കോവിഡ്-19 സൃഷ്ടിച്ച ക്ഷീണത്തില്‍നിന്ന് വാഹന വിപണി ഉണര്‍ന്നുകഴിഞ്ഞു. കോവിഡ് ഭീതിയില്‍ സ്വന്തമായൊരു വാഹനം എന്നത് ഒരു ആവശ്യമായി മാറിയതോടെ, വിപണിയില്‍ ലഭ്യമായ വായ്പാ സ്‌കീമുകളും ഓഫറുകളും പ്രയോജനപ്പെടുത്തി വാഹനം സ്വന്തമാക്കാനുള്ള തിരക്കിലാണ് ഉപഭോക്താക്കള്‍. അതിനു പറ്റിയ സമയവും ഇതാണ്. കോവിഡ് ഭീതി പതുക്കെ അകന്നുതുടങ്ങിയതും വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെട്ടതുമെല്ലാം വാഹനക്കമ്പനികളെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ശുഭ സൂചനകളാണ്.
ഏറ്റവും മികച്ച ഫീച്ചറുകളൊരുക്കി, ബജറ്റിലൊതുങ്ങുന്ന വാഹനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ കമ്പനിയും വിപണി പിടിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നത്. എന്നാല്‍, ഇതോടൊപ്പംതന്നെ ആഡംബര വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള പതിപ്പുകളിലും കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ക്രിസ്മസിനടുപ്പിച്ച് പുതിയ വാഹനങ്ങളുടെ അവതരണത്തിനും കമ്പനികള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. വമ്പന്‍ ഓഫറുകള്‍ക്കു പുറമേ ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും കമ്പനികള്‍ നല്‍കുന്നുണ്ട്.
നവംബറിലെത്തിയ വാഹനങ്ങള്‍
ന്യൂ ഹ്യുണ്ടായി ഐ-20, മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.സി. 43 എ.എം.ജി. 4 മാറ്റിക് കൂപ്പെ, ബി.എം.ഡബ്ല്യു. എക്സ് 3എം, ഔഡി ക്യു 2, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ബി.എം.ഡബ്ല്യു. 2 സീരീസ് ഗ്രാന്‍ കൂപ്പെ, എം.ജി. ഗ്ലോസ്റ്റര്‍, മഹീന്ദ്ര ഥാര്‍, നിസാന്‍ മാഗ്നൈറ്റ്, ബി.എം.ഡബ്ല്യു. എക്സ് എം., ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മെഴ്‌സിഡസ് ബെന്‍സ് ഇ.ക്യു.സി. എന്നിവയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിലെത്തിയ വാഹനങ്ങള്‍.
കഴിഞ്ഞ ആറു മാസത്തിനിടെ 62-ല്‍ അധികം പുതിയ കാര്‍ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4.99 ലക്ഷം രൂപ മുതല്‍ വിലയുള്ള നിസാന്‍ മാെഗ്നെറ്റ് മുതല്‍ 1.95 കോടി രൂപ മുതല്‍ വില വരുന്ന ബി.എം.ഡബ്ല്യു. എക്സ് 5 എം. വരെ പുത്തന്‍ വാഹനങ്ങളുടെ നിരയിലുണ്ട്.
ഫീച്ചറുകളിലും സുരക്ഷയിലും ഒരുപോലെ മുന്നിട്ടുനില്‍ക്കുന്ന വാഹനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ പ്രഥമ പരിഗണന. വിപണിയിലെ ഈ വികാരം മനസ്സിലാക്കിയെന്നോണം ഓരോ മോഡലിലും ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ അനുസരിച്ചുള്ള മാറ്റം കൊണ്ടുവരാന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. അഴകിലും ഫീച്ചറുകളിലും അടിമുടി മാറിയെത്തിയ ന്യൂ ഹ്യുണ്ടായി ഐ-20 ഇതിന് ഒരു ഉദാഹരണം മാത്രം.
പ്രതീക്ഷകള്‍
ക്രിസ്മസ് ഓഫറുകള്‍ നോക്കി വാഹനം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന സൂചനയാണ് വാഹന വിപണിയില്‍നിന്ന് ലഭിക്കുന്നത്. 70-ല്‍ അധികം വാഹനങ്ങളുടെ ലോഞ്ച് ആണ് വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നത്. 1.55 കോടി മുതല്‍ രണ്ട് കോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ബി.എം.ഡബ്ല്യു. എം.5 ഫേസ്ലിഫ്റ്റ്, ഫോഴ്‌സ് മോട്ടോര്‍ ഗുര്‍ഖ ബി.എസ്.6, മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍, ഔഡി എസ്.5 സ്പോട്ട്ബാക്ക്, ടൊയോട്ട യാരിസ് ബ്ലാക് ലിമിറ്റഡ് എഡിഷന്‍, പോര്‍ഷെ ടെയ്കാന്‍ എന്നിവയാണ് ഡിസംബറില്‍ പ്രതീക്ഷിക്കുന്ന വാഹനങ്ങള്‍. ഔഡി എ 4, മഹീന്ദ്ര ഇ. കെ.യു.വി. 100, ടാറ്റ ഗ്രാവിറ്റാസ് എന്നിവ അടുത്ത വര്‍ഷം ജനുവരിയോടെ വിപണിയിലെത്തുമെന്നാണ് സൂചന.
Content Highlights: New Vehicles And Offers In Christmas And New Year Festival Season