കെ.എസ്.ആര്‍.ടി.സി. ബസുകളിലെ ഡീസല്‍ എന്‍ജിന്‍ മാറ്റി ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചാലോ..... വമ്പന്‍ മുതല്‍മുടക്കില്ലാതെ വൈദ്യുതി ബസുകള്‍ നിരത്തിലിറക്കാം. ഗതാഗതവകുപ്പിന്റെ കീഴില്‍ പാപ്പനംകോട്ടുള്ള ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ ഇതിനുള്ള പഠനം പുരോഗമിക്കുകയാണ്. ഓട്ടോറിക്ഷകളിലും പരീക്ഷണം നടക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി.യും കേരള ഓട്ടോമൊബൈല്‍സും നല്‍കുന്ന പഴയ വാഹനങ്ങളിലാകും മോട്ടോറും ബാറ്ററിയും ഘടിപ്പിക്കുക. നിലവിലുള്ള വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. എന്‍ജിന്‍ മാറ്റുമ്പോള്‍ വാഹനത്തിന്റെ ഭാരസന്തുലനം മാറും. ബാറ്ററിവയ്ക്കാന്‍ നിലവിലെ കോച്ചില്‍ മാറ്റംവരുത്തേണ്ടിവരും. ബാറ്ററിയുടെ ചൂട് കുറയ്ക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്. 

വീലുകള്‍ക്കുള്ളില്‍ ഘടിപ്പിക്കാവുന്ന ഹബ്ബ് മോട്ടോറുകള്‍ പ്രചാരത്തിലുണ്ടെങ്കിലും ചെലവ് കുറയ്ക്കാന്‍ നിലവിലുള്ള ആക്സില്‍ സംവിധാനം ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്ന ഇലക്ടിക് ബസുകളില്‍ ഡ്രൈവര്‍ക്ക് പിന്നിലാണ് ബാറ്ററി ബോക്സുള്ളത്. ഇതിനു പകരം ബാറ്ററികള്‍ വിവിധ സ്ഥലങ്ങളിലായി വച്ച് ഭാരസന്തുലനം പാലിക്കുന്നതും പരിഗണനയിലുണ്ട്. 

ചാര്‍ജ് തീരുന്നതനുസരിച്ച് ബാറ്ററികള്‍ മാറ്റാനാകുന്ന രീതിയിലാണ് ഗവേഷണം പുരോഗമിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിന് ഏറെസമയം നഷ്ടമാകില്ല. ചാര്‍ജുള്ള ബാറ്ററി ഘടിപ്പിച്ച് യാത്ര തുടരാം. ഡിപ്പോകളില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാകും. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ നോളേജ് എന്ന പേരിലാണ് പ്രോജക്ട് ഒരുങ്ങുന്നത്. 

ഓട്ടോമൊബൈല്‍ വിഭാഗം മേധാവി ഡോ. യു.പ്രകാശിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണത്തില്‍ മെക്കാനിക്കല്‍, ഇലക്ടോണിക്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളും പങ്കാളികളാണ്. മെക്കാനിക്കല്‍ മേധാവി ഡോ. അനൂപിന് പുറമേ ഏഴ് അധ്യാപകരും കോഴ്സ് പൂര്‍ത്തീകരിച്ച 10 വിദ്യാര്‍ഥികളും ടീമിലുണ്ട്. ഗവേഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക സഹായം ഉപയോഗിച്ചാണ് പഠനം പുരോഗമിക്കുന്നത്. കോവിഡ് കാരണം കോളേജ് അടച്ചത് ചെറിയ തടസ്സമായെങ്കിലും പരമാവധി വേഗത്തില്‍ ഗവേഷണം പൂര്‍ത്തീകരിക്കാനാണ് നീക്കം.

തമിഴ്നാട് മുന്നില്‍

നിലവിലുള്ള വാഹനങ്ങളില്‍ വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കുന്നതില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണ്. പ്രാദേശികമായി പലരും- വാഹനങ്ങള്‍ വൈദ്യുതിയിലേക്കു മാറ്റുന്നുണ്ട്. ചൈനീസ് ബാറ്ററി വാങ്ങി കൂട്ടിച്ചേര്‍ത്ത് ബാറ്ററിപാക്ക് ആക്കി വാഹനത്തില്‍ ഘടിപ്പിക്കും.

വീലില്‍ പിടിപ്പിക്കാന്‍ പറ്റിയ വിവിധതരം മോട്ടോറുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിപണിയില്‍ ലഭ്യമാണ്. ഇത്തരം പരീക്ഷണങ്ങളില്‍ അപകടസാധ്യതയുള്ളതിനാല്‍ ശാസ്ത്രീയ ഗവേഷണരീതിയാണ് സംസ്ഥാനം തേടുന്നത്. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി വികസിപ്പിക്കുന്ന സംവിധാനം ഭാവിയില്‍ സ്വകാര്യമേഖലയ്ക്കും പ്രയോജനകരമാകും.

Content Highlights: Old KSRTC Buses, Electric Buses, Diesel Bus, KSRTC Bus, KSRTC