പാതിഭാഗം തളര്‍ത്തി തന്നെ ചക്രക്കസേരയിലിരുത്തിയ വിധിയെ കൈകൊണ്ട് തട്ടിയെറിഞ്ഞ് റിയാസ് പറഞ്ഞു: 'മാറിപ്പോ, നിന്നെക്കൊണ്ടൊന്നും എന്നെ തളര്‍ത്താന്‍ കഴിയില്ല'. ചലനമറ്റ രണ്ടുകാലും കെട്ടിവെച്ച് പിന്നില്‍ വീല്‍ച്ചെയറുമായി ആത്മവിശ്വാസത്തിന്റെ നെറുകയില്‍ റിയാസ് എന്ന ചെറുപ്പക്കാരന്‍ ബുള്ളറ്റോടിക്കാന്‍ പോകുകയാണ്, കോഴിക്കോട്ടുനിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഗോവയിലേക്ക്. 

അവിടെ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്ന റൈഡര്‍ മാനിയ എന്ന ഇന്ത്യയിലെ പ്രശസ്തമായ ബൈക്ക് ഉത്സവത്തില്‍ പങ്കെടുക്കാന്‍. അവിടെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഏഴായിരത്തിലധികം എന്‍ഫീല്‍ഡ് പ്രേമികള്‍ ഒത്തുചേരുമ്പോള്‍ അവരിലൊരാളായി റിയാസുമുണ്ടാകും. എന്നാല്‍, റിയാസിന്റെ സ്ഥാനം അവരിലെല്ലാവര്‍ക്കും ഉയരെയായിരിക്കും.

എന്തുകൊണ്ട് റിയാസ് വ്യത്യസ്തനാവുന്നു

അതിന് റിയാസിന്റെ ചരിത്രമറിയണം. നിശ്ചയദാര്‍ഢ്യത്തിന്റെ കഥയറിയണം. അതിനും മുകളിലായി മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ജീവിതമറിയണം. പതിനാറുവര്‍ഷംമുമ്പ് റിയാസും ഒരു സാധാരണചെറുപ്പക്കാരനായിരുന്നു. കുടുംബം പോറ്റാന്‍ ഗള്‍ഫില്‍ ചോരനീരാക്കിയ ചെറുപ്പക്കാരന്‍. മടങ്ങിവരുമ്പോള്‍ അയാള്‍ക്കും സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹം, സ്വന്തമായൊരു വീട് എന്നിങ്ങനെ... എന്നാല്‍, 2003-ല്‍ തന്റേതല്ലാത്ത കാരണംകൊണ്ടുണ്ടായ ഒരു അപകടം സ്വപ്നങ്ങള്‍ക്കെല്ലാം സഡന്‍ബ്രേക്കിട്ടു. 

സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ കൊയിലാണ്ടിക്കടുത്ത ചെങ്ങോട്ടുകാവില്‍െവച്ച് നിയന്ത്രണംവിട്ടുവന്ന ഒരു ജീപ്പ് റിയാസിന്റെ ജീവിതം വഴിതിരിച്ചുവിട്ടു. ജീപ്പിടിച്ച് ബൈക്കില്‍നിന്ന് തെറിച്ചുപോയ റിയാസിന് പിന്നീട് ഓര്‍മവരുന്നത് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു. അപ്പോഴാണ് തന്റെ പാതിഭാഗം മരിച്ചുകഴിഞ്ഞെന്ന സത്യമറിയുന്നത്. നട്ടെല്ലിന് പറ്റിയ ക്ഷതത്തെത്തുടര്‍ന്ന് അരയ്ക്കുതാഴേക്ക് പൂര്‍ണമായും നിശ്ചലമായിരുന്നു. പകുതി പണിതീര്‍ന്ന വീട്്, ഗള്‍ഫിലെ ജോലി, നിശ്ചയിച്ച വിവാഹം... എല്ലാം പാതിയില്‍ മുറിഞ്ഞുനിന്നു. 

ഗള്‍ഫില്‍നിന്നുണ്ടാക്കിയതെല്ലാം ആശുപത്രിയില്‍ കൊടുത്തു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചെത്തിയത്. നാട്ടുകാര്‍ സഹായിച്ച് പൂര്‍ത്തിയാക്കിയ വീട്ടിലെ മുറിയില്‍ തളച്ചിടുമ്പോള്‍ ആരെയുംപോലെ കുറെ നഷ്ടസ്വപ്നങ്ങളും മുന്നിലെ ഇരുട്ടും മാത്രമായിരുന്നു ബാക്കി. ജീവിതം അവസാനിച്ചെന്ന് കരുതിയ നാളുകളിലായിരുന്നു കല്ലായി സ്വദേശിനി സാബിറയുടെ വരവ്. എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു സാബിറ, റിയാസിന്റെ ജീവിതത്തിലേക്ക് കയറിവന്നത്.

അവിടെനിന്നാണ് റിയാസിന്റെ രണ്ടാംജന്മത്തിന്റെ പിറവി. തളര്‍ന്ന മനസ്സില്‍ ആത്മവിശ്വാസത്തിന്റെ പച്ചപ്പ് തെളിയാന്‍ തുടങ്ങി. അവള്‍ക്കുവേണ്ടിയെങ്കിലും ജീവിക്കണമെന്ന ചിന്തയായിരുന്നു മനസ്സില്‍. ഈ സമയത്താണ് തിക്കോടി ഗ്രാമപ്പഞ്ചായത്ത് റിയാസിന് മുച്ചക്രവാഹനം നല്‍കുന്നത്. 

അതുമായി നാട്ടിലേക്കിറങ്ങിയപ്പോഴാണ് നാടും കാലവും കുറേ മുന്നോട്ടുപോയെന്ന് റിയാസ് തിരിച്ചറിഞ്ഞത്. കാലത്തിന്റെ വേഗത്തിനൊപ്പം ഓടാനുള്ള വാശിയായിരുന്നു പിന്നീട്. കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ആ മുച്ചക്രവാഹനം കോട്ടണ്‍വേസ്റ്റുമായി സഞ്ചരിച്ചു. അങ്ങനെ പതുക്കെ കച്ചവടാവശ്യാര്‍ഥം യാത്രാദൂരം കൂട്ടി, ഗുജറാത്തുവരെ ഒറ്റയ്ക്ക് സഞ്ചരിച്ചു.

ജീവിതം മാറിമറിയുന്നു

ജീവിതത്തെ വഴിതിരിച്ചുവിട്ട സുഹൃത്തിന്റെ ഫോണ്‍വിളി വരുന്നത് ആയിടയ്ക്കാണ്. വീല്‍ച്ചെയര്‍ ഉപയോഗിച്ച് കളിക്കാവുന്ന കായിക ഇനങ്ങളെ റയീസ് എന്ന കൂട്ടുകാരന്‍ പരിചയപ്പെടുത്തി. അങ്ങനെ 2015-ല്‍ റിയാസ് കോതമംഗലത്തെ വീല്‍ച്ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ ചേരാന്‍ പുറപ്പെട്ടു. നൂറുകണക്കിനുപേര്‍ പങ്കെടുത്ത സെലക്ഷന്‍ ട്രയലില്‍ തിരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ഒരാള്‍ റിയാസായിരുന്നു.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ആദ്യമായി പങ്കെടുത്തപ്പോള്‍ ആ ടീമില്‍ റിയാസുണ്ടായിരുന്നു. അന്ന് മൂന്നാം സ്ഥാനമാണ് അവിടെ ലഭിച്ചത്. പിന്നീട് വിവിധ ടൂര്‍ണമെന്റുകള്‍. ഒരിക്കല്‍ കോഴിക്കോട് ബീച്ചില്‍ മാരത്തണ്‍ നടക്കുന്ന വാര്‍ത്തയറിഞ്ഞ് അതിലും പങ്കെടുക്കാനെത്തി. മാരത്തണ്‍ ഓട്ടത്തില്‍ വീല്‍ച്ചെയറില്‍ പങ്കെടുത്ത ഏകവ്യക്തിയായിരുന്നു റിയാസ്. മൂന്നുകിലോമീറ്റര്‍ റിയാസ് വീല്‍ച്ചെയറില്‍ ഓടി. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് റിയാസിന് ക്ഷണം വന്നു. നാടായ തിക്കോടിയില്‍ ഇപ്പോള്‍ സുഹൃത്തുമായി ചേര്‍ന്ന് റെഡിമെയ്ഡ് കട നടത്തുകയാണ് റിയാസിപ്പോള്‍.

യാത്രകള്‍

തിക്കോടി ഗ്രാമപ്പഞ്ചായത്ത് നല്‍കിയ ആദ്യ ചെറിയ മുച്ചക്രവാഹനത്തിനുശേഷം റിയാസ് വാങ്ങിയത് ഒരു ഹോണ്ട ആക്ടീവയായിരുന്നു. തനിക്ക് ഓടിക്കാനായി അതിനെ രൂപംമാറ്റിയത് കോഴിക്കോട് ഗാന്ധിറോഡിലെ എസ്.ആര്‍. ഓട്ടോ ഇന്‍ഡസ്ട്രീസിലെ ബാബുവേട്ടനും. പിന്നെ പ്രത്യേകം രൂപകല്പനചെയ്ത മഹീന്ദ്രയുടെ സ്‌കൂട്ടര്‍ ജൂപ്പിറ്ററിലേക്ക് മാറി. അതും ബാബുവിന്റെ കൈയിലൂടെയായിരുന്നു റിയാസിനുവേണ്ടി രൂപംമാറിയത്. ഇപ്പോള്‍ യാത്ര ഒന്നുകൂടി രാജകീയമായി. 

മൂന്നുമാസംമുമ്പ് വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡാണ് പുതിയ കൂട്ടാളി. ബ്രേക്കും ഗിയറുമെല്ലാം കൈയിലേക്കെത്തിച്ചിരിക്കയാണ്. കാലുകള്‍ രണ്ടും ബ്രേക്ക് ലിവറിലും ഗിയറിലും കെട്ടിവെക്കും. കാലുകള്‍ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട് വീണുപോകാതിരിക്കാനാണിത്. ഫ്രണ്ട് ബ്രേക്ക് ലിവറിന് മുന്നിലായി പ്രത്യേകമായാണ് പിന്നിലെ ബ്രേക്കിന്റെ ഹാന്‍ഡിലും. ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോള്‍ ആദ്യം ബ്രേക്ക് വീഴുന്നത് പിന്നിലെ ചക്രത്തിലായിരിക്കും. 

ഒന്നുകൂടി അമര്‍ത്തിയാലാണ് മുന്നിലെ ചക്രവും നില്‍ക്കുക. വാഹനത്തിന്റെ പിന്നില്‍ ജീവന്റെ ഭാഗമായ വീല്‍ച്ചെയര്‍ ഘടിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കൂടിയുണ്ട്. പിന്നില്‍ ഘടിപ്പിച്ച രണ്ട് ചക്രങ്ങളുടെ മുകളിലായാണ് ഈ സ്റ്റാന്‍ഡ്. ഒരു കാര്‍ ഓടിക്കുന്നതുപോലെയുണ്ട് ഇപ്പോള്‍ റിയാസിന്റെ നാലുചക്രങ്ങളുള്ള ബുള്ളറ്റ് ഓടിക്കാന്‍.

റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍ മാനിയ

നവംബര്‍ 22 മുതല്‍ 24 വരെ ഗോവയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 7000 എന്‍ഫീല്‍ഡ് ഉടമകള്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 948 പേരാണ് എത്തുക. ഇതില്‍ 51 പേര്‍ വനിതകളാണ്. വിവിധ മത്സരവും സ്റ്റണ്ടുകളുമാണ് ഇതില്‍ പ്രധാനം. ഡേര്‍ട്ട് ട്രാക്ക്, അസംബ്‌ള വാര്‍, മൊട്ടോബാള്‍, ട്രയല്‍സ്, സ്‌ളോ റേസ്, റിങ് ടോസ് ചാലഞ്ച്, കാരി യുവര്‍ ബൈക്ക്, ഏയ്സ് ദ ഹില്‍സ് എന്നീ മത്സരങ്ങളാണ് പ്രധാനം.

Content Highlights: Physically Challenged Riyas Is Participating Royal Enfield Rider Mania