ലാ വച്യൂര്‍ നോയെ എന്ന ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ഇറക്കി അര വര്‍ഷം തികയും മുന്‍പേ മറ്റൊരു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറക്കി വാഹന ലോകത്തെ ഞെട്ടിച്ചിരിക്കിയാണ് ബുഗാട്ടി. ഈ പുതിയ അവതാരത്തിന്റെ പേരാണ് 'ബുഗാട്ടി ചെന്റോഡിയേച്ചി'. പേര് ഇറ്റാലിയന്‍ ആണെന്നും അതിന്റെ അര്‍ത്ഥം നൂറ്റിപത്ത് (110) എന്നാണെന്നും മനസ്സിലായപ്പോള്‍ തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ 'യേവാളൂതെ അക്കരേലു... അരി.... അതിനാണ്....' എന്ന ഡയലോഗ് ആണ് ഓര്‍മ്മ വന്നത്. 

സംഗതി ഇങ്ങനെയാണെങ്കിലും 110 എന്ന നമ്പര്‍ ഒട്ടേറെ കാര്യങ്ങളുടെ സൂചകമാണ്. ഒന്ന്  ചെന്റോഡിയേച്ചി നിര്‍മ്മിച്ചത് 1991 മോഡല്‍ കാര്‍ ആയിരുന്ന EB110 എന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്, ആ കാര്‍ നിര്‍മിച്ചതാകട്ടെ ബുഗാട്ടി സ്ഥാപകനായ എറ്റോര്‍ ബുഗാട്ടിയുടെ നൂറ്റിപ്പത്താം പിറന്നാളിന്റെ സ്മരണാര്‍ത്ഥവും. ഒപ്പം 2019ല്‍ നൂറ്റിപത്തു വയസു തികയുന്ന ബുഗാട്ടി കമ്പനിയുടെ നീണ്ട ചരിത്രത്തിന്റെ സ്മരണയുണര്‍ത്തുന്ന ഒന്നുകൂടിയാണ് ബുഗാട്ടി ചെന്റോഡിയേച്ചി.

ലാ വച്യൂര്‍ നോയെയുടെ വില (131 കോടി) കേട്ട് ഞെട്ടിയതിന്റെ അത്രേം വരില്ലെങ്കിലും വിലയുടെ കാര്യത്തില്‍ ബുഗാട്ടി ചെന്റോഡിയേച്ചിയും മോശമല്ല. ഇന്ത്യന്‍ മണി ഏകദേശം  65 കോടി രൂപ (9 മില്യണ്‍ യു.എസ് ഡോളര്‍) വില വരും മൊത്തത്തില്‍ 10 എണ്ണം മാത്രം നിര്‍മിക്കുന്ന ഈ സ്‌പെഷ്യല്‍ മോഡലിന്. 

ബുഗാട്ടി ഷിറോണ്‍ പ്ലാറ്‌ഫോമിലാണ്  ചെന്റോഡിയേച്ചി പടുത്തുയര്‍ത്തിയിട്ടുള്ളത്. ഷിറോണിന്റെ ഷെല്ലിലേക്കു EB110 ന്റെ ഡിസൈന്‍ എലമെന്റസ് സംയോജിപ്പിച്ചു എന്ന് പറയുന്നതാവും ഒന്നൂടെ ശരി. 

bugatti
courtesy; bugatti

വ്യത്യസ്തമായ 2ഡി ഡിസൈന്‍ ഭാഷ്യമായിരുന്നു EB110 ന്റേത്. കാലങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ച ഡിസൈന്‍ എന്ന് വേണമെങ്കില്‍ പറയാം. ചെന്റോഡിയേച്ചിയുടെ മുന്‍ഭാഗം കാണുമ്പോഴും ഇതേ തോന്നലാണ് വരുന്നത്. കോണ്‍സെപ്‌റ് കാറുകളിലും മറ്റും കാണപ്പെടുന്ന ഒരു ഫ്യുച്ചുരിസ്റ്റിക് ഡിസൈനാണ് വാഹനത്തിനുള്ളത്. EB110ലുള്ളത് പോലെ ചെറിയ 'ഒറിജിനല്‍' ഹോഴ്‌സ് ഷൂ ഗ്രില്ലും അതിനോട് ഇഴകിച്ചേര്‍ത്ത നിലയിലുള്ള ഫെന്‍ഡര്‍ പാനലുകളും എടുത്തു നില്‍ക്കുന്ന അണ്ടര്‍ സ്‌കെര്‍ട്ടും രണ്ടു എന്‍ഡുകളിലായുള്ള എയര്‍ ഫ്‌ലോ ഡക്ടുകളും ആധുനീകരിച്ച ഡിസൈന്‍ മാറ്റത്തോടെ ചെന്റോഡിയേച്ചിയിലും കാണാം. 

ഹെഡ്‌ലൈറ്റുകള്‍ EB110ന്റെ സ്മരണയുണര്‍ത്തുന്നതാണെങ്കിലും ഷിറോണിലെ ഹെഡ്‌ലൈറ് വലിച്ചുനീട്ടി ചെറുതായിക്കിയത് പോലെയാണിവ. ഇതിനു മുകളിലായി ഏകദേശം ഫ്രന്റ് വിന്‍ഡ്ഷീല്‍ഡിന്റെ അറ്റംവരെ എത്തിനില്‍ക്കുന്ന എയര്‍ ഡക്റ്റും ഫ്രന്റ് എയര്‍സ്‌കൂപ് പോലുള്ള ബ്ലാക് കളര്‍ പാനലും ഇതില്‍ നിന്നും തുടങ്ങി റൂഫിലൂടെ പിന്നറ്റം വരെയെത്തി നില്‍ക്കുന്ന ഉരുണ്ട ബോഡി ലൈനും ഗ്രില്ലിനു മുകളിലായുള്ള ബുഗാട്ടി ലോഗോയും ചേരുമ്പോള്‍ ചെന്റോഡിയേച്ചിയുടെ മുന്‍ഭാഗ ഡിസൈന്‍ പൂര്‍ണമായി.

EB110 '2ഡി വെഡ്ജ് ഡിസൈന്‍' ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചിരിക്കുന്നത് ചെന്റോഡിയേച്ചിയുടെ വശങ്ങളിലാണ്. ഷിറോണില്‍ കണ്ട സ്മൂത്ത് & കെര്‍വി ലൈനുകള്‍ ചെന്റോഡിയേച്ചിയില്‍ 1991 മോഡലിലെ ഷാര്‍പ് ലൈനുകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഒരു ബോക്സി ഫീലുള്ള ചെന്റോഡിയേച്ചിയുടെ വശങ്ങളില്‍ EB110ലെ അഞ്ച് എയര്‍ ഇന്‍ടേകുകള്‍ അടങ്ങിയ പാനല്‍ അതേപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഒപ്പം ലോവര്‍ സൈഡ് എയര്‍ ഇന്‍ടേകുകളും EB110ന്റെ സ്മരണാര്‍ത്ഥം ചെന്റോഡിയേച്ചിയിലും കാണാം. 

bugatti
courtesy; bugatti

വീലുകളുടെ കാര്യത്തില്‍ ചെന്റോഡിയേച്ചിയും EB110ഉം തമ്മില്‍ പുലബന്ധം പോലും ഇല്ല. പഴയ സ്പ്ലിറ് എന്‍ഡ് 10 സ്‌പോക് വീലുകള്‍ക് പകരം പുതിയ ഫ്‌ലാറ്റ് എന്‍ഡ് 7 സ്‌പോക് ഡിസൈന്‍ ആണ് ചെന്റോഡിയേച്ചിയില്‍ ഉള്ളത്. ഇതോടൊപ്പം എയര്‍ ഡക്റ്റും ഇന്‍ഡിക്കേറ്റര്‍ ലൈറ്റും ഒത്തുചേര്‍ന്ന വ്യത്യസ്തമായ റിയര്‍ വ്യൂ മിററും, സ്പ്ലിറ്റെഡ് വീല്‍ ആര്‍ച്ചുകളും ചേരുമ്പോള്‍ ചെന്റോഡിയേച്ചിയിലെ സൈഡ് പ്രൊഫൈല്‍ പൂര്‍ണമായി. EB110ല്‍ 'സിസര്‍ ഡോറുകള്‍' അതിന്റെ ഡിസൈനറുടെ ട്രേഡ് മാര്‍ക്കായിരുന്നു. എന്നാല്‍ ചെന്റോഡിയേച്ചില്‍ ഏതുതരം ഡോറുകളാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. 

പിറകിലേക്കെത്തുമ്പോള്‍ വേറെ ലെവെല്‍ ഡിസൈനാണ് വാഹനത്തിന്. മെക്കാനിക്കലി അഡ്ജസ്റ്റബിളയ വലിയ റിയര്‍ വിങ്ങും അതിനു കീഴിലായി നല്‍കിയ ഹീറ്റ് വെന്റുകളും EB110ന്റെ സ്മരണയുണര്‍ത്തുന്നവയാണ്. എന്നാല്‍ ആ പഴയ 110ന്റെ പിന്‍ഭാഗവുമായുള്ള ചെന്റോഡിയേച്ചിയുടെ ബന്ധം അവിടെ തീരുകയാണ്. 'ഫ്‌ലയിങ് ടെയ്ല്‍ ലൈറ്റ്' എന്ന് ബുഗാട്ടി വിളിക്കുന്ന ടെയ്ല്‍ ലൈറ്റുകള്‍ EB110ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഡോഡ്ജ് ചാര്‍ജറില്‍ കാണപ്പെടുന്ന നീണ്ട ടെയ്ല്‍ ലൈറ്റുകള്‍ മുറിച്ചു വച്ചതു പോലെയാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ചതരം രണ്ടു ജോടി ടിപ്പുകള്‍ അടങ്ങുന്ന വലിയ എക്‌സഹോസ്റ്റ് സിസ്റ്റം മനോഹരമെങ്കിലും ഈ ഡിസൈന്‍ ലംബോര്‍ഗിനി സെന്റ്‌നേരിയോയില്‍ കണ്ടു പരിചയിച്ച പോലുണ്ട്. എക്‌സ്‌ഹോസ്റ്റിന്റെ ഔട്ടര്‍ ലെയറിനും ടെയ്ല്‍ ലൈറ്റിന് താഴെയുള്ള പാനലിനും വെള്ള കളര്‍ ആക്‌സെന്റ് നലികിയിട്ടുണ്ട്. ഇവയ്ക്കു രണ്ടിലും ഇടയിലാണ് മനോഹരമായ ഡിസൈനില്‍ 'ചെന്റോഡിയേച്ചി' ബാഡ്ജ് സ്ഥാനം പിടിച്ചിട്ടുള്ളത്. മുന്‍വശത്ത് കണ്ടപോലെ ഇവിടെയും ഫെന്‍ഡര്‍ എന്‍ഡുകളില്‍ എയര്‍ ഡിഫ്‌ലക്റ്റര്‍ ഡക്റ്റുകള്‍ നല്‍കിയിട്ടുണ്ട്. 

റിയര്‍ വിന്‍ഡ്ഷീല്‍ഡിന് മുന്‍പിലും, വശങ്ങളിലുമായി സ്ലീക് ഡിസൈനിലുള്ള എയര്‍ ഇന്‍ടേക്കുകള്‍ കാണാം. മൊത്തത്തില്‍ എയ്‌റോഡൈനമിക്സും എഞ്ചിന്‍ കൂളിംഗ് എഫിഷ്യന്‍സിയും കോംപ്രമൈസ് ചെയ്യതെ ഈ എലമെന്റസ് എല്ലാം മനോഹരമായ രീതിയില്‍ കൂടിയോജിപ്പിച്ചു വയ്ക്കുന്നതില്‍ ബുഗാട്ടി എന്‍ജിനീയര്‍മാര്‍ വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

bugatti
courtesy; bugatti

ബുഗാട്ടി ഷിറോണിലെ അതേ 8.0 ലിറ്റര്‍, 4 ടര്‍ബോചാര്‍ജ്ഡ് W16 എഞ്ചിന്‍ തന്നെയാണിതിലുള്ളതെങ്കിലും ചെറിയ വര്‍ദ്ധനവ് പവര്‍ ഔട്ട്പുട്ടില്‍ വരുത്തിയിട്ടുണ്ട്. 1,176 kW / 1,600 HP @ 7,000 rpm (ഷിറോണില്‍ 1500 hp), 1600 Nm ടോര്‍ക് എന്നിങ്ങനെയാണ് ചെന്റോഡിയേച്ചിയുടെ പവര്‍. പെര്‍മനെന്റ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തോട് കൂടിയ ഇതില്‍ 7 സ്പീഡ് DSG  ഗിയര്‍ബോക്‌സാണ് ഉപയോഗിച്ചിട്ടുള്ളത്. ഷിറോണുമായി താരതമ്യം ചെയ്യുമ്പോള്‍ 20 കിലോഗ്രാമോളം ഭാരക്കുറവും, 90 കിലോയോളം അധികം ഡൗണ്‍ഫോഴ്‌സുമുണ്ട് ചെന്റോഡിയേച്ചിക്. 1.13 kg / HP അഥവാ 885 HP / ton എന്ന ഇപ്രസീവ്‌ ആയ പവര്‍-ടു-വെയ്റ്റ് റേഷ്യോയും ചെന്റോഡിയേച്ചിക് സ്വന്തം. 

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ചെന്റോഡിയേച്ചിക് വേണ്ടത് വെറും 2.4 സെക്കന്‍ഡ് മാത്രം, പൂജ്യത്തില്‍ നിന്ന് 200 കിലോമീറ്ററിലെത്താന്‍ 6.1 സെക്കന്‍ഡും. പൂജ്യത്തില്‍ നിന്നും 300 കിലോമീറ്റര്‍  വേഗം കൈവരിക്കാന്‍ വേണ്ടത് 13.1 സെക്കന്‍ഡ്  മാത്രവും. അതായത് ഈ പാരഗ്രാഫ് ഒരാള്‍ സാവധാനം വായിച്ചുകഴിയുമ്പോഴേക്കും ബുഗാട്ടി ചെന്റോഡിയേച്ചി അതിന്റെ ഇലക്ട്രോണിക്കലി ലിമിറ്റഡ് സ്പീഡ് ലിമിറ്റായ 380 കിലോമീറ്റര്‍ വേഗത്തിനടുത്തെത്തിയിട്ടുണ്ടാവുമെന്നു സാരം. 

സംഭവം 1991ല്‍ നിര്‍മ്മിച്ചതാണെങ്കിലും EB110ന്റെ പവര്‍ ഫിഗേഴ്സും ഒട്ടും മോശമായിരുന്നില്ല. 3.5 ലിറ്റര്‍ 611 hp (സൂപ്പര്‍ സ്പോര്‍ട് വെര്‍ഷന്‍) എന്‍ജിനും 28/72 ടോര്‍ക് സ്പ്ലിറ്റോട് കൂടിയ ട്രാന്‍സ്മിഷന്‍ സിസ്റ്റംവും EB110നെ വളരെ എളുപ്പത്തില്‍ 351 കിലോമീറ്റര്‍ വേഗത്തിലെത്തിച്ചിരുന്നു. വെറും 3.26 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറുകിലോമീറ്റര്‍ വേഗത്തിലെത്താന്‍ EB110ന് സാധിച്ചിരുന്നു.

ഫ്രാന്‍സിലെ ബുഗാട്ടി പ്ലാന്റില്‍ നിന്ന് (Molsheim) ഹാന്‍ഡ്ക്രാഫ്റ്റ് ചെയ്യപ്പെടുന്ന 10 ബുഗാട്ടി ചെന്റോഡിയേച്ചികളും നിര്‍മ്മാണം തുടങ്ങും മുന്‍പേ വിറ്റുകഴിഞ്ഞിരിക്കുന്നു. ഇത്രയും തുക നല്‍കി ചെന്റോഡിയേച്ചി വാങ്ങുന്നവരുടെ ഒരു പ്രകൃതം വച്ച് ഈ പത്തെണ്ണവും പുറംലോകം കാണാന്‍ വഴിയില്ല. ഏതേലും എസി ഗാരേജിനുള്ളില്‍ ശിഷ്ട കാലം തള്ളി നീക്കനാവും ഇവയുടെ വിധി.

എന്നെങ്കിലും ഇവയെ റോഡില്‍ അല്ലേല്‍ റോഡിലോടുന്ന ഒരു വീഡിയോ കാണാന്‍ ഭാഗ്യം ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു..

Content Highlights; new bugatti centodieci unveiled, bugatti centodieci hyper car