സി.എൽ.ബാബു 'ജാനോഷ്' ബസിൽ | Photo: Clince Photography/Mathrubhumi
ബസ് പലതും മാറി. ഉടമകളും... പക്ഷേ, 32 വര്‍ഷമായി വെള്ളാവൂര്‍-ചങ്ങനാശ്ശേരി റൂട്ടില്‍ ബസിന്റെ വളയം പിടിക്കുന്നത് ഒരേഒരു സാരഥി. അതാണ് നാട്ടുകാരുടെ പ്രിയങ്കരനായ ജാനോഷ് ബാബുച്ചേട്ടന്‍ എന്ന സി.എല്‍.ബാബു. 1990-ല്‍ ആരംഭിച്ച ചിയേഴ്സ് ബസിലും തുടര്‍ന്ന് മഹാദേവനിലും പ്രശാന്തിലുമെല്ലാം ബാബു തന്നെയായിരുന്നു ഡ്രൈവര്‍.
2002 മുതല്‍ പിന്നീട് 'ജാനോഷ്' ഈ റൂട്ട് ഏറ്റെടുത്തപ്പോളും സാരഥിയായി ബാബുതന്നെ തുടര്‍ന്നു. ഇതോടെ സി.എല്‍.ബാബു ജാനോഷ് ബാബുവായി മാറി. പ്രായം 59 പിന്നിടുമ്പോഴും അന്നത്തെ ചുറുചുറുക്കോടെ ബാബു ഇന്നും ഡ്രൈവര്‍സീറ്റിലുണ്ട്.
യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചും നാട്ടുകാരോട് കുശലംപറഞ്ഞും പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍മുഴക്കിയുമെല്ലാം ആ ബന്ധം തുടര്‍ന്നുപോരുന്നു. ജാനോഷ് ബസും അതിലെ ബാബുച്ചേട്ടനെയും അറിയാത്തവരായി പുതുതലമുറയിലും അധികം ആരുമില്ല.
ചിരിച്ചുകൊണ്ട് കൈകാണിച്ചും ഇറങ്ങുമ്പോള്‍ 'ബാബുച്ചേട്ടാ പോയേക്കുവാണേ' എന്ന് വിളിച്ചു പറയുന്നവരാണ് ജാനോഷിലെ യാത്രക്കാരിലേറെയും. അത്രയ്ക്ക് ജനകീയനാണ് ഈ ബസ് ഡ്രൈവര്‍.
കറുകച്ചാലിലെ വണ്ടിക്കാരുടെ പഴയ സഹായി
16-ാംവയസ്സിലാണ് കറുകച്ചാലിലെ ടാക്സി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാരുടെ സാഹായിയായി ബാബു പണിക്കെത്തിയത്. ജോലിക്കിടയില്‍ വളയം പിടിക്കാന്‍ ഒപ്പമുള്ളവര്‍ സഹായിച്ചു. അങ്ങനെ ഡ്രൈവിങ് നന്നായി പരിശീലിച്ചു. 1987-ല്‍ ഹെവി ലൈസന്‍സ് നേടി. കുളത്തൂര്‍മൂഴി-ചങ്ങനാശ്ശേരി റൂട്ടിലെ ജീസസ് ബസിലായിരുന്നു തുടക്കം. പിന്നീട് പല റൂട്ടുകളിലും ഡ്രൈവറായി.
ഉള്‍പ്രദേശമായ വെള്ളാവൂരിലെ ജനങ്ങളെ കറുകച്ചാലിലും ചങ്ങാശ്ശേരിയിലുമെല്ലാം എത്തിക്കേണ്ടതും തിരികെ കൊണ്ടുവരേണ്ടതും തന്റെ ജോലി മാത്രമല്ല ഉത്തരവാദിത്വം കൂടിയാണെന്ന് ബാബു തീരുമാനിക്കുകയായിരുന്നു. ഇതോടെ ബസ് ഓടിക്കാനുള്ള സൗകര്യത്തിനായി നെത്തല്ലൂരില്‍നിന്ന് ഇദ്ദേഹം 29 വര്‍ഷം മുമ്പ് വെള്ളാവൂരിലേക്ക് താമസവും മാറ്റി.
ഭാര്യ: ജയശ്രീ. മക്കള്‍: അനന്ദു, അമല്‍. ഇവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ബസിലെ ജോലിതന്നെ. മൂന്ന് പതിറ്റാണ്ടോളമായി ചെയ്യുന്ന ജോലി ഇന്നും മടുത്തിട്ടില്ല. പ്രായം കൂടിയതല്ലാതെ അന്നത്തെ ഊര്‍ജത്തോടെ ഇന്നും ജാനോഷിനെ നയിക്കുന്നത് ബാബുച്ചേട്ടന്‍തന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..