ഒരു ശരാശരി മലയാളികളെല്ലാം ജീവിതത്തില്‍ ഉയരങ്ങള്‍ സ്വപ്നംകണ്ട് ജീവിക്കുന്നവരാണ്. തന്റെ ഭാവിയെക്കുറിച്ചും ജോലിയെക്കുറിച്ചും സ്വത്തിനെക്കുറിച്ചും സ്വകാര്യ ജീവിതത്തിനെക്കുറിച്ചും സ്വപ്നം കാണാത്തവരായി ആരും തന്നെ ഇല്ല എന്നതാണ് സത്യം. ഈ സ്വപ്നങ്ങള്‍ എല്ലാം നടന്നുകൊള്ളണമെന്നില്ല, എങ്കിലും സ്വപ്ന സാക്ഷാത്കാരത്തിന് തന്റെ പ്രയത്നത്തിനോടൊപ്പം ഒരുപാട് മറ്റ് ഘടകങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ളതാണ്. കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹന സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കിയ ഒരു തീരുമാനമായിരുന്നു നാല് മീറ്ററിന് താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് നല്കിയ സബ്സിഡി. ഈ ആനുകൂല്യം കണക്കിലെടുത്ത് കോംമ്പാക്ട് എസ്.യു.വി എന്ന വിഭാഗം ഇന്ത്യയില്‍ അവതരിപ്പിച്ച് സാധാരണക്കാരനെ എസ്യുവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ഫോര്‍ഡായിരുന്നു. എക്കോസ്പോര്‍ട്ട് എന്ന ആകര്‍ഷണീയമായ എസ്യുവി അവതരിപ്പിച്ച് ഒരു തരംഗം തന്നെ സൃഷ്ടിക്കുകയാണ് ഫോര്‍ഡ് ചെയ്തത്.
എക്കോസ്പോര്‍ട്ടിന്റെ വന്‍ വിജയം ആഘോഷിച്ചുകൊണ്ട് ഈ വിഭാഗം അടക്കി ഭരിച്ചിരുന്ന ഫോര്‍ഡിന് ഈയിടെയായി നല്ല മത്സരമാണ് എതിരാളികളില്‍ നിന്ന് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. ഇങ്ങനെ ഉണ്ടായ തിരിച്ചടിക്ക് പകരം ചെയ്യാനാണ് എക്കോസ്പോര്‍ട്ടിന്റെ ഫേസ്ലിഫ്റ്റ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തവും ആകര്ഷണീയമായിട്ടുമാണ് എക്കോസ്പോര്‍ട്ട് രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് വലിയ മാറ്റമൊന്നും വേണ്ടിവരില്ലായിരുന്നുവെങ്കിലും ഫോര്‍ഡിന്റെ ഡിസൈനര്‍മാര്‍ ആഗോള പ്രതിഛായ നല്‍കും വിധമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ഫോര്‍ഡിന്റെ വലിയ എസ്യുവിയായ എന്റവറിന്റെ മുഖഛായയാണ് എക്കോസ്പോര്ട്ടിന് നല്‍കിയിട്ടുള്ളത്. വലിയ ഗ്രില്ലാണ് മുഖ്യാകര്‍ഷണം. ഇതിനോട് ചേര്‍ന്ന് പുതിയ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ ഹാലജന്‍ ലൈറ്റും പുതുക്കിയ എല്‍.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റും പുതിയ ഫോഗ് ലൈറ്റുമാണ് മുഖ്യമായ മറ്റു മാറ്റങ്ങള്‍. ഇതിനുപരി പുതിയ ബമ്പറും മുന്‍വശത്തെ ആകര്ഷണമാക്കുന്നുണ്ട്. വശങ്ങളില് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും എസ് യുവിയുടെ ഭാവം നിലനിര്‍ത്തിയിട്ടുണ്ട്. പിന്‍വശത്തിലെ മുഖ്യാകര്‍ഷണമായ സ്പെയര്‍ വീല്‍ പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ 17 ഇഞ്ച് അലോയ് വീലുകളും ആകര്‍ഷണീയമായ ചില നിറങ്ങളും പുതിയ എക്കോസ്പോര്ട്ടിലുണ്ട്.
പുതിയ എക്കോസ്പോര്‍ട്ടിന്റെ ഉള്‍വശം മുമ്പത്തെക്കാള്‍ ആകര്‍ഷണീയവും പ്രായോഗികവുമായിട്ടുണ്ട്. പുതുക്കിയ ഡാഷിലെ മുഖ്യാകര്‍ഷണം പൊന്തിനില്ക്കുന്ന 8 ഇഞ്ച് എല്‍സിഡി ടച്ച് സ്ക്രീനാണ്. ഇതില്‍ ഫോര്‍ഡിന്റെ ഇന്ഫൊടെയിന്മന്റ് സിസ്റ്റമായ സിങ്ക്-3 ഉപയോഗിക്കാം. കുറഞ്ഞ മോഡലില്‍ 6.5 ഇഞ്ച് സ്ക്രീനാണ് വരുന്നത്. പുതിയ സിങ്കില്‍ ആപ്പിള്‍ കാര്‍പ്ലെയും ആഡ്രോയിഡ് ഓട്ടോയും ഉപയോഗിക്കാം. പുതിയ സെന്റര്‍ കണ്‍സോളും ഏസി എയര്‍വെന്റും സ്വിച്ചുകളും ആകര്‍ഷണീയമാണ്. പുതുക്കിയ സ്റ്റിയറിങ് വീലില്‍ മള്‍ട്ടി ഫങ്ഷന് കണ്ട്രോളുകള് ഉണ്ട്. സീറ്റുകളും സ്ഥലസൗകര്യങ്ങളും പഴയത് പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
1.5 ലിറ്റര്‍ ഡ്രാഗണ്‍ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് എക്കോസ്പോര്ട്ടിലുള്ളത്. പെട്രോള്‍ എഞ്ചിന് 124 പിഎസ് കരുത്തും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഡീസല്‍ ആകട്ടെ 100 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭ്യമാണ്. ഡീസലില്‍ ആകെ മാനുവല്‍ മാത്രമെ ലഭിക്കുന്നുള്ളൂ. പെട്രോള്‍ മാനുലിന് 17 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
ഫോര്‍ഡ് എക്കോസ്പോര്ട്ടിനെ നമ്മള് ഇന്ത്യക്കാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിനു കാരണങ്ങള്‍ പലതാണ്. അതില്‍ നല്ലതെല്ലാം നിലനിര്‍ത്തുകയും മെച്ചപ്പെടുത്താവുന്നത് മെച്ചപ്പെടുത്തി മികച്ചതാക്കുകയുമാണ് പുതിയ എക്കോസ്പോര്ട്ടിലൂടെ ചെയ്തിരിക്കുന്നത്. ഇതെല്ലാം കൂടി ചേരുമ്പോള്‍ എക്കോസ്പോര്‍ട്ട് വീണ്ടും ശക്തമായി തിരിച്ചു വരുവാനാണ് ഒരുങ്ങുന്നതെന്ന് മനസ്സിലാക്കാം.
Content Highlights; Ford Ecosport Facelift, Ford Ecosport, New Ecosport, 2017 Ecosport, Ecosport, Ford
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..