കോടിക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് വ്യാഴാഴ്ച രാവിലെ ഒരു പിറന്നാളാഘോഷത്തിനായി ജീവനക്കാര്‍ ഒത്തൂകൂടി. ജന്മദിന ആശംസാ ഗാനത്തിനിടെ ഡോ.സാം വി. ജോണ്‍ ആശുപത്രിയിലെ ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ തയ്യാറാക്കിയ കേക്ക് മുറിച്ചു. കണ്ടവരെല്ലാം ചോദിച്ചു;

ഇന്ന് ഡോക്ടറുടെ പിറന്നാളാണോ....? നല്ലൊരുചിരി സമ്മാനിച്ച്, മധുരം പങ്കുവെച്ചശേഷം ഡോക്ടര്‍ ആ സത്യം പറഞ്ഞു.

''ജന്മദിനം എന്റെയല്ല. ഈ ജീപ്പിന്റെയാണ്. ഇന്ന് അവന് 25 വയസ്സ് തികയുകയാണ്. ഇടുക്കിയുടെ ആരോഗ്യമേഖലയെ കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുള്ള കാട്ടിലും മലമുകളിലുമെല്ലാം എത്തിച്ച ഈ വാഹനം 25-ാം വയസ്സിലും തന്റെ പടയോട്ടം തുടരുകയാണ്''-

ഒരിക്കല്‍പോലും തങ്ങളെയും, സഹപ്രവര്‍ത്തകരെയും വഴിയില്‍ കിടത്താത്ത ഈ വാഹനത്തിന് ഇവിടുത്തെ ജീവനക്കാര്‍ നല്‍കിയ ആദരം കൂടിയായിരുന്നു ഈ ചടങ്ങ്. രാവിലെ കഴുകി വൃത്തിയാക്കി, ബലൂണുകളും തൂക്കി അലങ്കരിച്ച് ജീപ്പിന്റെ ആകൃതിയിലുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം.

മഹീന്ദ്രയുടെ 540 മോഡല്‍ ജീപ്പ് 1995-ലാണ് കെ.എല്‍. ഒന്ന് എഫ്. 2988 നമ്പറില്‍ ആരോഗ്യവകുപ്പ് സ്വന്തമാക്കുന്നത്. ആദ്യത്തെ ഒരുവര്‍ഷം പത്തനംതിട്ടയിലായിരുന്ന ജീപ്പ് മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. 11 വര്‍ഷത്തിനുശേഷം 2007-ലാണ് കോടിക്കുളത്തെത്തിയത്. അന്നത്തെ മലമ്പാതകളിലൂടെ ആദിവാസി മേഖലകളിലേക്കെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ പോയിരുന്നത് ഈ ജീപ്പിലായിരുന്നു. 

മലമ്പനിയും, ചിക്കന്‍ഗുനിയയുമെല്ലാം ബാധിച്ചപ്പോള്‍ രോഗബാധിതരെ സുരക്ഷിതരായി മലയിറക്കി. കേടുപാടുകള്‍ വന്നാല്‍, മാറിമാറിവന്ന ഡോക്ടര്‍മാരെല്ലാം സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ സ്വന്തം കൈയ്യില്‍നിന്ന് പണംമുടക്കി പരിഹാരം കാണുമായിരുന്നുവെന്ന് പഴയ ഡ്രൈവര്‍ മുഹമ്മദ് പറയുന്നു. വാഹനങ്ങളുടെ മോഡലുകള്‍ പലതും വന്നെങ്കിലും ഈ ജീപ്പ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഓടുന്നത്രയും കാലം ഇവനോടൊപ്പം സഞ്ചരിക്കാനാണ് ഇവര്‍ക്കെല്ലാമിഷ്ടം.

Content Highlights: Primary Health Center Staffs Celebrate 25th Birthday Of Department Jeep