ഷ്ടത്തിലോടുന്ന സ്വകാര്യബസുകളുടെ ഉടമകളും ജീവനക്കാരും നേരിടുന്ന പ്രതിസന്ധിയുടെ ആഴമറിയാന്‍ ഈ തെങ്ങിന്‍പറമ്പില്‍ വന്നാല്‍മതി. മതിലകത്തിനടുത്ത കൂളിമുട്ടം പൊക്ലായി ഡബിള്‍പോസ്റ്റിന് സമീപമുള്ള വലിയപറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന ബസുകള്‍ കാണാം. 

ടയറുകളഴിച്ച് ജാക്കികളില്‍ ഉയര്‍ത്തി നിര്‍ത്തിയും ചില്ലുകളില്‍ പൊടിമൂടിയും 22 ബസുകള്‍. വലിയപറമ്പില്‍ ഗ്രൂപ്പിന്റേതാണിവ. ഈ ഗ്രൂപ്പിന്റെ 43 ബസുകള്‍ നിരത്തിലുണ്ടായിരുന്നതില്‍ 21 എണ്ണംമാത്രമാണ് ഇപ്പോള്‍ ഓടുന്നതെന്ന് ഉടമകളിലൊരാളായ സന്ദീപ് കൃഷ്ണ പറഞ്ഞു. 

22 എണ്ണത്തിന്റെ നികുതി ഒഴിവാക്കാന്‍ ജി ഫോം നല്‍കിയിട്ടുണ്ട്. മിക്കതിന്റെയും ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞു. ടയര്‍, ബാറ്ററി എന്നിവയും കേടായി. ഇവ റോഡില്‍ ഇറക്കണമെങ്കില്‍ ഓരോന്നിനും ഒരുലക്ഷത്തിലേറെ രൂപ ചെലവുവരും. നൂറ്റമ്പതോളം തൊഴിലാളികളുണ്ടായിരുന്നതില്‍ അന്‍പതില്‍ താഴെപ്പേര്‍മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ മറ്റുമേഖലകളിലേക്ക് തിരിഞ്ഞു.

നികുതിയിളവ് ആനുകൂല്യം നീട്ടണം

ബസ്സുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതിയിളവ് ആനുകൂല്യം അവസാനിച്ചതിനാല്‍ ജി ഫോം നല്‍കുന്ന ബസ്സുടമകളുടെ എണ്ണവും കൂടും. 1300-ഓളം സ്വകാര്യബസുകളുള്ള ജില്ലയില്‍ ഇപ്പോള്‍ അഞ്ഞൂറില്‍ത്താഴെ ബസുകള്‍മാത്രമാണ് ഓടുന്നത്. സ്വകാര്യബസ് വ്യവസായത്തെ പിടിച്ചുനിര്‍ത്താന്‍ നികുതിയിളവിനുള്ള കാലയളവ് നീട്ടണം.

എം.എസ്. പ്രേംകുമാര്‍, പ്രസിഡന്റ്, തൃശ്ശൂര്‍ ഡിസ്ട്രിക്ട്‌ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Content Highlights: Private Bus Owners Facing Heavy Crisis Due To Corona Lockdown