ഞ്ചു വര്‍ഷമായി ഇവന്‍ നമ്മുടെ റോഡുകളില്‍ നിത്യസാന്നിധ്യമായിരുന്നു. സൗന്ദര്യംകൊണ്ടും കരുത്തുകൊണ്ടും പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനവുമായി മാറി. പറഞ്ഞുവരുന്നത് മാരുതി സുസുക്കിയുടെ ബലേനോയെക്കുറിച്ചാണ്.

നിരത്തിലെത്തി ഒന്നര വര്‍ഷത്തിനുള്ളിലാണ് ഇന്ത്യക്കാരുടെ മനംകവര്‍ന്ന കാറായി മാറാന്‍ ബലേനോയ്ക്ക് കഴിഞ്ഞത്. അഞ്ചുലക്ഷമെന്ന മാന്ത്രിക അക്കം കടക്കാനും ഈ പ്രീമിയം ഹാച്ച്ബാക്കിന് കഴിഞ്ഞു. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിപണിയിലെത്തുന്നത്. നാലുവര്‍ഷത്തിനിടെ ബലേനോയില്‍ ആദ്യമായാണ് കമ്പനി കൈവെക്കുന്നത്. പുതിയ ബലേനോയിലെ മാറ്റങ്ങളറിയാന്‍ ഒരു ടെസ്റ്റ്ഡ്രൈവ് സംഘടിപ്പിച്ചു. നെഞ്ചിനുള്ളില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുറംമോടിയിലും അകത്തും ഒന്നുകൂടെ ഫ്രഷായിട്ടുണ്ട് ആശാന്‍.

00.jpg

മാരുതിയുടെ ഡിസൈന്‍ പരിവേഷം മാറ്റിയ ആദ്യകാറായിരുന്നു ബലേനോ. കാറെന്ന സൗന്ദര്യസങ്കല്‍പ്പത്തിന് ചിറകുമുളച്ചത് ഈ പ്രീമിയം ഹാച്ച്ബാക്കിലൂടെയായിരുന്നു. അതുകൊണ്ടു തന്നെ മൊത്തം ശരീരഭംഗിയില്‍ കൈകടത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഒഴുകിയിറങ്ങുന്ന രൂപം അതേപടി നിലനിര്‍ത്തി. മുന്നിലെ ഗ്രില്ല് ത്രിമാന രൂപം നല്‍കുന്നതായി മാറി.

അതേസമയം മുന്‍ഭാഗത്ത് കൂടുതല്‍ ഭംഗി പകരുന്ന ഗ്രില്ലിന് വശത്തുകൂടെ ഒഴുകിപ്പോകുന്ന ക്രോം ലൈനിങ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. എല്‍.ഇ.ഡി. ഡി.ആര്‍. എല്ലുകളുമായി എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ സ്ഥാനം പിടിച്ചു. പ്രെസിഷന്‍ കട്ട് ടു ടോണ്‍ അലോയ്വീലുകളായി മാറി. സ്‌പോക്കിലെ വളവുകളാണ് ഇതിന്റെ പ്രത്യേകത. വാഹനത്തിന് കൂടുതല്‍ എടുപ്പ് നല്‍കാന്‍ ഈ അലോയ്വീലുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഫോഗ്ലാമ്പുകള്‍ക്ക് ചുറ്റും കറുപ്പിന്റെ പടലം നല്‍കി. എയര്‍ഇന്‍ടേക്കോടുകൂടിയ കറുത്ത ബമ്പറിനൊപ്പം ഈ ഫോഗ്ലാമ്പും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. പഴയ എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പു തന്നെ ഇതിലും തുടര്‍ന്നിട്ടുണ്ട്. പിന്‍ഭാഗത്ത് അധികം മാറ്റത്തിന് മാരുതി മുതിര്‍ന്നിട്ടില്ല.

Also Watch - കുറഞ്ഞ വിലയില്‍ മികച്ചൊരു 200 സിസി ബൈക്ക്‌

അകത്ത് കറുപ്പിന്റെയും നീലയുടെയും സംഗമമാണ്. സീറ്റുകളിലും ഡോര്‍ പാനലുകളിലുമാണ് ഈ നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത്. പഴയ മോഡലിലും പ്ലാസ്റ്റിക് ഭാഗങ്ങള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മാരുതിയുടെ പ്രീമിയം ക്ലാസിന്റെ അതേ ഗുണമേന്‍മ ഇതിലും കാണാം. ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫയായിരുന്നു ഡ്രൈവിന് ലഭിച്ചത്. ഗിയര്‍ഷിഫ്റ്റ്, ഡ്രൈവിങ് റേഞ്ച്, ഇന്ധനക്ഷമത എന്നിവയെല്ലാം കാണിക്കും. നീലനിറത്തിന്റെ പ്രാമുഖ്യം തന്നെയാണിതിലും. ഡയലുകളെല്ലാം അതിനാല്‍ നല്ലവ്യക്തമാണ്. സെന്‍ട്രല്‍ കണ്‍സോളിലെ ഏഴിഞ്ച് കളര്‍ ഡിസ്പളേയില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമെല്ലാമുണ്ട്. സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ എന്നാണിതിന് മാരുതി നല്‍കുന്ന പേര്. ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീലില്‍ ഫോണും വിനോദോപാധികളും നിയന്ത്രിക്കാനുള്ള സ്വിച്ചുകള്‍ നല്‍കിയിട്ടുണ്ട്.

baleno

സെന്‍ട്രല്‍ കണ്‍സോളിന് ഭംഗികൂട്ടുന്നതാണ് ഒത്തനടുവില്‍ ലോക്കറ്റുപോലെയുള്ള എസിയുടെ ഇന്‍ഡിക്കേറ്റര്‍. ഇതിനുചുറ്റുമാണ് എ.സി. മോഡുകളും ഡിഫോഗര്‍ സ്വിച്ചുകളും. അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന ഗ്ലാസുകളാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ ചില്ലില്‍ ഫിലിം ഒട്ടിക്കാന്‍ നടക്കേണ്ട. സ്റ്റോറേജിന്റെ കാര്യത്തിലും ബലേനോ പിന്നിലേക്ക് നില്‍ക്കുന്നില്ല. വാതിലുകളിലും സെന്റര്‍ ആം റെസ്റ്റിലും സ്റ്റോറേജ്സ്‌പേസുകള്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ സീറ്റിലുള്ളവര്‍ക്കും മൊബൈല്‍ ചാര്‍ജറും മൊബൈല്‍ സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്.

16.jpg

പഴയ ബലേനോയിലുള്ള എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് പുതിയതിലും തുടരുന്നത്. 1.2 ലിറ്റര്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ, എസ്. 190 ഡീസലുമാണിവ. നാലു സിലിന്‍ഡറുള്ള പെട്രോള്‍ എന്‍ജിന്‍ 115 എന്‍.എം. ടോര്‍ക്കില്‍ 82 ബി.എച്ച്.പി. കരുത്താണ് നല്‍കുക. ഡീസല്‍ എന്‍ജിനാകട്ടെ 190 എന്‍.എം. ടോര്‍ക്കില്‍ 74 ബി.എച്ച്.പി. കരുത്തുമാണ് നല്‍കുക.

Also Watch - പെട്രോള്‍ ലാഭിച്ച് ഓടിച്ച് പോകാന്‍ ഡെസ്റ്റിനി 125

പെട്രോളിലെ ഓട്ടോമാറ്റിക്കാണ് ഡ്രൈവിന് ലഭിച്ചത്. മാരുതിയുടെ സി.വി.ടി. ഗിയര്‍ബോക്‌സ് മുമ്പുതന്നെ പേരുകേട്ടതാണ്. അതിനാല്‍ റെസ്‌പോണ്‍സിന്റെ കാര്യത്തില്‍ ബലേനോയും പേരുകേള്‍പ്പിക്കുന്നില്ല. കയറ്റത്തിലും കൂടുതല്‍ കരുത്ത് വേണ്ടയിടത്തും ഉപകരിക്കാനായി ലോഡ് എന്ന ഓപ്ഷന്‍ സഹായിക്കുന്നുണ്ട്. ഡ്രൈവ് മോഡിന് താഴെയായാണിത്. വാഹനത്തിന് കൂടുതല്‍ കരുത്ത് ഈ മോഡില്‍ അനുഭവപ്പെടുന്നുണ്ട്. ട്രാഫിക്കിലും റീഫൈന്‍ഡ് എന്‍ജിന്‍ വേണ്ടവിധം പ്രതികരിക്കുന്നുണ്ട്.

image.jpg

സുരക്ഷാ സൗകര്യങ്ങളും പുതിയ ബലേനോയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. പിന്നില്‍ കുട്ടികള്‍ക്കായി ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ഹുക്കുകള്‍, ഇ.ബി.ഡിയോടു കൂടെയുള്ള എ.ബി.എസ്., റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. മത്സരം മുറുകുന്ന പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ എതിരാളികള്‍ക്ക് തള്ളിക്കളയാന്‍ പറ്റാത്തവിധം വളരുകയാണ് ബലേനോ പുതിയ മാറ്റങ്ങളിലൂടെ. 

Also Watch - ഇതുവരെ കണ്ടുപരിചയിച്ച എന്‍ഫീല്‍ഡേ അല്ല ഈ ജിടി 650

Price

petrol - sigma 5,54,689 (6,48,061 Calicut on road)

delta 6,30,999 (7,33,788 Calicut on road)

zeta 6,92,199 (8,02,849 Calicut on road)

alpha 7,55,199(8,73,893Calicut on road)

Delta CVT 7,62,999(8,82,537Calicut on road)

zeta CVT 8,24,199(9,51,455Calicut on road)

Alpha CVT 8,87,199(10,22,547Calicut on road)

Diesel - sigma 6,69,689 (7,79,695Calicut on road)

Delta 7,45,999(8,65,755Calicut on road)

zeta 8,07,199(9,34,883Calicut on road)

alpha 8,70,199(10,06,171Calicut on road)

Content Highlights; New maruti suzuki baleno test drive features specs