ഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് എം.എല്‍.എ. ബോര്‍ഡ് വെച്ച പല കാറുകളും നിയമസഭായുടെ കവാടം കടന്ന് എത്തിയപ്പോള്‍ പീരുമേട് എം.എല്‍.എ. വാഴൂര്‍ സോമന്‍ എത്തിയത് അല്‍പ്പം വെറൈറ്റിയായാണ്. തന്റെ മഹീന്ദ്ര ജീപ്പിലായിരുന്നു അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഹൈറേഞ്ചിന്റെ എം.എല്‍.എ. ആയ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവും ഈ ജീപ്പ് തന്നെയാണ്.

KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്രയുടെ മേജര്‍ ജീപ്പിലാണ് എം.എല്‍.എയുടെ ബോര്‍ഡും വെച്ചുള്ള അദ്ദേഹത്തിന്റെ യാത്രകള്‍. ജീപ്പ് ഇഷ്ടവാഹനമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദീര്‍ഘദൂര യാത്രകള്‍ക്ക് ചേരുന്ന ഒരു വാഹനമായി ജീപ്പിനെ കാണാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പീരമേട് എ.എല്‍.എ. ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് താന്‍ ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ജീപ്പായിരുന്നു ഇത്. 1991 വരെ ഈ ജീപ്പായിരുന്നു തന്റെ വാഹനം. പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിതെ തുടര്‍ന്നാണ് ഇപ്പോള്‍ കൈവശമുള്ള ഈ മഹീന്ദ്ര മേജര്‍ സ്വന്തമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. 

1978-ല്‍ ആദ്യ ജീപ്പ് സ്വന്തമാക്കുമ്പോള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ വെറും 20 രൂപയാണ് ചെലവായിരുന്നത്. എന്നാല്‍, അത് വര്‍ധിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുന്നതിലും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍, ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ഈ ജീപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വാഴൂര്‍ സോമന്‍ എം.എല്‍.എ. അഭിപ്രായപ്പെടുന്നത്. 

വാഹനത്തിന് ചെറിയ രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച് മക്കള്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, താന്‍ അത് സമ്മതിക്കാറില്ല. യാത്ര ചെയ്യാന്‍ വേണ്ടിയാണ് വാഹനം ഉപയോഗിക്കുന്നത്. അല്ലാതെ മറ്റ് കാര്യങ്ങള്‍ക്കല്ല. പൊതുവെ ഹൈറേഞ്ച് മേഖലയില്‍ വാഹനം മോടിപിടിപ്പിക്കുന്ന പ്രവണത കുറവാണെന്നുമാണ് എം.എല്‍.എം. അഭിപ്രായപ്പെടുന്നത്.

Content Highlights: Peerumedu MLA Vazhoor Soman Official Vehicle Mahindra Jeep