ലൂര്‍ ജങ്ഷനില്‍ തന്റെ കാറുമായി ഒരാള്‍ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. കാറിന്റെ മുകളില്‍ പെട്രോള്‍ പമ്പിന്റെ ഒരു മാതൃകയുണ്ട്, ഇതില്‍ 'പണം കൊള്ളയടിക്കുന്ന മെഷീന്‍' എന്നെഴുതിയിരിക്കുന്നു. കാറില്‍ പല ഭാഗങ്ങളിലായി ഇന്ധന വിലയ്‌ക്കെതിരേയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങളും.

എരൂരില്‍ താമസിക്കുന്ന സജാദ് ഹംസയാണ് ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വേറിട്ട പ്രതിഷേധം നടത്തുന്നത്. ദിവസവും രാവിലെ കാറിലെത്തി കലൂരിലെ തറവാട്ട് വീട്ടില്‍ മക്കളെ ആക്കിയ ശേഷം 10.30-ഓടെ പ്രതിഷേധ കാര്‍ കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ കൊണ്ടുവന്നിടും.

പിന്നീട് മോട്ടോര്‍ സൈക്കിളില്‍ ജോലിക്കായി ഇറങ്ങും. വൈകീട്ട് അഞ്ചര വരെ പ്രതിഷേധ കാര്‍ റോഡില്‍ കിടക്കും. വൈകീട്ട് ജോലി കഴിഞ്ഞു വന്ന് ബൈക്ക് സമീപത്ത് പാര്‍ക്ക് ചെയ്ത് കാറുമായി എരൂരിലെ വീട്ടിലേക്കു മടങ്ങും. കഴിഞ്ഞ 10 ദിവസമായി ഇതാണു സജാദിന്റെ ജീവിതചര്യ.

ആദ്യം കലൂര്‍ മെട്രോ സ്റ്റേഷനു നേരെ മുന്നില്‍ കാറിട്ട് പ്രതിഷേധിച്ചെങ്കിലും, പോലീസെത്തി ഇവിടെ നിന്നു വാഹനം നീക്കണമെന്ന് അറിയിച്ചു. വെള്ളിയാഴ്ച വാഹനം റോഡിലിട്ടതിനു നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് ഫോട്ടോയും എടുത്തു പോയി. നിലവില്‍ ഇവിടെ നിന്ന് കാര്‍ അല്പം നീക്കിയിട്ട് പ്രതിഷേധം തുടരുകയാണ് സജാദ്.

മോട്ടോര്‍ സൈക്കിളിലും ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധ മുദ്രാവാക്യം ഒട്ടിച്ചിട്ടുണ്ട്. ബൈക്കില്‍ നഗരത്തിലൂടെ സഞ്ചരിച്ച് ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധിക്കാനുള്ള ആഹ്വാനം നടത്തുകയും ചെയ്യുന്നു. 

വിവിധ ഓട്ടോ സ്റ്റാന്‍ഡുകളിലെത്തി ഇവിടെയുള്ളവരെ പ്രതിഷേധത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. മുദ്രാവാക്യങ്ങള്‍ എഴുതിയ പേപ്പറുകള്‍ സജാദ് ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിച്ച് പ്രതിഷേധിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വാഹനത്തില്‍ ഒട്ടിച്ച് നല്‍കും.

Content Highlights: One Man Protest Against Petrol-Diesel Price Hike