ഹാച്ച്ബാക്ക് കാറുകള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയായിരുന്നു 'ക്വിഡ്' എന്ന കൊച്ചുകാര്‍ വന്നത്. ഫ്രഞ്ച് സൗന്ദര്യമായിരുന്നു മുഖമുദ്ര. ഇതുവരെ ഇന്ത്യ കണ്ട ശാന്തമായ മുഖത്തിനു പകരം ഗൗരവമുള്ള മുഖം ഹാച്ച്ബാക്കുകള്‍ക്ക് നല്‍കിയായിരുന്നു വരവ്. അതുകൊണ്ടുതന്നെ 'ക്വിഡ്' ഹിറ്റാവുകയും ചെയ്തു. 'ഡസ്റ്റര്‍' എന്ന ആജാനുബാഹുവില്‍ നിന്ന് കടമെടുത്ത രൂപമായിരുന്നു ക്വിഡിന്. അധികം ആരും കൈവെക്കാത്ത മേഖല കൂടിയായതിനാല്‍ ക്വിഡിന് ആരാധകരുമേറി.

ഹാച്ച്ബാക്കിലെ എസ്.യു.വി. എന്ന പേരുമായായിരുന്നു ക്വിഡിന്റെ ഇതുവരെയുള്ള പ്രയാണം. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആകെപ്പാടെ മാറുകയാണ് ക്വിഡ്. രൂപത്തിലും ഭാവത്തിലും കൂടുതല്‍ പരുക്കനായി, ഉള്ളില്‍ ആഡംബരത്തിന്റേയും സൗകര്യത്തിന്റേയും തോത് ഒന്നുകൂടി കൂട്ടിയാണ് ക്വിഡിന്റെ വരവ്. പുതിയ ക്വിഡിനെ ഒന്നു പരിചയപ്പെടാം...

മസിലുപെരുപ്പിച്ചായിരുന്നു ക്വിഡിന്റെ വരവ്. രണ്ടാം വരവില്‍ ഈ മസിലുകള്‍ ഒന്നുകൂടി പെരുപ്പിച്ചിട്ടുണ്ട്. കുഞ്ഞനാണെങ്കിലും ഇതോടെ റോഡ് പ്രസന്‍സ് കൂടി... അതുതന്നെയാണ് ക്വിഡിന്റെ പ്രധാന പ്ലസ് പോയിന്റും. മുഖത്തിന്റെ ഗരിമ കൂട്ടുന്നതിനായി ഗ്രില്ലിലും ബമ്പറിലുമെല്ലാം റെനോ കൈവച്ചിട്ടുണ്ട്. ഗ്രില്‍ കൂടുതല്‍ വിശാലമായി. മുഖം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. കറുത്ത ഗ്രില്ലിനു നടുവില്‍ 'റെനോ'യുടെ വലിയ ലോഗോ തലയെടുത്ത് നില്‍ക്കുകയാണ്.

kwid

ഹെഡ്ലൈറ്റുകള്‍ ഗ്രില്ലില്‍നിന്ന് അടര്‍ത്തിമാറ്റി. പകരം അവിടെ വലിയ ഇന്‍ഡിക്കേറ്ററുകള്‍ സ്ഥാനംപിടിച്ചു. വലിയ ഇന്‍ഡിക്കേറ്റര്‍ ക്ലസ്റ്ററിനു നടുവിലാണ് വരപോലെ ഡി.ആര്‍.എല്‍... അതിനോടു ചേര്‍ന്ന് ഗ്രില്ലില്‍ ക്രോം വരയും നീണ്ടുകിടക്കുന്നു. ഗ്രില്ലിനും താഴെ എയര്‍വെന്റിനുമിടയിലാണ് വലിയ ഹെഡ്ലൈറ്റുകളുള്ളത്. വലിയ കംപാര്‍ട്ട്മെന്റിനുള്ളില്‍ തുറിച്ചുനോക്കി നില്‍ക്കുകയാണവ. ഹെഡ്ലൈറ്റ് കംപാര്‍ട്ട്മെന്റിന്റെ ചുറ്റിലും കറുത്ത ഷേഡിങ്ങും നല്‍കിയിട്ടുണ്ട്. അതില്‍ ഓറഞ്ച് ഗാര്‍ണിഷും എല്ലാം ചേര്‍ന്ന് ആനച്ചന്തം നല്‍കിയിട്ടുണ്ട് പുതിയ ക്വിഡിന്.

ഏറ്റവും ഉയര്‍ന്ന വേരിയന്റായ ക്ലൈംബറിലാണ് ഈ ഓറഞ്ചും കറുപ്പും ഇടകലര്‍ത്തി നല്‍കിയിട്ടുള്ളത്. ബമ്പറിനു താഴെ ക്ലാഡിങ് കൂടി നല്‍കിയതോടെ എസ്.യു.വി. കാഴ്ച പൂര്‍ണമായി. വശങ്ങളിലും ഈ നടപടികള്‍ കമ്പനി നടത്തിയിട്ടുണ്ട്. പ്രധാനമായും വീല്‍ ആര്‍ച്ചുകള്‍. ഈ വിഭാഗത്തില്‍ അധികം കാണപ്പെടാത്ത രീതിയിലുള്ള വലിയ വീല്‍ ആര്‍ച്ചുകളും പതിന്നാല് ഇഞ്ച് വീലും ചേരുമ്പോള്‍ വശങ്ങളിലെ കാഴ്ച പൂര്‍ണമാകുന്നു. കരുത്തേറിയ ബോഡി ലൈനും പ്ലാസ്റ്റിക് ക്ലാഡിങ്ങും വശങ്ങളിലുണ്ട്.

പിന്നിലെ പ്രധാന ആകര്‍ഷണം 'സി' ഷേപ്പിലുള്ള എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പാണ്. എല്‍.ഇ.ഡി. െൈലനിങ്ങടക്കം മൂന്ന് കംപാര്‍ട്ട്മെന്റുകളാണ് ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍. പിന്നിലെ ബമ്പറിനടിയിലും ക്ലാഡിങ് നല്‍കിയിട്ടുണ്ട്. പഴയ ക്വിഡിന്റെ രൂപംതന്നെ തുടരുന്നതാണ് പിന്‍ഭാഗം. റൂഫ് റെയിലും ഒതുങ്ങിയ ഡോര്‍ ഹാന്‍ഡിലും വാഹനത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.

kwid

ഉള്ളിലും കൂടുതല്‍ സൗകര്യം കൊണ്ടുവരാന്‍ റെനോ ശ്രമിച്ചിട്ടുണ്ട്. ബൂട്ട് സ്‌പേസ് കുറച്ച് പിന്നിലെ സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ലളിതമാണ് ത്രീ സ്‌പോക്ക് സ്റ്റിയറിങ്, തുകല്‍കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ മീറ്ററുകളില്‍ ആര്‍.പി.എമ്മും മറ്റു വിവരങ്ങളും തെളിയും. അധികം ആര്‍ഭാടങ്ങളൊന്നും ഇതിലില്ല. സെന്റര്‍ കണ്‍സോളിലും ലാളിത്യമുണ്ട്.

പ്രധാന ആകര്‍ഷണം വലിപ്പം കൂട്ടിയ ഡിജിറ്റല്‍ സ്‌ക്രീന്‍ തന്നെ. ഏഴ് ഇഞ്ചില്‍ നിന്ന് എട്ടിഞ്ചായി കൂടിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡും ആപ്പിളുമൊക്കെ ഇതില്‍ ചേരും. എ.സി. നോബുകളാണ് സ്‌ക്രീനിനു താഴെ. മുകളില്‍ എ.സി. വെന്റുകളും നല്‍കിയിരിക്കുന്നു. യു.എസ്.ബി. പോര്‍ട്ടും ചാര്‍ജിങ് പോയിന്റും സെന്റര്‍ കണ്‍സോളിലുണ്ട്. കറുത്ത തുകല്‍കൊണ്ട് പൊതിഞ്ഞ ഗിയര്‍ലിവറിലും ഓറഞ്ച് ലൈനിങ് നല്‍കിയിട്ടുണ്ട്. ക്ലൈംബറിലാണ് ഈ ഓറഞ്ചിന്റെ ആധിക്യം. മറ്റു മോഡലുകളില്‍ ഇതിനു പകരം വെള്ളിവരകളാണ്. ആവശ്യങ്ങള്‍ നടത്താനുതകുന്ന ഗ്ലൗബോക്‌സുമുണ്ട്.

കറുപ്പിനാണ് അകത്ത് പ്രാമുഖ്യം നല്‍കുന്നതെങ്കിലും ക്രോമിന്റേയും ഓറഞ്ചിന്റേയും വരകള്‍ ഉള്‍ഭാഗത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. സീറ്റുകളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പഴയ ക്വിഡിനേക്കാള്‍ പിന്നിലിരിക്കുന്നവരെ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. കാല്‍ നീട്ടിവെച്ചാലും മുന്‍സീറ്റില്‍ തട്ടുന്നില്ല. അതോടൊപ്പം, പൂര്‍ണമായും വാതിലുകള്‍ തുറക്കാന്‍ കഴിയുന്നതിനാല്‍ ഇറങ്ങാനും കയറാനും ബുദ്ധിമുട്ട് തോന്നില്ല.

kwid

ഡ്രൈവ്

ക്വിഡ് ക്ലൈംബറിന്റെ 1.0 ലിറ്റര്‍ പെട്രോളിന്റെ മാന്വലും എ.എം.ടി.യുമായിരുന്നു ഓടിച്ചുനോക്കിയത്. ഓട്ടോമാറ്റിക് ഒരിഞ്ച് മുന്നിലാണ്, പ്രധാനമായും പിക്കപ്പിന്റെ കാര്യത്തില്‍. പഴയ എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ഓട്ടോമാറ്റിക്കിന്റെ ഗിയര്‍ഷിഫ്റ്റിങ് കുറച്ചുകൂടി മെച്ചപ്പെട്ടതായി തോന്നി. കയറ്റം വലിക്കുന്നതിലും പെട്ടെന്നുള്ള വേഗമെടുക്കലിലും ഓട്ടോമാറ്റിക് തരക്കേടില്ലാത്തവിധം പ്രതികരിക്കുന്നുണ്ടായിരുന്നു.

വാഹനം കൈകാര്യം ചെയ്യുന്നതിലെ സുഖമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കൈയിലൊതുങ്ങുന്ന സ്റ്റിയറിങ് നല്ല റെസ്‌പോണ്‍സാണ് തരുന്നത്. എ.എം.ടി.യിലെ നോബ് താഴത്തേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമാണ്. പ്രീമിയം കാറുകളില്‍ കാണുന്ന രീതിയിലാക്കി മാറ്റി.

5500 ആര്‍.പി.എമ്മില്‍ 67 ബി. എച്ച്.പി. കരുത്താണ് ഈ 1000 സി.സി. എന്‍ജിന്‍ നല്‍കുന്നത്. ഫൈവ് സ്പീഡാണ് മാന്വലാണ് ഗിയര്‍ബോക്‌സ്. സുരക്ഷയുടെ കാര്യത്തിലും ക്വിഡ് ഒരുപടി മുന്നോട്ട് പോയിട്ടുണ്ട്. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും എയര്‍ബാഗുകള്‍ വന്നു. എ.ബി.എസ്., ഇ.ബി.ഡി., സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട്, റിയര്‍ വ്യൂ ക്യാമറ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 'ബി.എസ്. 4'-ലാണ് ക്വിഡ് വരുന്നതെങ്കിലും ഭാവിയില്‍ 'ബി.എസ്. 6' പ്രതീക്ഷിക്കാം.

വാല്‍ക്കഷ്ണം

റോഡ് പ്രസന്‍സാണ് 'ക്വിഡ്' എന്ന കൊച്ചു വണ്ടിയുടെ പ്രധാന ആകര്‍ഷണം. തൊട്ടടുത്തു നിന്നാല്‍ ആരും ഒന്നു നോക്കും. അതിനു പുറമെ, കൂടിയ സൗകര്യങ്ങള്‍ കൂടി വന്നതോടെ ഒരു കൊച്ചു കുടുംബത്തിന് ചേരുന്ന കാറായി മാറിയിട്ടുണ്ട് ക്വിഡ്.

kwid

Content Highlights; new renault kwid review. kwid test drive, new kwid features