'ദ കിങ്ങ് ഓഫ് കൂള്‍' എന്ന വിശേഷണമുള്ള ഹോളിവുഡ് നടനായിരുന്നു 'ടെറെന്‍സ് സ്റ്റീവന്‍ മക്യൂന്‍'. 1950-70 കാലഘട്ടത്തിലെ സൂപ്പര്‍സ്റ്റാറായി ഹോളിവുഡ് അടക്കിവാണിരുന്ന നടനായിരുന്നു അദ്ദേഹം. 'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം' എന്നു ചോദിച്ചപ്പോലെ കാറിനെപ്പറ്റി പറയുന്നിടത്ത് ഒരു ഹോളിവുഡ് ആക്ടറിനെന്തു കാര്യം എന്ന തോന്നല്‍ വേണ്ട- പറയാന്‍ പോകുന്നത് കാറിനെപ്പറ്റി തന്നെയാണ്. അതിലേക്ക് കടക്കുംമുമ്പ് ഒരു ചെറിയ ഫ്ളാഷ്ബാക്ക്.
  
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്- കൃത്യമായി പറഞ്ഞാല്‍ 1968 ഒക്ടോബറില്‍- റിലീസ് ചെയ്ത 'ബുള്ളിറ്റ്' എന്ന ഹോളിവുഡ് സിനിമയിലെ ഒരു കാര്‍ ചേസ് സീക്വന്‍സ്.
  
ഡോഡ്ജ് ചാര്‍ജറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വില്ലന്മാരെ തന്റെ കാറില്‍ പിന്തുടരുകയാണ് സ്റ്റീവ് മക്യൂനിന്റെ കഥാപാത്രം. ഡ്രിഫ്റ്റും, ടയര്‍ സ്‌ക്രീച്ചിങ്ങും, എഞ്ചിന്‍ ഇരമ്പലും, പുകയും പൊടിയും വെടിവെയ്പ്പും അവസാനം വില്ലന്മാരുടെ കാര്‍ പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറിയുണ്ടാകുന്ന സ്ഫോടനവും ഒക്കെയായി 10 മിനുട്ട് നീളുന്ന സംഭവബഹുലമായ രംഗങ്ങള്‍.

ഈ കാര്‍ ചേസില്‍ സ്റ്റീവ് മക്യൂന്‍ ഓടിച്ചത് ഫോര്‍ഡ് മസ്താങ്ങ് GT ഫാസ്റ്റ് ബാക്ക് എഡിഷന്‍ കാര്‍ ആയിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഈ സിനിമയേക്കാള്‍ പ്രശസ്തി നേടിയത് ഈ 10 മിനിട്ട് കാര്‍ ചേസും അതിലെ മസ്താങ്ങ് കാറും ആയിരുന്നു. ലോകമെമ്പാടുമുള്ള കാര്‍ പ്രേമികള്‍ ആ സിനിമയുടെ പേരു തന്നെ ഈ കാറിനും നല്‍കി- ബുള്ളിറ്റ്!

Bullitt
ബുള്ളിറ്റ് ചിത്രത്തില്‍ സ്റ്റീവ് മാക്യൂന്‍ ഉപയോഗിച്ച ഫോര്‍ഡ് മസ്താങ്ങ്. Photo; AFP

ഐക്കണിക് ആയ ഈ കാറിന്റെ ഓര്‍മ പുതുക്കാന്‍ 50 വര്‍ഷങ്ങക്കിപ്പുറം 2018- ഡിട്രോയ്റ്റ് ഓട്ടോ ഷോയി ല്‍ ഫോര്‍ഡ് ഇതിന്റെ മൂന്നാം തലമുറ മോഡല്‍ പുറത്തിറക്കി. 2019 ലിമിറ്റഡ് എഡിഷന്‍ മസ്താങ്ങ്  ബുള്ളിറ്റ്,  ഒറ്റനോട്ടത്തില്‍ തന്നെ ആരും സ്വന്തമാക്കാന്‍ കൊതിച്ചുപോകുന്ന വശ്യമനോഹരമായ കാര്‍!
   
ബോഡി മുഴുക്കെ നീണ്ടുകിടക്കുന്ന സ്രൈട്പ്പസ്, സ്പോയിലര്‍, ഒട്ടനവധി എക്സ്റ്റേര്‍ണല്‍ ബാഡ്ജസ്- ഇവ ഒന്നും തന്നെ മസ്താങ്ങ് ബുള്ളിറ്റില്‍ ഇല്ല! അതുകൊണ്ട് തന്നെ തികച്ചും 'കൂള്‍' ആയിട്ടുള്ള ഒരു ലുക്ക് ആന്റ് ഫീല്‍ ആണ് ബുള്ളിറ്റ് നല്‍കുന്നത്.
   
രണ്ടേ രണ്ടു എക്സ്റ്റേര്‍ണല്‍ പെയിന്റ് ചോയ്സ് മാത്രമാണ് ബുള്ളിറ്റില്‍ ലഭ്യമായിട്ടുള്ളത്- ക്ലാസിക് കളര്‍ ആയ ഡാര്‍ക്ക് ഹൈലാന്‍ഡ് ഗ്രീനും (ഒറിജിനല്‍ കാറിന്റെ കളര്‍), ഷാഡോ ബ്ലാക്ക് എന്ന പുതിയ ഓപ്ഷനും.

bullitt
സ്റ്റീവ് മാക്യൂന്റെ കൊച്ചുമകള്‍ മോളി മാക്യൂന്‍ 2018 ഫോര്‍ഡ് മസ്താങ്ങ് ബുള്ളിറ്റിനൊപ്പം. Photo; AFP

ഇതുകൂടാതെ ഒറിജിനല്‍ കാറിന്റെ ബഹുമാനാര്‍ത്ഥം ഒട്ടനവധി ഫീച്ചേഴ്സ് ആണ് പുതിയ ബുള്ളിറ്റില്‍ നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ ചുറ്റിലും ഫ്രന്റ് വിന്‍ഡോയിലുമായി നേര്‍മയേറിയ ക്രോമിയം ആക്സന്റ്, ഒറിജിനല്‍ കാറില്‍ ഉപയോഗിച്ച തരം 'ക്ലാസിക് ടോര്‍ക്ക് ത്രസ്റ്റ്' 19 ഇഞ്ച് അലൂമിനിയം വീല്‍സ്, റെഡ് കളര്‍ Brembo ബ്രേക്ക്സ്, യുണീക്ക് ആയ ബ്ലാക്ക് ഫ്രന്റ് ഗ്രില്‍, ബ്ലാക്ക് നിട്രോ പ്ലേറ്റ് എക്സോസ്റ്റ് എന്നിവയോടൊപ്പം പിറകില്‍ ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളുടെ മധ്യത്തിലായി ഫ്യൂവല്‍ ടാങ്ക് ക്യാപില്‍ നല്‍കിയിട്ടുള്ള 'ബുള്ളിറ്റ്' ബാഡ്ജും കൂടെ ചേരുമ്പോള്‍ ഈ മസ്താങ്ങിന് ഡിസൈനിന്റെ കാര്യത്തില്‍ 10/10 മാര്‍ക്ക് നല്‍കാം. ബാക്കി എക്സ്റ്റേര്‍ണല്‍ ഫീച്ചേഴ്സ് എല്ലാം നിലവിലുള്ള Mustang Shelby- യുടേതിന് സമാനമായതിനാല്‍ അതിനെപ്പറ്റി വീണ്ടും പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല.
  
ബ്ലാക്ക് ലെതര്‍ ഫിനിഷ് ഉള്ള ഇന്റീരിയറില്‍ വേറിട്ടുനില്‍ക്കുന്നത് സ്നൂക്കറിലെ വൈറ്റ് ക്യൂ ബോള്‍ പോലെ ഡിസൈന്‍ ചെയ്യപ്പെട്ട ഗിയര്‍ നോബ് ആണ്. മാന്വല്‍ ഗിയര്‍ ട്രാന്‍സ്മിഷനോട് അറ്റാച്ച്  ചെയ്യപ്പെട്ടിട്ടുള്ള ഇത് ഒറിജിനല്‍ മസ്താങ്ങിന്റെ സ്മരണാര്‍ത്ഥം നല്‍കിയിട്ടുള്ളതാണ് (മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ബുള്ളിറ്റില്‍ ഉള്ളത്).
  
'ബുള്ളിറ്റ്' ലോഗോ പതിപ്പിച്ച ഹീറ്റഡ് സ്റ്റിയറിങ്ങ് വീല്‍, RECARO  ബ്ലാക്ക് ലെതര്‍-ട്രിം സീറ്റ്സ്, 12 ഇഞ്ച് ആന്‍-ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചേഴ്സ് ആണ്. 2018 മസ്താങ്ങിലുള്ള അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതെങ്കിലും സ്റ്റാര്‍ട്ടിങ്ങില്‍ വെല്‍കം സ്‌ക്രീനില്‍ പോണി ലോഗോയ്ക്ക് പകരം ബുള്ളിറ്റ് കാറിന്റെ തന്നെ ചിത്രമാണ് തെളിഞ്ഞുവരിക.

Bullitt

ഡാഷ്ബോഡിലും ഡോര്‍ പാനലിലും സെന്റര്‍ കണ്‍സോളിലും സീറ്റുകളിലും യുണീക്ക് ആയ ഗ്രീന്‍ കളര്‍ സ്റ്റിച്ചിങ്ങ് ആണ് നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം ബോട്ടില്‍ ഹോള്‍ഡര്‍, ഡോര്‍ ലിവര്‍, ഫ്ളോര്‍ എന്നിവിടങ്ങളില്‍ നല്‍കിയിട്ടുള്ള ബ്ലൂ എല്‍ഇഡി ലൈറ്റിങ്ങും  ഇന്റരീയറിന് മൊത്തത്തില്‍ ഒരു റിച്ച്നെസ്സ് ഫീല്‍ നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

ഇരിപ്പില്‍ RECARO  സീറ്റ്സ് നല്‍കുന്ന സുഖാനുഭൂതി ഒന്നു വേറെതന്നെയാണ്. മെമ്മറി ഫീച്ചര്‍ ഉള്ള ഇതിന്റെ ഡ്രൈവര്‍ സീറ്റ് ബുള്ളിറ്റ് ഇലക്ട്രോണിക്സ് പാക്കേജിന്റെ ഭാഗമായി വരുന്ന ഒന്നാണ്. ഇതോടൊപ്പം നാവിഗേഷന്‍, അപ്ഗ്രേഡഡ് സൗണ്ട് സിസ്റ്റം, സുരക്ഷാ ഫീച്ചേഴ്സ് ആയി ബ്ലൈന്‍ഡ് സ്്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ക്രോസ് ട്രാഫിക് അലേര്‍ട്ട്സ് എന്നിവയും ഈ പാക്കേജിന്റെ ഭാഗമായി ഫോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
   
ഏറ്റവും മികച്ച ഡ്രൈവിംങ് പെര്‍ഫോര്‍മന്‍സിനായി MagneRide എന്ന പേരിലുള്ള സെമി ആക്ടീവ് സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് ബുള്ളിറ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുള്ളത്. ലോഞ്ച് ചെയ്യുന്ന അവസരത്തില്‍ സ്റ്റീവ് മക്യൂനിന്റെ പേരക്കുട്ടിയായ മോളി മക്യൂന്‍ അഭിനയിച്ച ബുള്ളിറ്റിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

Bullitt

പാര്‍ക്കിങ്ങ് ഏരിയയില്‍ ബാക്കിയുള്ള ഒരേ ഒരു പാര്‍ക്കിങ്ങ് ലോട്ടിനുവേണ്ടി പണ്ടത്തെ സിനിമാ ദൃശ്യത്തിലെ പോലെ ഡോഡ്ജ് ചാര്‍ജറിനെ ചേസ് ചെയ്ത്‌ പിടിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ഇതില്‍ കാറിന്റെ മുഴുവന്‍ പെര്‍ഫോമന്‍സ് കേപബിലിറ്റീസും വെളിവാക്കുന്നുണ്ട്. ചാര്‍ജറിനോട് മത്സരിക്കാന്‍ ബുള്ളിറ്റിനെ പര്യാപ്തമാക്കുന്നത് 475 ബിഎച്ച്പി -5 ലിറ്റര്‍ വി8 എഞ്ചിനാണ്. 420 lb ft ടോര്‍ക്ക് ഉല്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ ഓപ്പണ്‍ എയര്‍ ഇന്‍ഡക്ഷന്‍ സിസ്റ്റം, ജിടി 350 ഇന്‍ടേക്ക് മാനിഫോള്‍ഡ് വിത്ത് 87 എംഎം ത്രോട്ടിന്‍ ബോഡീസ്' പവര്‍ ട്രെയിന്‍ കണ്‍ട്രോള്‍ കാലിബ്രേഷന്‍ മോഡ്യൂള്‍ എന്നിവയുമായിച്ചേര്‍ന്ന് ഒരു ത്രില്ലിംഗ് അനുഭവമാണ് ഡ്രൈവര്‍ക്ക് നല്‍കുന്നത്. ആക്ടീവ് എക്സ്സോസ്റ്റ് പുറപ്പെടുവിക്കുന്ന എക്സോസ്റ്റ് നോട്ട് ഏതൊരു കാര്‍ പ്രേമിയേയും കോരിത്തരിപ്പിക്കാന്‍ പോന്നതാണ്.
 
ന്യൂജേഴ്സിയിലെ ഒരു ഗാരേജില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഒറിജിനല്‍ ബുള്ളിറ്റ് മസ്താങ്ങ് ജിടിയുടെ കൂടെയിരുന്നു 2019 ബുള്ളിറ്റ് മസ്താങ്ങ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഓര്‍മ്മ പുതുക്കലായ പുതിയ ബുള്ളിറ്റിന്റെ നിര്‍മ്മാണത്തില്‍ പഴമയോട് നീതി പുലര്‍ത്താന്‍ ഫോര്‍ഡിന് കഴിഞ്ഞു എന്നത് പ്രശംസാവഹനീയമായ കാര്യമാണ്. 

Content Highlights; New Ford Mustang Bullitt Features Specs