കുതിരപ്പുറത്ത് യാത്രചെയ്യുന്ന യൂസഫ് | ഫോട്ടോ: മാതൃഭൂമി
കുതിച്ചുയരുന്ന ഇന്ധനവിലയൊന്നും ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫിനെ ബാധിക്കുന്നില്ല. വിലവര്‍ധന അമിതമായപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് യാത്രാവാഹനം കുതിരയാക്കിയിരിക്കുകയാണ് 49-കാരനായ യൂസഫ്. വൈ.ബി. ചവാന് കോളേജ് ഓഫ് ഫാര്‍മസിയില്‍ ലാബ് അസിസ്റ്റന്റായി ജോലിനോക്കുന്ന യൂസഫ് കുതിരപ്പുറത്താണ് ജോലിക്ക് പോകുന്നത്. ജിഹാര്‍ എന്നാണ് കുതിരയുടെ പേര്.
വാഹനങ്ങള്‍ അതിവേഗത്തിലോടുന്ന നിരത്തില്‍ വശംചേര്‍ന്ന് കുതിരയെ ഓടിച്ചുപോകുന്ന യൂസഫ് ഇപ്പോള്‍ നഗരത്തിന്റെ പതിവുകാഴ്ചയാണ്. അതോടെ ഗോഡാവാല (കുതിരപ്പുറത്ത് സഞ്ചരിക്കുന്നവന്) എന്ന വിശേഷണവും യൂസഫിന് ലഭിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് യൂസഫിന് ജോലി നഷ്ടപ്പെട്ടിരുന്നു. അന്ന് പച്ചക്കറിവിറ്റാണ് കുടുംബത്തെ പോറ്റിയത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കോളേജ് അധികൃതര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശിച്ചു. ആ സമയത്താണ് ഔറംഗാബാദില്‍ ഇന്ധനവില ലിറ്ററിന് 111 രൂപയായി ഉയര്‍ന്നത്. ഈ സമയം ബൈക്കും കേടായി. അപ്പോഴാണ് യാത്രാവാഹനം കുതിരയാക്കിയാലോ എന്ന് ആലോചിച്ചതെന്ന് യൂസഫ് പറയുന്നു.
ബൈക്ക് വിറ്റുകിട്ടിയ തുക കൂടാതെ കൂട്ടുകാരില്‍നിന്ന് വായ്പയെടുത്ത് 40,000 രൂപയ്ക്കാണ് ഒരു ബന്ധുവില്‍നിന്ന് യൂസഫ് കുതിരയെ വാങ്ങിയത്. വീട്ടില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കോളേജ്. ബൈക്കില്‍ പോയിവരുന്നതിന് മാസംതോറും 6000 രൂപ ചെലവാകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. യാത്ര കുതിരപ്പുറത്തായതോടെ ചെലവ് കുറഞ്ഞു. മാസം 1200 രൂപ മാത്രമാണ് ഇപ്പോള്‍ ചെലവ്. ഇനി ബൈക്കിലേക്ക് മടക്കമില്ലെന്നും ആരോഗ്യത്തിനും നല്ലത് കുതിരസവാരിതന്നെയാണെന്നും യൂസഫ് സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: Petrol Price Hike; Aurangabad Native Sold His Bike And Bought Horse For His Daily Commute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..