പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഒരു ബസ്സുടമയുടെ അനുഭവം കേള്‍ക്കുക: 'ലോക്ഡൗണിനുശേഷം വെറും 11 ദിവസമാണ് ബസ്സോടിയത്... ആദ്യദിവസം ഡീസല്‍ച്ചെലവും രണ്ടുപേരുടെ കൂലിയും കിഴിച്ചുകിട്ടിയത് 200 രൂപ, രണ്ടാംദിവസം ഇതിലും കുറവ്... 11 ദിവസംകൊണ്ട് എനിക്ക് കിട്ടിയത് വെറും 2230 രൂപ... ഇന്‍ഷുറിന്റെയും ടയര്‍തേയ്മാനത്തിന്റെയും ചെലവുമാത്രം ഇതിലും ഇരട്ടിവരും... ഇതോടെ ഓട്ടം നിര്‍ത്തി...'
ദിവസംകഴിയുന്തോറും തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്കാണ് ബസ് വ്യവസായത്തിന്റെ യാത്ര. വടകര താലൂക്കില്‍ നേരത്തേ ഓടിയിരുന്ന 250-ഓളം ബസുകളില്‍ 30 ശതമാനം ബസുകള്‍പോലും ഇപ്പോള്‍ ഓടുന്നില്ലെന്നാണ് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്ക്. തൊഴിലാളികളില്‍ 20 ശതമാനംപേര്‍ക്കും കൃത്യമായി ജോലിയില്ല. സര്‍ക്കാര്‍ റോഡ്‌നികുതി ഒഴിവാക്കിയതുകൊണ്ടുമാത്രമാണ് കുറച്ചെങ്കിലും ബസുകള്‍ ഓടുന്നത്.
സര്‍വീസ് പേരിനുമാത്രം
വടകരയില്‍നിന്ന് കോഴിക്കോട്, തലശ്ശേരി, കൊയിലാണ്ടി, കോട്ടക്കല്‍, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, ആയഞ്ചേരി, തീക്കുനി, വില്യാപ്പള്ളി, തണ്ണീര്‍പ്പന്തല്‍, മണിയൂര്‍ തുടങ്ങിയ റൂട്ടുകളിലേക്കാണ് പ്രധാനമായും ബസ്സര്‍വീസുള്ളത്. ഈ റൂട്ടുകളിലെല്ലാംകൂടി ഇപ്പോള്‍ അമ്പതോളം ബസുകളാണ് ഓടുന്നത്.
കുറ്റ്യാടി, കൊയിലാണ്ടി, തലശ്ശേരി, പേരാമ്പ്ര തുടങ്ങിയ റൂട്ടുകളിലാണ് കുറച്ചെങ്കിലും ബസുകളുളളത്. ചില റൂട്ടുകളില്‍ പേരിനുമാത്രം ഒന്നോ രണ്ടോ ബസുകള്‍ ഓടുന്നു. അതും കുറച്ച് സര്‍വീസ് മാത്രം.ആളില്ലാത്തതിനാലാണ് തിരഞ്ഞെടുത്ത സമയത്തുമാത്രം സര്‍വീസ് നടത്തുന്നത്. എന്നാലും സീറ്റ് നിറയാന്‍ ആളുണ്ടാകില്ല. ഓണത്തിന്റെ സമയത്ത് മാത്രമാണ് ബസില്‍ അല്പമെങ്കിലും ആളുണ്ടായിരുന്നത്.
ഓടുന്നത് ബസ് നശിക്കുമെന്ന പേടിയില്‍
നഷ്ടംസഹിച്ചും ചില ബസുകള്‍ ഓടുന്നത് വെറുതേയിട്ടാല്‍ നശിക്കുമെന്ന പേടിയിലാണ്. പുതിയ ബസുകളിലെല്ലാം സെന്‍സര്‍ സംവിധാനമാണ്. ഉപയോഗിക്കാതെ കിടന്നാല്‍ പെട്ടെന്ന് കേടാകും. കേടായാല്‍ നന്നാക്കാന്‍ വന്‍തുക വേണ്ടിവരുമെന്നതിനാലാണ് പലരും ഓടുന്നത്.
തൊഴിലാളികളുടെ ആവശ്യപ്രകാരം ഓടുന്ന ബസുകളുമുണ്ട്. എണ്ണപ്പൈസയും കിഴിച്ച് ബാക്കിവരുന്ന തുക രണ്ടുതൊഴിലാളികളും ഉടമയും വീതിക്കുന്ന സംവിധാനമാണുള്ളത്. ചില ദിവസങ്ങളില്‍ 300 രൂപപോലും കിട്ടാത്ത തൊഴിലാളികളുണ്ട്. നേരത്തേ 900 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്താണിത്. പകുതിയില്‍ താഴെ വരുമാനം മാത്രമേ ഇപ്പോള്‍ തൊഴിലാളികള്‍ക്കുള്ളൂ. ഉടമകള്‍ക്ക് 200 മുതല്‍ 300 രൂപ വരെയാണ് കിട്ടുന്നത്.
ഇന്‍ഷുറന്‍സിനുമാത്രം ദിവസം 200 രൂപയോളമാകും. ടയര്‍ തേയ്മാനവും ഇത്രതന്നെ വരും. മറ്റ് അറ്റകുറ്റപ്പണിവന്നാല്‍ പിന്നെ നോക്കേണ്ട. ഓടാത്ത ബസുകളിലെ തൊഴിലാളികളില്‍ വലിയൊരു വിഭാഗം മറ്റ് തൊഴില്‍മേഖലകളിലേക്ക് ചേക്കേറി. അധികംപേരും വാര്‍ക്കപ്പണിക്ക് സഹായിയായാണ് പോകുന്നത്. തൊഴിലുറപ്പിന് പോകുന്നവരും ഉണ്ട്.
അനുബന്ധമേഖലയും തകര്‍ച്ചയില്‍
ബസുകള്‍ കുറഞ്ഞതോടെ താലൂക്കിലെ വിവിധ ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയും തകര്‍ന്നു. വടകര പുതിയ സ്റ്റാന്‍ഡും പഴയ സ്റ്റാന്‍ഡും ഇപ്പോള്‍ ഏറിയസമയവും നിര്‍ജീവമാണ്. ഇവിടങ്ങളിലുള്ള ചായക്കടകള്‍, മറ്റ് സ്റ്റാളുകള്‍, പുസ്തകസ്റ്റാളുകള്‍ എന്നിവയെല്ലാം പേരിനു തുറന്നുവെക്കുകയാണിപ്പോള്‍. ബസ് കയറി പത്രവും കടലയും മറ്റ് സാധനങ്ങളും വില്‍ക്കുന്നവരും സ്റ്റാന്‍ഡ് വിട്ടു.
ലോക്ഡൗണിനുമുമ്പ്
- ഒരു ദിവസം ശരാശരി കളക്ഷന്‍ 10,000
- ഡീസല്‍ച്ചെലവ് 5000
- തൊഴിലാളികളുടെ കൂലി 2800
- ഉടമയ്ക്ക് കിട്ടുന്നത് 2100
- ഒരു ദിവസം ശരാശരി കളക്ഷന്‍ 4500
- ഡീസല്‍ച്ചെലവ് 3500
- തൊഴിലാളികളുടെ കൂലി 800
- ഉടമയ്ക്ക് കിട്ടുന്നത് 200
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..