നീരജ് ചോപ്ര സ്വന്തമാക്കിയ ഫോർഡ് മസ്താങ്ങ് | Photo: Cartoq
ഒളിമ്പിക്സിലെ സ്വര്‍ണ നേട്ടത്തോടെ രാജ്യത്തെ അഭിമാന താരമായി മാറിയ വ്യക്തിയാണ് നീരജ് ചോപ്ര. സ്വര്‍ണ നേട്ടത്തിന് പിന്നാലെ മഹീന്ദ്ര ഗ്രൂപ്പ് സമ്മാനിച്ച എക്‌സ്.യു.വി.700 ഉള്‍പ്പെടെ നിരവധി ആദരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് എത്തിയ ഒരു വിദേശ സൂപ്പര്‍ കാറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹീറോ. ഫോര്‍ഡ് മസ്താങ്ങ് സൂപ്പര്‍ കാറാണ് നീരജ് ചോപ്രയുടെ വാഹന ശേഖരത്തിലെത്തിയ പുതിയ താരം.
മസ്താങ്ങിന്റെ ബ്ലൂ ഷെയ്ഡിലുള്ള വാഹനമാണ് നീരജ് തന്റെ ഗ്യാരേജില്‍ എത്തിച്ചിട്ടുള്ളത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനമായാണ് ഈ മസ്താങ്ങ് അദ്ദേഹം വാങ്ങിയിട്ടുള്ളതെന്നാണ് സൂചന. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ് ഈ വാഹനം. ഹരിയാന സ്വദേശിയാണ് നീരജ് ചോപ്ര. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് മസ്താങ്ങ് ഇവിടെ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. അവതരണത്തിന്റെ ഭാഗമായി ആദ്യമെത്തിയ ബാച്ച് അതിവേഗം വിറ്റഴിച്ചിരുന്നു.
ഫോര്‍ഡിന്റെ മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ള മസ്താങ്ങില്‍നിന്ന് വ്യത്യസ്തമായ എന്‍ജിനിലാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5.0 ലിറ്റര്‍ Ti-VCT V8 എഞ്ചിന്‍ 395.5 ബിഎച്ച്പി കരുത്തും 515 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സെക്കന്‍ഡില്‍ മസ്താങ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗം. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സില്‍ നോര്‍മല്‍, സ്പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ ഡ്രൈവിങ് മോഡുകളും ഇതിലുണ്ട്.
അഗ്രസീവ് ലുക്കില്‍ ഒരുങ്ങിയിട്ടുള്ള സ്‌പോട്‌സ് വാഹനമെന്നാണ് ഫോര്‍ഡ് മസ്താങ്ങിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. കുതിര കുതിച്ച് ചാടുന്ന ബ്രാന്റ് ലോഗോ പതിപ്പിച്ച ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡാലാമ്പ്, സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകള്‍, ഒഴുകി ഇറങ്ങുന്ന റൂഫ് എന്ന എല്‍.ഇ.ഡി. ബാറുകളായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ, ജി.ടി. ബാഡ്ജിങ്ങ് എന്നിവയാണ് ഈ വാഹനത്തെ സ്‌പോര്‍ട്ടിയാക്കുന്നത്.
അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റെഗുലര്‍ വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിക്കുന്നുണ്ടെങ്കിലും മസ്താങ്ങ് പോലെ വിദേശ നിര്‍മിത ഫോര്‍ഡ് വാഹനങ്ങളുടെ വില്‍പ്പന തുടര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം, മസ്താങ്ങിന്റെ ഇലക്ട്രിക് പതിപ്പ് ഫോര്‍ഡ് വിദേശ വിപണികളില്‍ അവതരിപ്പിച്ചിരുന്നു. ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടില്ല.
Content Highlights: Olympics Gold Medalist Neeraj Chopra Buys Ford Mustang Sports Car, Neeraj Chopra, Ford Mustang


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..