കോഴിക്കോട്: 'ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂ'വെന്ന പഴമൊഴിയാണ് ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ മടിക്കുന്നവരോട് വളരെ സിമ്പിളായി പറയാനുള്ളത്. ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കാന്‍ നൂറ് കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും ഏറ്റവും പ്രധാന അവയവമായ തല സംരക്ഷിക്കപ്പെടുക എന്നതുതന്നെയാണ് പ്രധാനം. ഇതിനുപകരം മറ്റൊരു മാര്‍ഗവുമില്ല. എങ്കിലും പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മെറ്റുശീലത്തിലേക്ക് വരുമ്പോള്‍ നമ്മളും അതിനൊത്ത് മാറേണ്ടിയിരിക്കുന്നു. ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെങ്കിലും. ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ ലിഫ്റ്റ് ചോദിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ വെട്ടിലായത്

ബൈക്ക് ഇല്ല; പക്ഷേ, ഹെല്‍മെറ്റ് ഉണ്ട്

മെഡിക്കല്‍ റെപ്രസെന്റേറ്റീവായ വിജേഷ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ആശുപത്രികളിലും ഡോക്ടര്‍മാരുടെ വീടുകളിലും മറ്റും എത്താന്‍ വര്‍ഷങ്ങളായി ആശ്രയിച്ചിരുന്നത് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുകളുടെയും ബൈക്കുകളാണ്. ചുമലെല്ലിനേറ്റ ക്ഷതംകാരണം വണ്ടി ഓടിക്കല്‍ നിര്‍ത്തേണ്ടിവന്ന വിജേഷിന് ഇപ്പോള്‍ ആശ്രയം 'ലിഫ്റ്റ് ' തന്നെയാണ്. എന്നാല്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് കര്‍ശനമാക്കുന്നതോടെ വിജേഷ് പെട്ടു. പരിഹാരം ഒന്നു മാത്രം. വെള്ളിയാഴ്ച പുതിയ ഹെല്‍മെറ്റ് ഒരെണ്ണം വാങ്ങി. ഇനി ബാഗിനൊപ്പം ഹെല്‍മെറ്റും കൂടെക്കരുതണമെന്ന് മാത്രം. ബൈക്കില്ലെങ്കിലും ഹെല്‍മെറ്റ് വാങ്ങിയതിനാല്‍ ലിഫ്റ്റ് യാത്ര പഴേപടി തുടരാനാകുമെന്നതാണ് വിജേഷിന്റെ ആശ്വാസം.

കുട്ടിക്കൂട്ടത്തിന്റെ ലിഫ്റ്റിന് റെഡ് സിഗ്‌നല്‍

സ്‌കൂളിലേക്കും തിരിച്ച് വീടുകളിലേക്കും പലരുടേയും ലിഫ്റ്റ് ചോദിച്ചുവാങ്ങുന്ന വിദ്യാര്‍ഥിക്കൂട്ടം നിത്യകാഴ്ചയാണ്. സൗത്ത് ബീച്ച് ജങ്ഷന്‍, മാങ്കാവ് ബൈപ്പാസ് ജങ്ഷന്‍, ചേവായൂര്‍, മലാപ്പറമ്പ്, എലത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം കുട്ടിക്കൂട്ടങ്ങള്‍ മത്സരിച്ച് ഇരുചക്രവാഹനങ്ങളെ 'വേട്ടയാടുന്നത്' പതിവാണ്. എന്നാല്‍, തിങ്കളാഴ്ച മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്നതും കുട്ടികള്‍ ഇതില്‍നിന്ന് മോചിതരല്ലെന്നതും ഇവരെ കുഴക്കിയ പ്രശ്‌നമാണ്. മറ്റുള്ളവരെപ്പോലെ ഒരു ഹെല്‍മെറ്റ് വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നതും ഇവരോട് അനുകമ്പതോന്നി വാഹനത്തില്‍ കയറ്റിയാല്‍ പിഴ വാഹനം ഓടിക്കുന്നവര്‍ കൊടുക്കേണ്ടിവരുമെന്നതും ഇവരുടെ ലിഫ്റ്റ് ജീവിതത്തിന് ഷട്ടറിടാന്‍ ഇടയാക്കിയേക്കും.

മുല്ലപ്പൂ ചൂടാന്‍ തല ഉണ്ടാവണ്ടേ...

ഞായറാഴ്ച രാവിലെ കല്യാണത്തിന് പോകാന്‍ ഇറങ്ങിയതായിരുന്നു മീഞ്ചന്ത സ്വദേശിനി സുസ്മിത. ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍വേണം പോകാന്‍. പട്ടുസാരിയും മുല്ലപ്പൂവും ചൂടി ഇറങ്ങിയപ്പോഴാണ് ഹെല്‍മെറ്റ് കര്‍ശനമാണെന്ന കാര്യം ഓര്‍ത്തത്. ഭര്‍ത്താവിന്റെ പഴയ ഹെല്‍മെറ്റും വെച്ച് കല്യാണ ഹാളിലെത്തിയപ്പോള്‍ ചില ബന്ധുക്കളുടെ പരിഹാസം. ''മുല്ലപ്പൂവും ഹെല്‍മെറ്റും നല്ല കോമ്പിനേഷനാണല്ലോ...'' എന്ന രീതിയില്‍. എന്നാല്‍, സുസ്മിത ഉടനെ തക്കമറുപടി നല്‍കി. മുല്ലപ്പൂവ് ചൂടാന്‍ തലവേണ്ടേ... സ്‌റ്റൈലും ലുക്കും പിന്നയല്ലേ..

ബാംഗ്‌ളൂര്‍ ഡെയ്സ്

കേരളത്തില്‍ ഹെല്‍മെറ്റ് കര്‍ശനമാകുന്നതിന്റെ വര്‍ഷങ്ങള്‍മുമ്പ് അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാണ്. പ്രത്യേകിച്ച് തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍. മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ച് സഞ്ചരിക്കുന്നത് അവിടെ നിത്യകാഴ്ചയാണ്. അവര്‍ക്കൊന്നും ഇല്ലാത്ത പ്രശ്‌നം കേരളത്തില്‍മാത്രം ഉണ്ടാകാന്‍ ഇടയില്ലെന്നതാണ് ബെംഗളൂരുവിലെ ഐ.ടി. ഉദ്യോഗസ്ഥയായ വിദ്യ സുജവിശ്വനാഥന്‍ പറയുന്നു. അച്ഛനും അമ്മയും ഹെല്‍മെറ്റിടുന്നതുകണ്ട് തന്റെ തലയ്ക്ക് സംരക്ഷണം വേണ്ടേ എന്നുചോദിച്ച മൂന്നരവയസ്സുകാരി അരുദ്ധതിക്കുമുണ്ട് ഇപ്പോള്‍ ഹെല്‍മെറ്റ്.

സ്‌കൂട്ടര്‍ ക്യാബുകള്‍ വരും ഹെല്‍മെറ്റുമായി

ബെംഗളൂരുപോലെയുള്ള തിരക്കേറിയ നഗരങ്ങളില്‍ പതിവ് കാര്‍ ക്യാബുകള്‍ക്ക് പുറമേസ്‌കൂട്ടര്‍ ക്യാബുകളും എത്തിയിട്ട് നാളുകളായി. ഗതാഗതത്തിരക്കിനിടെ വേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടിയാണിവരെ ഉപയോഗിക്കുന്നത്. ബാറില്‍നിന്ന് മദ്യപിച്ച് ഇറങ്ങുന്നവര്‍ക്കും ഈ ക്യാബുകള്‍ ഒരു ആശ്രയമാണ്. പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമായുള്ള ബെംഗളൂരുവില്‍ ഇത്തരം സ്‌കൂട്ടര്‍ ക്യാബുകള്‍ എത്തുക പിന്‍സീറ്റുകാരന് ഉപയോഗിക്കാനുള്ള ഹെല്‍മെറ്റുമായായിരിക്കും.

കേസ്: ലക്ഷത്തിലേറെ പിഴ കോടിയിലേറെ

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിയമംമൂലം നടപടി മൂലവും കര്‍ശനമാക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുപയോഗിക്കാത്തവര്‍ നഗരത്തില്‍ കുറവല്ല.

ഏഴുവര്‍ഷത്തിനിടെ 1,03,066 പേര്‍ക്കെതിരേയാണ് ഹെല്‍മെറ്റ് ഇല്ലാത്തതിന് കേസെടുത്തത്. 1.03 കോടി രൂപ ട്രാഫിക് പോലീസിന് പിഴയിനത്തില്‍ ലഭിച്ചിട്ടുമുണ്ട്. മോട്ടോര്‍ വാഹനവകുപ്പും കോടതി നേരിട്ടും ഈടാക്കിയ പിഴത്തുകകള്‍ വേറെയാണ്.

2013-ലാണ് അടുത്തിടെ ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് (23,807 കേസുകള്‍). 2019-ല്‍ ഒക്ടോബര്‍ 31 വരെ മാത്രം 15,686 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2018-ല്‍ 17,361 കേസുകളും 2017-ല്‍ 11,008 കേസുകളും 2016-ല്‍ 7,247 കേസുകളും 2015-ല്‍ 15,643 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013-ന്റെ പകുതിയോളം മാത്രമേ 2014-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ (12,314).

നിരത്തില്‍ പൊലിഞ്ഞത് 1134 ജീവന്‍

ഏഴുവര്‍ഷത്തിനുള്ളില്‍ കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 1134 ജീവനാണ്. ഇതില്‍ പകുതിയിലേറെയും കൃത്യമായി പറഞ്ഞാല്‍ 597 പേര്‍ ഇരുചക്ര വാഹനയാത്രക്കാരാണ്. 421 പേര്‍ ഇരുചക്രവാഹനം ഓടിച്ചവരും 176 പേര്‍ പിന്‍സീറ്റ് യാത്രക്കാരുമാണ്.

Content Highlights; peoples reactions on rear seat helmet mandatory rule