അക്ഷയ് സുരേഷ് കുഞ്ഞൻ രൂപങ്ങൾ നിർമിക്കുന്നു | ഫോട്ടോ: മാതൃഭൂമി
ജന്മനാ വലതുകണ്ണിന് കാഴ്ചയില്ല. ഇടതുകണ്ണുകൊണ്ടാവട്ടെ, നല്ല വെളിച്ചം ഉള്ളിടത്തുമാത്രമേ അല്പമെങ്കിലും കാണാന്‍ സാധിക്കൂ. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് കാക്കൂര്‍ പുന്നശ്ശേരിയിലെ തച്ചിരുകണ്ടി അക്ഷയ് സുരേഷ് നിര്‍മിച്ച ബസുകളുടെയും ഓട്ടോറിക്ഷയുടെയും കുഞ്ഞന്‍ രൂപങ്ങള്‍ ആരെയും അതിശയിപ്പിക്കും. ഫോം ഷീറ്റുകൊണ്ടാണ് ഈ ചെറുമാതൃകകള്‍ ഉണ്ടാക്കുന്നത്. പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചെറിയ പ്രായംതൊട്ടേ അക്ഷയ് ചിത്രങ്ങള്‍ വരയ്ക്കാറുണ്ടായിരുന്നു. കോവിഡ് കാലത്താണ് കുഞ്ഞന്‍ രൂപങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്.
നരിക്കുനി-ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോട്ടുന്ന ബസുകളുടെ ഒട്ടേറെ മാതൃകകള്‍ ഇതിനോടകം നിര്‍മിച്ചുകഴിഞ്ഞു. ഇവ അതേ ബസിലെ ജീവനക്കാരോ, ഉടമകളോ വാങ്ങാറുമുണ്ട്. ചിലര്‍ ബസുകള്‍ നിര്മിച്ചുനല്കാന് അക്ഷയ്നോട് ആവശ്യപ്പെടാറുണ്ട്. വണ്ടികളെ ഏറെ ഇഷ്ടമുള്ള അക്ഷയ് ഒരു ബസ് പ്രേമിയാണ്. അക്ഷയിന്റെ കലാവിരുതിന് ബസ് കേരള ഫെയ്സ്ബുക്ക് കൂട്ടായ്മയും പരിചയമുള്ള ബസുടമകളും ജീവനക്കാരുമെല്ലാം അകമഴിഞ്ഞ പിന്തുണയേകുന്നുണ്ട്.
ചെരിപ്പിന്റെ ഒഴിഞ്ഞ പെട്ടികള്‍ ഉപയോഗിച്ചാണ് തുടക്കത്തില്‍ മാതൃകകള്‍ നിര്‍മിച്ചത്. പ്ലാസ്റ്റിക് കുപ്പി, ഗുളികയുടെ പാക്കറ്റ്, റീഫില്ലര്‍, ടൂത്ത്പേസ്റ്റ് പാക്കറ്റ്, പൊട്ടുകള്‍ തുടങ്ങിയവയെല്ലാം ബസുകളുടെ ഭാഗങ്ങളാക്കുന്നു. അക്ഷയിന്റെ ബസ് നിര്‍മാണത്തെക്കുറിച്ച് അറിവുള്ള സമീപത്തെ കച്ചവടക്കാര്‍ ഇവയെല്ലാം അവനായി മാറ്റിവെക്കാറുണ്ട്. കാഴ്ചയ്ക്ക് പ്രശ്നം ഉള്ളതിനാല്‍ രണ്ടുമാസത്തോളം സമയമെടുത്താണ് ഓരോ മാതൃകയും തീര്‍ക്കുന്നത്. വീടിനുപുറത്തുവെച്ച് മാത്രമേ ഇവ നിര്‍മിക്കാനാവൂ.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരന് അഭയ് സുരേഷ് വേണ്ട സഹായങ്ങള്‍ നല്കുന്നു. സഹോദരനും കാഴ്ച കുറഞ്ഞുവരുന്ന പ്രശ്നമുണ്ട്. ഇതില്‍ ചികിത്സ നടത്തുന്നുണ്ട്. 5 വര്‍ഷത്തോളമായി അക്ഷയുടെ കണ്ണിന് ചികിത്സനടത്തുന്നുണ്ട്. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. ജനിച്ചപ്പോള്‍ത്തന്നെ കണ്ണിന്റെ ഞരമ്പുപൊട്ടി കാഴ്ച നഷ്ടമാവുകയായിരുന്നു. നിലവില്‍ ആയുര്‍വേദ ചികിത്സയിലാണ്. വര്‍ഷത്തില്‍ 21 ദിവസം ആശുപത്രിയില്‍ താമസിച്ച് വേണം ചികിത്സ. മാസത്തില്‍ മൂവായിരം രൂപയോളം മരുന്നിന് വേണം. കൂലിപ്പണിക്കാരനായ അച്ഛന് സുരേഷിന്റെ ഏകവരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അതുകൊണ്ടുതന്നെ കടംവാങ്ങിയും സുമനസ്സുകളുടെ സഹായം കൊണ്ടുമൊക്കെയാണ് ഇതുവരെയും ചികിത്സ നടത്തിയത്.
സ്ഥിരം ഇടപെടുന്ന സ്വന്തം വീടിന്റെ അകത്തുപോലും പരസഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ അമ്മ ശ്രീജയ്ക്ക് മറ്റുജോലികള്‍ക്ക് ഒന്നുംപോകാനും കഴിയുന്നില്ല. അക്ഷയിന് ലഭിക്കുന്ന വികലാംഗപെന്ഷന് കൊണ്ടാണ് കുഞ്ഞന്‍ രൂപങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഷീറ്റ് വാങ്ങുന്നത്. ഉണ്ടാക്കിയ ബസിന്റെയോ, ഓട്ടോറിക്ഷയുടെ ഒക്കെ രൂപങ്ങള്‍ വിറ്റുപോയാല്‍ മാത്രമേ അടുത്തത് നിര്‍മിക്കാനുള്ള പണം ലഭിക്കുകയുള്ളൂ.
Content Highlights: Partially Blind Akshy Make Miniature Buses, Miniature Bus, Miniature Vehicle Design
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..