ പുതിയ ബസ്സുകള്‍ക്കും ത്രൈമാസ നികുതിയാണ് നിലവില്‍.
ഏപ്രില്‍മുതല്‍ മൂന്നുമാസത്തേക്കുള്ള നികുതി സര്‍ക്കാര്‍ ഒഴിവാക്കുകയുണ്ടായി. ഇതല്ലാതെ മറ്റാനുകൂല്യമൊന്നും നല്‍കിയില്ല. ത്രൈമാസ നികുതി ഇളവ് നല്‍കിയതില്‍ രണ്ടരമാസവും ലോക്ഡൗണ്‍ കാരണം സര്‍വീസ് നടന്നില്ലെന്നതിനാല്‍ നികുതി ഒഴിവാക്കിയെന്ന വാദം നിരര്‍ഥകമാണെന്ന് ബസ്സുടമകള്‍ പറയുന്നു. തൊഴിലാളികള്‍ക്കും ഇതേ അഭിപ്രായമാണ്.
നികുതി ഒഴിവാക്കിത്തരണം
ജൂലായ് മുതല്‍ സെപ്റ്റംബര്‍വരെയുള്ള നികുതി അടയ്ക്കാന്‍ ഒക്ടോബര്‍ 15 വരെ സാവകാശം നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനം. എന്നാല്‍ നവംബര്‍ 15ന് അടുത്ത ത്രൈമാസ നികുതിയടയ്ക്കാനുള്ള സമയമാകും. ജൂലായ് മുതലുള്ള ത്രൈമാസ നികുതി പൂര്‍ണമായും റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടായാലേ സ്വകാര്യ ബസ് സര്‍വീസ് നിലനില്‍ക്കാന്‍ ചെറിയ സാധ്യതയെങ്കിലുമുള്ളൂ.
ലോറന്‍സ് ബാബു, ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍
Content Highlights: Private Bus Services Stop Due To Heavy Loss