സ്വകാര്യ വാഹനങ്ങളേക്കാള്‍ പരിഗണന പൊതുഗതാഗതത്തിന് നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനിടയിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പൊതുഗതാഗത മേഖല കിതയ്ക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് ബസുകളുടെയും മറ്റുപൊതുവാഹനങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവാണുണ്ടാക്കിയത്. 

കർണാടകയിൽ ഏഴുവര്‍ഷത്തിനിടെ ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും എണ്ണം ഇരട്ടിയായി വര്‍ധിച്ചപ്പോഴും പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ താരതമ്യേന കുറഞ്ഞ വര്‍ധനയാണുണ്ടായത്. 2011- 12 വര്‍ഷംവരെ 77.4 ലക്ഷം ഇരുചക്രവാഹനങ്ങളുണ്ടായിരുന്നത് 2019 ജനുവരിയോടെ 1.5 കോടിയായി വര്‍ധിച്ചു. 

കാറുകളുടെ എണ്ണത്തിലും ഈ വര്‍ധന പ്രകടമാണ്. 12.74 ലക്ഷം കാറുകളാണ് 2011-12-ല്‍ സംസ്ഥാനത്തുണ്ടായിരുന്നത്. ഈ വര്‍ഷം 24.7 ലക്ഷമായി കാറുകളുടെ എണ്ണം കൂടി. അതേസമയം റൂട്ട് ബസുകള്‍, കോണ്‍ട്രാക്റ്റ് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയുടെ എണ്ണത്തില്‍ സമാനമായ വര്‍ധനയുണ്ടായില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ 2012-ല്‍ 62, 508 എണ്ണമുണ്ടായിരുന്നത് 2019-ല്‍ 1.06 ലക്ഷം വാഹനങ്ങളായി. ഏഴുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 44,404 മാത്രം.

ആവശ്യത്തിന് ബസുകളില്ലാത്തത് ഗ്രാമീണമേഖലകളെയാണ് ഏറെ ബാധിക്കുന്നത്. ഇവിടങ്ങളില്‍ കാര്യമായി സര്‍ക്കാര്‍ ബസുകളും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളെ ഇത്തരം പ്രദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. 

അതേസമയം ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. നഗരത്തിലെ വാഹനങ്ങളില്‍ 90 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഉയരുന്ന വാദം.

ബസുകളുടെ ടാക്‌സ് കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ടിക്കറ്റ് നിരക്കും കുറയും. കൂടുതല്‍ യാത്രക്കാരെ ഇതിലൂടെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.

വാഹനാപകടങ്ങളില്‍ ദിവസം രണ്ടുമരണം

വാഹനപ്പെരുപ്പം നഗരത്തിലെ അപകടങ്ങളുടെ നിരക്കിലും വന്‍ വര്‍ധനയാണുണ്ടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നഗരത്തില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 114 പേരാണെന്നാണ് കണക്ക്. ഒരുദിവസം ശരാശരി രണ്ടു മരണങ്ങള്‍. 

ഇതേകാലയളവില്‍ 799 അപകടങ്ങളുമുണ്ടായി. യലഹങ്ക മേഖലയിലാണ് ഏറ്റവും കൂടുതല്‍ അപകടമരണങ്ങളുണ്ടായത് 47 എണ്ണം. പീനിയ മേഖലയില്‍ 38-ഉം വൈറ്റ് ഫീല്‍ഡ്, ദേവനഹള്ളി മേഖലകളില്‍ 36 അപകടങ്ങള്‍ വീതവുമുണ്ടായി.

Content Highlights: Number Of Private Vehicle Increase, Public Transport Decline