വാഹനങ്ങളുടെ കുഞ്ഞന്‍ മാതൃകകള്‍ തീര്‍ത്ത് ശ്രദ്ധേയനായ മുഹമ്മദ് സമീം ഓടിക്കാവുന്ന വലിയ ജീപ്പ് സ്വന്തമായി ഡിസൈന്‍ ചെയ്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. കൊല്ലം ജില്ലയിലെ വടക്കുംതല സഫ്ന മന്‍സിലില്‍ സമീം കുഞ്ഞുന്നാള്‍മുതലേ വാഹനകമ്പക്കാരനായിരുന്നു. ടിപ്പറും ജീപ്പും മിനിലോറിയും കെ.എസ്.ആര്‍.ടി.സി. ബസുമെല്ലാം ഇവന്റെ കരവിരുതില്‍ ജനിച്ചു. 

ആവശ്യക്കാര്‍ക്ക് 1,000 രൂപ മുതല്‍ 3,000 രൂപവരെ വിലവാങ്ങി കൊടുക്കാറുമുണ്ടായിരുന്നു. ഒരു ഓട്ടോമൊബൈല്‍ എന്‍ജിനീയറാകാനാഗ്രഹിക്കുന്ന ഇവന്റെ ആഗ്രഹം അധ്യാപകനായ അബ്ദുള്‍ ഷുക്കൂര്‍ യൂ-ട്യൂബിലൂടെ നാടിനെ അറിയിച്ചിരുന്നു. അങ്ങനെയാണ് വവ്വാക്കാവിലെ കുമാക്ക വര്‍ക്ക്ഷോപ്പ് ഉടമ സിദ്ധിഖ് അവനൊരു അവസരം നല്‍കുന്നത്. അവരുടെ ഉപകരണങ്ങളും സ്ഥലവും ഉപയോഗിക്കാന്‍ നല്‍കി. 

അങ്ങനെ സ്വന്തമായി രൂപകല്പനചെയ്ത ജീപ്പ് ജനിച്ചു. ഓട്ടോറിക്ഷയുടെ എന്‍ജിനും ഘടിപ്പിച്ചു. ആര്‍.ടി.ഒ.ഉദ്യോഗസ്ഥരെ കാണിച്ചു. റോഡിലിറക്കാന്‍ നിയമം അനുവദിക്കാത്തതുകൊണ്ട് അവന്‍ പഠിച്ച വടക്കുംതല എസ്.വി.ടി.എച്ച്.എസില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സാക്ഷ്യംവഹിക്കാന്‍ സ്ഥലം എം.എല്‍.എ. സുജിത് വിജയന്‍പിള്ളയും എത്തി.

ഇത്തവണ എസ്.എസ്.എല്‍.സി.പാസായ നസീം കൊറ്റന്‍കുളങ്ങര വി.എച്ച്.എസ്.എസില്‍ പ്‌ളസ്വണ്ണിന് ചേര്‍ന്നിരിക്കുകയാണ്. അതിന്റെ ഇടവേളയില്‍ ഒരുമാസമെടുത്തായിരുന്നു ജീപ്പുനിര്‍മാണം. ജപ്പാന്‍ ഷീറ്റും സ്‌ക്വയര്‍ട്യൂബും ഉപയോഗിച്ചാണ് ബോഡി നിര്‍മിച്ചത്. രണ്ടുസീറ്റ് ഒരുക്കിയിട്ടുണ്ട്. ഏഴുപേരെവരെ കയറ്റി ഓടിച്ചുനോക്കി. ഒരുകുഴപ്പവുമില്ല. സമീമിന്റെ വാക്കുകളില്‍ സന്തോഷം. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ സമദിന്റെയും സലീനയുടെയും മകനാണ്. സഹോദരി: ഷഫ്ന.

Content Highlights: Plus one student make a jeep by using auto engine and square sheet, Jeep, Miniature vehicles