ക്സിജന്‍ സിലിന്‍ഡര്‍ സഹിതം മൂന്നു കിടക്കകള്‍ സജ്ജമാക്കിയ 'ബസ് ആശുപത്രി'യുടെ സേവനം മാങ്ങോട് കോവിഡ് ആശുപത്രിയിലെ സേവനത്തിന്. 'രാജപ്രഭ'യെന്ന സ്വകാര്യബസ്സാണ് ചെര്‍പ്പുളശ്ശേരിയിലെ ബസ്സുടമ രാജപ്രഭ രാജു കോവിഡ് സേവനങ്ങള്‍ക്കായി ജനമൈത്രി പോലീസിന് കൈമാറിയത്.

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ഇ. സുനില്‍കുമാര്‍, നഗരസഭാധ്യക്ഷന്‍ പി. രാമചന്ദ്രന്‍, ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. മനോജ്, സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറീഫ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. സുധാകരന്‍, പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. 

മാങ്ങോട് കോവിഡ് ആശുപത്രിയില്‍ ക്ഷീണിതരായെത്തുന്ന രോഗികള്‍ക്ക് ആദ്യം ആശുപത്രിമുറ്റത്ത് നിര്‍ത്തിയിട്ട ബസ്സിനകത്തെ ഓക്സിജന്‍ സേവനം ലഭ്യമാക്കും. പിന്നീട് ആശുപത്രിയിലെ കിടക്കയിലേക്ക് മാറ്റും. ആദ്യമായാണ് ഓക്സിജന്‍ സിലിന്‍ഡര്‍ കിടക്കകള്‍ ഘടിപ്പിച്ച സ്വകാര്യബസ് ആശുപത്രിയാക്കി സേവനത്തിന് വിട്ടുനല്‍കുന്നത്. 

ഓട്ടം നിര്‍ത്തിയ സാഹചര്യത്തില്‍ സാമൂഹികസേവനത്തിന്റെ ഭാഗമായാണ് ചളവറ-ഗുരുവായൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സിലെ സീറ്റുകള്‍ അഴിച്ചുമാറ്റി ഓക്സിജന്‍ സിലിന്‍ഡര്‍ സൗകര്യമുള്ള കിടക്കകള്‍ സജ്ജമാക്കിയതെന്ന് രാജു രാജപ്രഭ പറഞ്ഞു.

മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു ബസ്സുകള്‍ ബസ് ആശുപത്രികളാക്കി ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് എറണാകുളം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ശനിയാഴ്ച കൈമാറിയിരുന്നു.

Content Highlights: Private Bus Install Oxygen Facility For Covid Treatment