മ്പര്‍ പ്ലേറ്റ് മറച്ച് ഓടുന്ന മറുനാടന്‍ ലോറികളുടെ എണ്ണം കൂടുന്നു. അപകടകാരികളായ ഈ അതിവേഗ ഓട്ടക്കാരെ നിയന്ത്രിക്കാന്‍ ആരുമില്ല. റോഡിലെ സി.സി.ടി.വി.യില്‍ നമ്പര്‍ പതിയില്ല. അതിനാല്‍ ഇടിച്ചിട്ട് പോകുന്നവ അജ്ഞാത വാഹനങ്ങളുടെ പട്ടികയിലാണ് ഇടംപിടിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ ഒക്ടോബറില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ നാല് കേസുകളും ഓഗസ്റ്റില്‍ ഒന്നും ഉണ്ട്. വളപട്ടണത്ത് ഒരു മരണവും പോലീസ് റെക്കോഡ്സിലുണ്ട്.

അതിര് കടന്ന് കേരളത്തില്‍ ചരക്കുമായി എത്തുന്ന പല ലോറികളുടെയും വണ്ടിനമ്പര്‍ വായിച്ചെടുക്കാന്‍ കഴിയില്ല. പിന്‍ഭാഗത്തെ നമ്പര്‍പ്ലേറ്റ് മറച്ചാണ് ഇവ പായുന്നത്. ലോറികള്‍ക്കു പിന്നില്‍ ഘടിപ്പിക്കാറുള്ള ക്രാഷ് ഗാര്‍ഡ് ഇതില്‍ പ്രധാനം. വാഹനത്തിന്റെ പിറകില്‍ അലങ്കാരപ്പണി ചെയ്തും നമ്പര്‍ മറക്കുന്നു.

പ്ലേറ്റ് മറച്ച് മുന്നില്‍ ഗ്രില്‍ വെക്കുന്നതും കാണാം. ചില അക്കങ്ങള്‍ അടുത്തുപോയി നോക്കിയാലും മനസ്സിലാവില്ല. മറ്റു വാഹനങ്ങളെ ഇടിച്ചിട്ട് നിര്‍ത്താതെ മുങ്ങി ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുന്ന വാഹനങ്ങളില്‍ അധികവും ഇങ്ങനെ നമ്പര്‍ മറച്ചാണ് രക്ഷപ്പെടുന്നതെന്ന് വാഹനവകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്.

ബൈക്ക് അടക്കമുള്ള ചെറുവാഹനങ്ങളും പ്രഭാത സവാരിക്കാരും റോഡിലെ ഇരകളാകുന്നു. ഓരോ വര്‍ഷം കഴിയുമ്പോഴും പിടികിട്ടാത്ത അജ്ഞാത വാഹനങ്ങളുടെ എണ്ണം കൂടിവരികയാണെന്ന് ദേശീയ റോഡ് ഗതാഗത മന്ത്രാലയം കണക്കുകള്‍ പറയുന്നു.

ഇതും ഒരു 'നമ്പര്‍'

തുണിക്കഷണം കൊണ്ട് പിറകില്‍ ഡക്കറേഷന്‍ ആക്കുന്നത് പതിവുകാഴ്ചയാണെന്ന് ചെറുവാഹന യാത്രക്കാര്‍ പറയുന്നു. ചെറുവാഹനങ്ങളെ മൈന്‍ഡ് ചെയ്യില്ല. ഹെഡ് ലൈറ്റ് ഡിം ചെയ്യുന്ന റോഡിലെ രാത്രിമര്യാദ കുറഞ്ഞു. എല്‍.ഇ.ഡി. ലൈറ്റായതിനാല്‍ എതിര്‍ദിശയിലെ കനത്ത പ്രകാശത്തില്‍ ചെറുവാഹനങ്ങള്‍ റോഡില്‍നിന്ന് ഇറക്കി ഓടിക്കണം.

കുണ്ടും കുഴിയും ഉണ്ടായാലും മെക്കാഡം റോഡായാലും പോക്ക് വളരെ വേഗത്തിലാണ്. നമ്പര്‍ പ്ലേറ്റ് മറച്ച നിരവധി ചരക്കുവണ്ടികളെ രാത്രി കാണാറുണ്ടെന്ന് തലശ്ശേരിയില്‍നിന്ന് ദിവസവും രാത്രി എട്ടിന് കൊയിലാണ്ടിയിലേക്ക് ബൈക്കില്‍ പോകുന്ന ഗണേഷ് പറയുന്നു.

കോവിഡ് കാലമായിട്ടും രാത്രി ചരക്കുവാഹനങ്ങളുടെ പ്രളയമാണെന്ന് കോളേജ് അധ്യാപിക ഡോ.ജിജികുമാരി പറയുന്നു. കണ്ണൂരില്‍നിന്ന് കണ്ണപുരത്തേക്ക് രാത്രി കാറില്‍ കുടുംബസമേതം യാത്ര ചെയ്യുമ്പോള്‍ ചരക്കുവാഹനങ്ങളുടെ പോക്കും എണ്ണവും നോക്കും. വളപട്ടണം ചുങ്കത്തുനിന്ന് കണ്ണപുരത്തെത്തുമ്പോഴേക്കും ഏതാണ്ട് 60-ല്‍ അധികം മറുനാടന്‍ ചരക്കുലോറികള്‍ പാസ് ചെയ്യാറുണ്ട്. ലൈറ്റില്‍ കാണാം നമ്പര്‍ മറച്ച് ഓടുന്ന ലോറികളെ.

പരിശോധനയുണ്ട്

ഇടയ്ക്കിടെ പരിശോധന നടത്താറുണ്ട്. ഇത്തരം ലോറികളെ പിടിക്കാറുമുണ്ട്. പിഴ ചുമത്തുന്നതിനൊപ്പം നമ്പര്‍പ്ലേറ്റ് മറയ്ക്കുന്ന സാധനങ്ങള്‍ മാറ്റിക്കാറുണ്ട്. എന്നാല്‍ വണ്ടിയിലുള്ളവര്‍ ഇത് മാറ്റാന്‍ പലപ്പോഴും മടിക്കും. അഴിച്ചുമാറ്റുന്നത് തന്നെ കുറെ സമയം എടുത്താണ്. തിരക്കുള്ള സമയമാണെങ്കില്‍ ഇത് ഗതാഗതത്തെ ബാധിക്കും. ചെക്ക് പോസ്റ്റിലും റോഡിലുമുള്ള പരിശോധനയ്ക്ക് നിലവിലുള്ള ഉദ്യോഗസ്ഥര്‍ മതിയാവില്ല.

ഇ.എസ്.ഉണ്ണിക്കൃഷ്ണന്‍, ആര്‍.ടി.ഒ, കണ്ണൂര്‍

ശ്രദ്ധിക്കും, നടപടിയെടുക്കും

നമ്പര്‍പ്ലേറ്റ് മറച്ചുവച്ച് ഓടുന്ന വാഹനങ്ങളെ ഗൗരവമായി ശ്രദ്ധിക്കും. നടപടിയെടുക്കും. റോഡില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ നിരവധി അപകടങ്ങള്‍ മുന്നിലുണ്ട്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ എട്ടുപേര്‍ ഇരയായിട്ടുണ്ട്.

കെ.വി.വേണുഗോപാല്‍, ഡിവൈ.എസ്.പി, ഡി.സി.ആര്‍.ബി.

Content Highlights: Other State And Long Service Trucks Hide The Number plate