വിപണിയിലുള്ള ഏറ്റവും ജനപ്രിയ മോഡല്‍ കോംപാക്ടുകളിലൊന്നാണ് ഫോക്‌സ്‌വാഗന്റെ പോളോ. വിലസ്ഥിരത, ഗുണനിലവാരം, ഈട് ഇവയാണ് പോളോയുടെ മുഖമുദ്ര. 1975-ലെ ആദ്യമോഡല്‍ തലമുറ തൊട്ട് ഇപ്പോള്‍ വിപണിയിലുള്ള അഞ്ചാം തലമുറ വരെ എല്ലാം കൂടി ഏതാണ്ട് 1.4 കോടി യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട പോളോ ഫോക്‌സ്‌വാഗന്‍ മോഡലുകളില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം നമ്പറാണ്.

മുമ്പ് മിക്ക പ്രമുഖ ബ്രാന്‍ഡുകളുടെയും ശ്രദ്ധ ലാഭത്തിന്റെ മാര്‍ജിന്‍ കുറഞ്ഞ കോംപാക്ട് മോഡലുകളിലയിരുന്നില്ല, സെഡാന്‍, കൂപ്പെ, എസ്.യു.വി തുടങ്ങി വിലയും ലാഭവും കൂടുതലുള്ള മോഡലുകളിലായിരുന്നു. ഇന്ന് കഥ മാറി. ലാഭത്തിന്റെ മാര്‍ജിന്‍ കുറവാണെങ്കിലും വില്‍പ്പനയിലെ എണ്ണക്കൂടുതല്‍ ലാഭവിഹിതം കൂട്ടുമെന്ന് മനസ്സിലാക്കിയ പ്രമുഖരും കോംപാക്ടിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ഫോഡ്, നിസ്സാന്‍, കിയ, റെനോ തുടങ്ങിയവരും സ്വന്തം കോംപാക്ടുകളുടെ വില്‍പ്പന കൂട്ടാനുള്ള തത്രപ്പാടിലാണ്. ഈ ഘട്ടത്തില്‍ പഴയ മേന്മകളും പറഞ്ഞ് മിണ്ടാതിരുന്നാല്‍ ശരിയാവില്ല എന്ന് കമ്പനിയുടെ സാരഥികള്‍ തിരിച്ചറിയുന്നു എന്ന സൂചന കൂടിയാണ് രൂപത്തേക്കാളുമേറെ ഭാവത്തില്‍ മാറ്റങ്ങളുമായി വന്ന പുതിയ പോളോ.

പോളോയുടെ നേരത്തെ പറഞ്ഞ ഗുണങ്ങളെല്ലാം മുതിര്‍ന്ന കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുമെങ്കിലും ചെറുപ്പക്കാര്‍ മോഹിക്കുന്ന തരം 'ചെത്ത്' സംവിധാനങ്ങളൊന്നും മോഡലിനില്ല എന്ന് കമ്പനിയുടെ പ്രോഡക്റ്റ് മാനേജര്‍മാര്‍ തന്നെ സമ്മതിക്കുന്നു. അത്തരം 'ചെത്ത്' വിദ്യകളാണ് പുതിയ മോഡലില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ന് വലുപ്പവും വിലയും കൂടുതലുള്ള മോഡലുകളില്‍ മാത്രം കിട്ടുന്ന സുഖസൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമാണ് പുതിയ തലമുറ മോഡലില്‍ ഒരുക്കുന്നത്.

New Polo
Courtesy; Volkswagen

65 എച്ച്പി കരുത്തുള്ള ബേസ് മോഡല്‍ മുതല്‍ 200 എച്ച്പി കരുത്തുള്ള ജിടി മോഡല്‍ വരെയായി ഏഴ് മോഡലുകളാണ് ആറാം തലമുറയിലുള്ളത്. വില കൂടുമെന്ന് മാത്രമല്ല, കൂടുതല്‍ പണം കൊടുത്താല്‍ ഓപ്ഷന്‍സ് ആയി പ്രീമിയം കാറുകളിലുള്ള തരം കൂടുതല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങളും ഡ്രൈവര്‍-സഹായ ഇലക്ട്രോണിക്‌സും മോഡലനുസരിച്ച് കൂട്ടിച്ചേര്‍ക്കാം.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ പോളോയുടെ പുതുമകള്‍ ഡാഷ് ബോഡില്‍ തന്നെ തുടങ്ങുന്നു. സ്റ്റിയറിങ്ങിന് പിന്നിലെ സ്പീഡോമീറ്റര്‍, ആര്‍പിഎം ഡയല്‍, ഫ്യൂവല്‍ ഗേജ് എന്നിയ്‌ക്കെല്ലാം പകരം അവിടെ ഒരു സ്‌ക്രീന്‍ മാത്രമാണ്. വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ മേല്‍പ്പറഞ്ഞ ഡയലുകള്‍ സ്‌ക്രീനില്‍ തെളിയും. ഫോക്‌സ്‌വാഗന്റെ തന്നെ ലക്ഷ്വറിബ്രാന്‍ഡായ ഔഡിയില്‍ മാത്രം ലഭ്യമായിരുന്ന 'ആക്ടീവ് ഇന്‍ഫോ ഡിസ്‌പ്ലേ' ആണ് ഈ സാങ്കേതികവിദ്യ.ഡാഷിന്റെ നടുവില്‍ പുതിയ സ്മാര്‍ട്‌ഫോണിനെ അമുസ്മരിപ്പിക്കുന്ന ഡിസ്‌പ്ലേയാണ് (10.4 മുതല്‍ 12.8 സെന്റിമീറ്റര്‍ വരെ). 

New Polo
Courtesy; Volkswagen

നഗരയാത്രകളില്‍ കാറിന്റെ മുന്നില്‍ കാല്‍നടക്കാര്‍ വന്നുപെട്ടാല്‍ അത് തിരിച്ചറിഞ്ഞ് കാര്‍ സ്വയം ബ്രേക്ക് ചെയ്യുന്നതാണ് പുതിയ പോളോയുടെ എല്ലാ മോഡലുകളിലും ഉള്ള ഡ്രൈവര്‍-സഹായി സാങ്കേതികവിദ്യ. പുതിയ പോളോയുടെ ഏഴ് മോഡലുകളെ പൊതുവെ മൂന്ന് ഗണങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്: ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍ എന്നിങ്ങനെ. ട്രെന്‍ഡ്‌ലൈന്‍ ആണ് ബേസ് മോഡല്‍. അല്‍പം കൂടി സൗകര്യങ്ങള്‍ കൂടുതലുള്ള കംഫര്‍ട്‌ലൈനില്‍ കൂടുതല്‍ നല്ല ഇന്‍ഫോടെയിന്‍മെന്റ് സവിധാനങ്ങള്‍, എ.സി., കൂടുതല്‍ ഇന്റീരിയര്‍ നിറക്കൂട്ട് എന്നിവയുണ്ട്. ഇതിനും മുകളിലുള്ള ഹൈലൈനില്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ആപ്പിളിന്റെ ഓഡിയോ ബ്രാന്‍ഡായ ബീറ്റ്‌സിന്റെ 300 വാട്ട് സ്റ്റീരിയോ സിസ്റ്റം എന്നിവയുമുണ്ട്.

New Polo
Volkswagen

ട്രെന്‍ഡ്‌ലൈന്‍ മുതല്‍ എല്ലാ മോഡലുകളിലും ഡ്രൈവര്‍ക്ക് തന്നെ സെറ്റ് ചെയ്യാവുന്ന വേഗപ്പൂട്ട് -സ്പീഡ്‌ലിമിറ്റര്‍- ഉണ്ടാകും. കയറ്റിറക്കങ്ങളുള്ള റോഡുകളില്‍ സ്വയം താഴേക്ക് ഉരുണ്ടുപോകാതിരിക്കാന്‍ വേണ്ട ഹില്‍ ഹോള്‍ഡ് സഹായസംവിധാനവും ക്ഷീണിതനായ ഡ്രൈവറുടെ ശ്രദ്ധ നഷ്ടപ്പെടുകയാണെങ്കില്‍ അയാളെ അതറിയിക്കാനുള്ള ഡ്രൈവര്‍ അലേര്‍ട് സിസ്റ്റവും എല്ലാ ട്രിംലൈനുകളിലും ഉണ്ട്.

പോളോയുടെ പഴയ പ്ലാറ്റ്‌ഫോമില്‍ ഈ വക കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കുക പ്രയാസമായതിനാല്‍ ഗോള്‍ഫ് മുതല്‍ പസ്സാറ്റ് വരെയുള്ള മോഡലുകള്‍ക്ക് പൊതുവായ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ പോളോയും നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ പോളോയ്ക്ക് വലിപ്പം കൂടുതലാണ് -ഇപ്പോവുള്ള പോളോയേക്കാള്‍ 9.4 സെന്റിമീറ്റര്‍ കൂടുതല്‍ നീളം- ഉള്ളില്‍ സ്‌പേസും. പഴയ മോഡലില്‍ ഉള്ള 280 ലിറ്റര്‍ ലഗ്േജ് സ്‌പേസിന് പകരം ഇവിടെ അളവ് 351 ലിറ്ററാണ്. പെട്രോളിനും ഡീസലിനും പുറമെ എല്‍പിജി എഞ്ചിന്‍ മോഡലും പുതിയ പോളോയുടെ കൂട്ടത്തിലുണ്ട്.

New Polo
Courtesy; Volkswagen