ന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശക്തനായ പോരാളി നേതാജി സുഭാഷ്‌ ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന വാന്‍ഡറര്‍ കാര്‍ പുതുക്കിപ്പണിയുന്നു. കൊല്‍ക്കത്തയില്‍ നേതാജിയുടെ തറവാടു വസതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച്ച് ബ്യൂറോയുടെ നേതൃത്വത്തിലാണ് BLA 7169 എന്ന നമ്പറിലുള്ള കാര്‍ പൊടിതട്ടിയെടുക്കുന്നത്. 

1941-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്നത് ഈ വാന്‍ഡറര്‍ സെഡാനെയായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കൊല്‍ക്കത്തയില്‍നിന്ന് ഝാര്‍ഖണ്ഡിലെ ഗോമോഹി വരെ നേതാജി അന്ന് യാത്ര ചെയ്തിരുന്നത് ഈ കാറിലായിരുന്നു.  മൂത്ത സഹോദരന്‍ ശരച്ചന്ദ്രബോസിന്റെ മകന്‍ സിസിര്‍ കുമാര്‍ ബോസാണ് അന്ന് കാറോടിച്ചിരുന്നത്. 

ജര്‍മന്‍ ആഢംബര വാഹനനിര്‍മാതാക്കളായ ഔഡി നിര്‍മിച്ചിരുന്ന വാന്‍ഡറിനെ മുഖം മിനുക്കാനും ഔഡിയെ തന്നെയാണ് നേതാജി റിസര്‍ച്ച് ബ്യൂറോ ഏല്‍പ്പിച്ചിരിക്കുന്നത്. വാഹനത്തില്‍ തുരുമ്പെടുത്ത പഴയ ഭാഗങ്ങള്‍ മാറ്റി പുതിയ പെയിന്റ് അടിക്കുന്ന ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബറോടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വാന്‍ഡറിനെ നിരത്തിലിറക്കും. 

netaji car

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ വളരെ പ്രാധാന്യമുള്ള കാറാണിതെന്നും 100-200 മീറ്റര്‍ ദൂരം ഓടിച്ചെടുക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും റിസര്‍ച് ബ്യൂറോ സെക്രട്ടറി കാര്‍ത്തിക് ചക്രവര്‍ത്തി പറഞ്ഞു. 45 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി നേതാജിയുടെ ഫോര്‍ ഡോര്‍ സെഡാന്‍ നിരത്തിലിറങ്ങിയിരുന്നത്. ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായിട്ടായിരുന്നു 1971-ല്‍ വാന്‍ഡറിനെ അവസാനമായി പുറത്തിറക്കിയത്.

netaji car