കൊച്ചിയില്‍നിന്ന് ചരക്കുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പായുന്ന ട്രെയ്ലര്‍ ലോറികള്‍ നിരത്തുകളില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. വ്യാഴാഴ്ച കോയമ്പത്തൂരിനടുത്തുണ്ടായ അപകടവും സൃഷ്ടിച്ചത് ട്രെയ്ലര്‍ ലോറി തന്നെ. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയ്ലര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ കടുത്ത സമ്മര്‍ദം നേരിടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

വല്ലാര്‍പാടവുമായി ബന്ധപ്പെട്ട ചരക്ക് ഗതാഗത മേഖല കടുത്ത മത്സരത്തിന്റെ വേദിയായി മാറിയതോടെ ട്രെയ്ലര്‍ ജീവനക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നുണ്ട്. ചരക്കുമായി പോകുന്ന ട്രെയ്ലര്‍ ലോറികളില്‍ ആകെയുണ്ടാകുക ഡ്രൈവര്‍മാര്‍ മാത്രമാണ്. രാത്രി വലിയ ഭാരം പേറുന്ന ട്രെയ്ലറുകള്‍ ഒറ്റയ്ക്ക് ഒരാള്‍ ഓടിച്ചുപോകുകയാണ്. രാവും പകലും വിശ്രമമില്ലാതെയാണ് ഈ ഓട്ടം.

ഓട്ടത്തിന് ആകെ ലഭിക്കുന്ന വാടകയുടെ 10.5 ശതമാനമാണ് ഡ്രൈവറുടെ കൂലി. 5.5 ശതമാനം ക്ലീനര്‍ക്ക് വേതനം ലഭിക്കും. ജോലിഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ തുച്ഛമായ വേതനമാണ്. അതുകൊണ്ട് ഡ്രൈവറുടെയും ക്ലീനറുടെയും വേതനം കൂട്ടിവാങ്ങി ഡ്രൈവര്‍ മാത്രമായി വണ്ടിയില്‍ ഓടുകയാണ്. രണ്ട് പേരുടെയും വേതനം കൂട്ടിയാലും നഷ്ടമാണെന്ന് ജീവനക്കാര്‍ പറയുന്നു. 

ഒരു ട്രിപ്പിനാണ് വേതനം കണക്കാക്കുന്നത്. പുറപ്പെട്ട് തിരിച്ചുവരുന്നതു വരെ ഒരു കൂലിയാണ്. ഇതിനിടയില്‍ വഴിയില്‍ വിശ്രമത്തിന് സമയം നഷ്ടപ്പെടുത്താന്‍ ആരും തയ്യാറല്ല. വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ചെലവിന് പണം വേണം. ഇത് വാഹന ഉടമ നല്‍കില്ല. അതുകൊണ്ട് രാത്രിയും പകലും ഒറ്റയ്ക്ക് വണ്ടി ഓടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.

വല്ലാര്‍പാടത്ത് ചരക്ക് ഗതാഗത മേഖലയിലെ കടുത്ത മത്സരമാണ് ഇതിന് വഴിവയ്ക്കുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്രെയ്ലര്‍ ലോറികള്‍ക്ക് ഏകീകരിച്ച നിരക്ക് നിലവിലില്ല. ട്രക്ക് ഉടമകള്‍, കൂടുതല്‍ ട്രിപ്പ് കിട്ടുന്നതിനു വേണ്ടി വാടക നിരക്ക് തോന്നിയ പോലെ കുറയ്ക്കുകയാണത്രെ. അതനുസരിച്ച് ജീവനക്കാരുടെ വേതനത്തിലും കുറവ് വരും. അപ്പോള്‍ കൂടുതല്‍ ട്രിപ്പ് കിട്ടാതെ തൊഴിലാളിക്ക് ജീവിക്കാനാകില്ല. കൂടുതല്‍ ജോലി കിട്ടുന്നതിനു വേണ്ടിയാണ് ഉറക്കമില്ലാതെയും വിശ്രമമില്ലാതെയും ഡ്രൈവര്‍മാര്‍ പറക്കുന്നത്. ഇതാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്.

കോയമ്പത്തൂരില്‍ അപകടമുണ്ടാക്കിയ ട്രെയ്ലര്‍ ഓടിച്ചിരുന്ന ഡ്രൈവറും തുടര്‍ച്ചയായി ജോലി ചെയ്തുവരികയായിരുന്നു. വാടക കുറച്ച് ട്രിപ്പുകള്‍ ഏറ്റെടുക്കുന്നതിനെതിരേയും തൊഴിലാളികളെ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നതിനെതിരേയും ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാരിന് പരാതികള്‍ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്ന ഏര്‍പ്പാടുകള്‍ക്കെതിരേ ആരും നടപടിയെടുക്കുന്നില്ല.

Content Highlights: Night Ride Of Trailer Trucks In India