കശ്മീർയാത്രയ്ക്ക് ഒരുങ്ങിയ ജോബി മാത്യു ഭാര്യ മേഘയ്ക്കും മക്കളായ ജ്യോതിസിനും വിദ്യുതിനുമൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
ഇരു കാലുകള്‍ക്കും ശേഷിയില്ലാത്ത, മൂന്നടി മാത്രം പൊക്കമുള്ള ഒരു മനുഷ്യന്‍.... ശരീരത്തിന്റെ പരിമിതികളാണ് തനിക്കേറ്റവും ഊര്‍ജം പകരുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ജോബി മാത്യു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയില്‍നിന്ന് കശ്മീരിലേക്ക് സ്വയം കാറോടിച്ചു പോകുന്ന ജോബിയുടെ മുഖ്യ ഇന്ധനം ഈ ആത്മവിശ്വാസംതന്നെ. ശ്രീനഗറില്‍ 22-ന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പിനായി ബുധനാഴ്ച രാവിലെയാണ് ജോബി യാത്ര തുടങ്ങിയത്.
ഭിന്നശേഷി സൗഹൃദമാക്കിയ കാറില്‍ ശ്രീനഗറിലേക്കുള്ള യാത്രയില്‍ ഭാര്യയും മക്കളും കൂടെയുണ്ട്. എട്ടില്‍ പഠിക്കുന്ന മൂത്ത മകന്‍ ജ്യോതിസും ഇത്തവണ ദേശീയ ചാമ്പ്യന്‍ഷിപ്പിനുണ്ട്. ജന്മനാ കാലുകള്‍ക്ക് ശേഷിയില്ലാത്ത ജോബി മാത്യു ജീവിതത്തോട് പൊരുതിയത് മുഴുവന്‍ കൈക്കരുത്തിലാണ്. പഞ്ചഗുസ്തിയില്‍ ലോക ചാമ്പ്യനായ ജോബി ഇത്തവണ ദേശീയ ചാമ്പ്യന്‍ഷിപ്പിന് കശ്മീരിലേക്ക് 3600 കി.മീ. കാറോടിച്ച് പോകാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ലഹരിക്കെതിരേ യുവത എന്ന സന്ദേശം പ്രചരിപ്പിച്ചാണ് ഈ യാത്ര.
ജോബി ജോലിചെയ്യുന്ന ഭാരത് പെട്രോളിയം അധികൃതര്‍ നല്‍കിയ വിമാന ടിക്കറ്റ് വേണ്ടെന്നുവെച്ചാണ് ജോബിയുടെ കാര്‍ യാത്ര. കൊച്ചിയില്‍നിന്ന് ബെംഗളൂരു, ആന്ധ്ര, ഗ്വാളിയര്‍, ഡല്‍ഹിവഴി ശ്രീനഗറിലെത്തുകയാണ് ലക്ഷ്യം. തിരിച്ചുള്ള യാത്ര കൂടിയാകുമ്പോള്‍ 7200 കി.മീറ്ററിലേറെ ജോബി കാറോടിക്കും.
ശാരീരിക പരിമിതികളുമായി ജീവിതം പ്രതിസന്ധിയിലായവര്‍ക്ക് ആത്മവിശ്വാസം പകരലാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് ജോബി പറയുന്നു. ''ശാരീരിക പരിമിതിയുള്ളവരുടെ ഏറ്റവും വലിയ സങ്കടം അവര്‍ക്ക് എങ്ങും പോകാന്‍ കഴിയാറില്ല എന്നതാണ്. ബുദ്ധിമുട്ടുകളോര്‍ത്ത് പലരും യാത്രകളില്‍ അവരെ കൂടെ കൂട്ടുകയുമില്ല. അത്തരം അവസ്ഥയില്‍ ഞങ്ങളെപ്പോലുള്ളവര്‍ സ്വയം ഒതുങ്ങിപ്പോകും. എല്ലാ പരിമിതികള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ ശ്രമിച്ചാല്‍ യാത്രകള്‍ സാധ്യമാകുമെന്നതിന്റെ തെളിവാണ് ഈ യാത്ര'' - ജോബി പറഞ്ഞു.
നര്‍ത്തകി കൂടിയായ ഭാര്യ മേഘയും മക്കളായ ജ്യോതിസും വിദ്യുതും ആവേശത്തോടെയാണ് യാത്രയില്‍ പങ്കാളികളാകുന്നത്. ശ്രീനഗറില്‍ മത്സരിക്കുന്ന 70 അംഗ കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ജോബി പാരാ പഞ്ചഗുസ്തിയില്‍ 65 കി.ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. മകന്‍ ജ്യോതിസ് ജൂനിയര്‍ 65 കി.ഗ്രാം കാറ്റഗറിയിലും. ജമ്മുതാവിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയാണ് ജോബിയുടെ മുന്നില്‍ അല്പം വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍, എന്തു പ്രശ്‌നം വന്നാലും അച്ഛന്‍ അതു പുല്ലുപോലെ നേരിടുമെന്ന് ജ്യോതിസും വിദ്യുതും പറയുമ്പോള്‍ ജോബി പറയുന്നതും അതു തന്നെയാണ്: 'ബി പോസിറ്റീവ്, നമുക്ക് തകര്‍പ്പനൊരു യാത്ര പോയി വരാം'.
Content Highlights: national arm wrestling champion Joby Mathew Drive Thar to Kashmir for national championship


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..