പ്രതീകാത്മക ചിത്രം | Photo: Facebook @ KeralaPolice
ഇനിയൊരിക്കലും ഈ വിദ്യാര്‍ഥികള്‍ നിയമം ലംഘിക്കാന്‍ സാധ്യതയില്ല. കാരണം വാഹനപരിശോധനയ്ക്കിറങ്ങിയ ആ എസ്.ഐ ഇവരെ അത്രകണ്ട് സ്വാധീനിച്ചിട്ടുണ്ടാകണം. വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ പിടിയിലായ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് അത്ര ഹൃദ്യമായ അനുഭവമാണ് ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്.
വിദ്യാര്‍ഥികള്‍ ആയതിനാല്‍ ചെറിയ പിഴ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചുമത്തിയത്. എന്നാല്‍, പേഴ്സും ബാഗും പരിശോധിച്ചിട്ടും 100 രൂപയില്‍ താഴെ മാത്രമാണ് ആ വിദ്യാര്‍ഥികളുടെ കൈവശമുണ്ടായിരുന്നത്. ഒടുവില്‍ എസ്.ഐ എം.എസ്. ഫൈസല്‍ തന്നെ ഇവരുടെ പിഴ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് നിയമം ലംഘിക്കരുതെന്ന് ഉപദേശവും നല്കി ഇവരെ പറഞ്ഞയച്ചു.
എന്നാല്‍, പോലീസിനെ പറ്റിച്ചു എന്ന ഭാവമായിരുന്നില്ല ആ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്. പോലീസ് വിട്ടയച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അവര്‍ പിഴ തുകയുമായി ആലങ്ങാട് പോലീസ് സ്റ്റേഷനിലെത്തി. കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിയാണ് അവര്‍ ആ പണവുമായെത്തിയത്. എന്നാല്‍, പോലീസ് ആ പണം തിരികെ നല്കി അവരെ യാത്രയാക്കുകയായിരുന്നു.
പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വാഹനപരിശോധനക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ് . ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ആനച്ചാലില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. വിദ്യാര്‍ഥികളായതു കൊണ്ട് ചെറിയ പിഴ നല്കി പൊലീസ് രസീത് കൊടുത്തു.
പക്ഷേ വിദ്യാര്‍ഥികളുടെ കയ്യില്‍ പണം ഇല്ലായിരുന്നു. സാര്‍ ഇനി ഒരിക്കലും ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കില്ലെന്ന് അവര്‍ പൊലീസിനോട് അപേക്ഷിച്ചു. പക്ഷേ പിഴ TR 5 ബുക്കില്‍ എഴുതിയതുകൊണ്ട് പണം അടയ്ക്കാതെ വഴിയില്ലല്ലോ. ബാഗും പഴ്സും കൂട്ടുകാരന്റെ പോക്കറ്റും തപ്പിപ്പെറുക്കി. പൈസ തികഞ്ഞില്ല. ഒരു 50 രൂപ നോട്ടും ബാക്കി 20, 10, രണ്ട് 5 രൂപ നാണയങ്ങള്‍ എന്നിവയും കിട്ടി. കിട്ടിയ കാശ് പൊലീസിനു നല്‍കിയപ്പോഴാണു ഇവരുടെ കൈവശം ആവശ്യത്തിനു പണമില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മനസ്സിലായത്.വിദ്യാര്‍ഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് ഇവരെ വിട്ടയച്ചു.
തുടര്‍ന്നു എസ്ഐ എം.എസ്.ഫൈസല്‍ തന്റെ പക്കലുള്ള പണമെടുത്തു പിഴത്തുകയായി മാറ്റിവച്ചു. എസ്ഐ വേണുഗോപാല്‍, സിപിഒ ജനീഷ് ചേരമ്പിള്ളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ 2 മണിക്കൂര്‍ കഴിഞ്ഞ് ഹെല്‍മറ്റ് വച്ചു ഇതേ വിദ്യാര്‍ഥികള്‍ ആലങ്ങാട് സ്റ്റേഷനിലെത്തി.
പിഴ അടയ്ക്കാന്‍ കൂട്ടുകാരോടു കടം വാങ്ങിയ 200 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു. പിഴ അടയ്ക്കാന്‍ വന്നതാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചെങ്കിലും പൊലീസ് പണം വാങ്ങിയില്ല; പകരം, വാഹനമോടിക്കുമ്പോള്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കണമെന്ന ഉപദേശം നല്കി അവരെ മടക്കിയയച്ചു.
Content Highlights: Police Checking Experience For Engineering Students, Kerala Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..