ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഒരു വാഹനത്തിന് ഇത്തരത്തില്‍ യാത്രയയപ്പ് കിട്ടുന്നത് വളരെ ചുരക്കമായിരിക്കും. ഇത്തരം അത്യപൂര്‍വ്വമായ ഒരു യാത്രയപ്പിന് വേദിയായിരിക്കുകയാണ് വെല്ലൂര്‍ പോസ്റ്റ് ഓഫീസ്. 22 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മടങ്ങുന്ന മാരുതി ജിപ്‌സിക്ക് വൈകാരികമായ യാത്രയയപ്പാണ് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും ചേര്‍ന്ന് നല്‍കിയത്. 

22 വര്‍ഷമായി വെല്ലൂര്‍ പോസ്റ്റ് ഓഫീസിന്റെ ഭാഗമായിരുന്നു ഈ മാരുതി സുസുക്കി ജിപ്‌സി. പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഇന്‍സ്‌പെക്ഷന്‍ വാഹനമായാണ് ഈ ജിപ്‌സി ഉപയോഗിച്ചിരുന്നത്. വിടവാങ്ങല്‍ ചടങ്ങില്‍ മാല ചാര്‍ത്തി വാഹനം അലങ്കരിക്കുകയും ജീവനക്കാര്‍ വാഹനത്തിന് സല്യൂട്ട് അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തായിരുന്നു രണ്ട് പതിറ്റാണ്ടിലേറെയായി ഒപ്പമുള്ള ജിപ്‌സിയുടെ യാത്രയയപ്പ് ആഘോഷമാക്കിയത്. 

1999 മാര്‍ച്ച് 24-നാണ് വകുപ്പിനായി ഈ വാഹനം വാങ്ങുന്നത്. കഴിഞ്ഞ 22 വര്‍ഷത്തിനുള്ളില്‍ 25 സൂപ്രണ്ടുമാര്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ പോസ്റ്റ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനായാണ് ഈ വാഹനം പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ 22 വര്‍ഷത്തെ ഓട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു അപകടവും ഈ വാഹനത്തിന് സംഭവിച്ചിട്ടില്ലെന്നാണ് ഈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം അനുസരിച്ച് ഈ വാഹനം മെയില്‍ മോട്ടോര്‍ സര്‍വീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് പൊളിക്കുമെന്നുമാണ് റിപ്പോർട്ട്. വെല്ലൂരിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഇല്ലെങ്കിലും ഈ വാഹനവുമായുള്ള വൈകാരിക ബന്ധത്തെ തുടര്‍ന്നാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

1985-ലാണ് മാരുതി ജിപ്‌സി പുറത്തിറക്കിയത്. ഓഫ് റോഡ് ഉപയോഗത്തിനുള്ള കരുത്തുണ്ടായിരുന്ന ഈ വാഹനം ഏറെ ജനപ്രീതി നേടുകയായിരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് പുറമെ, പോലീസും സൈന്യവും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലും ജിപ്‌സിക്ക് സ്ഥാനം ലഭിക്കുകയായിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തൊഴിഞ്ഞ ഈ വാഹനം ഇപ്പോള്‍ സൈന്യത്തിന് മാത്രമായാണ് നിര്‍മിക്കുന്നത്.

Source: The Hindu

Content Highlights: Post Office Staff Give Farewell Maruti Suzuki Gypsy