ജില്ലയില്‍ ഓക്സിജന്‍ വിതരണത്തിനായി ദ്രവീകൃത പ്രകൃതിവാതകം കയറ്റുന്ന മൂന്ന് ടാങ്കര്‍ ലോറികള്‍ മോട്ടോര്‍ വാഹനവകുപ്പ് ഏറ്റെടുത്തു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എറണാകുളം ആര്‍.ടി.ഒ. പി.എം. ഷെബീര്‍, എന്‍ഫോഴ്സ് മെന്റ് ആര്‍.ടി.ഒ. ഷാജി മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നാണ് വാഹനങ്ങള്‍ എം.വി.ഡി. ഏറ്റെടുത്തത്.

അടിയന്തര ഘട്ടങ്ങളില്‍ ഓക്സിജന്‍ വിതരണത്തിന് ഇത്തരം വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ടാങ്കറുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ടാങ്ക് വൃത്തിയാക്കിയ ശേഷം ഓക്സിജന്‍ നിറയ്ക്കാം. ഒരു ടാങ്കറില്‍ ഒമ്പതു ടണ്‍ ഓക്സിജന്‍ വരെ നിറയ്ക്കാന്‍ സാധിക്കും.

ഇതിനായി വാഹനം വൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോനെറ്റ് എല്‍.എല്‍.ജി. ടെര്‍മിനലില്‍ അധികൃതര്‍ക്ക് കൈമാറി. അറ്റകുറ്റപ്പണി നടത്തി ടാങ്കറില്‍ നിന്ന് ഹൈഡ്രോ കാര്‍ബണിന്റെ അംശം പൂര്‍ണമായി ഒഴിവാക്കും. തുടര്‍ന്ന് വാഹനം കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്ടി ഓര്‍ഗനൈസേഷന്‍ (പെസോ) പരിശോധിച്ച് അനുമതി നല്‍കിയ ശേഷം മാത്രമേ ഓക്സിജന്‍ വിതരണത്തിന് ഉപയോഗിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു.

ഓക്സിജന്‍ വിതരണത്തിനായി ഉത്തരേന്ത്യയില്‍ നിന്ന് വാഹനങ്ങളെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. ഓഫീസിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒന്‍പത് ടണ്‍ ശേഷിയുള്ള മൂന്ന് ടാങ്കറുകള്‍ കണ്ടെത്തുകയായിരുന്നു.

തൃപ്പൂണിത്തുറ വര്‍ക്ക്ഷോപ്പില്‍ നിന്ന് ഏറ്റെടുത്ത വാഹനങ്ങള്‍ ലോക് ഡൗണ്‍ ആയതിനാല്‍ ഓടിക്കാന്‍ ഡ്രൈവറെ കിട്ടിയില്ല. ഒടുവില്‍ എറണാകുളം എന്‍ഫോഴ്സ് മെന്റ് ആര്‍.ടി.ഒ. ഷാജി മാധവനും മറ്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടമാരും ടാങ്കര്‍ ലോറികള്‍ സ്വയം ഓടിച്ചാണ് വൈപ്പിനില്‍ എത്തിച്ചത്. തൃപ്പൂണിത്തുറ ജോയിന്റ് ആര്‍.ടി.ഒ. ബി. ഷെഫീഖ് ഉള്‍പ്പെടെയുള്ളവര്‍ ദൗത്യത്തില്‍ പങ്കാളികളായി.

ഓക്സിജന്‍ വാഹനങ്ങള്‍ക്ക് വി.ഐ.പി. സുരക്ഷ

ഓക്സിജന്‍ ടാങ്കറുകളുടെ സുഗമമായ നീക്കത്തിനായി മോട്ടോര്‍ വാഹന വകുപ്പ് സ്പെഷല്‍ സ്‌ക്വാഡ് രൂപവത്കരിച്ചു. 16 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു എം.വി.ഐ.യും രണ്ട് എ.എം.വി.ഐ.മാരുമുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, നെട്ടൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയിലെ ആശുപത്രികളിലേക്കാവശ്യമായ ഓക്സിജന്‍ സിലിന്‍ഡറുകള്‍ കൂടുതല്‍ നിറയ്ക്കുന്നത്. 

രാത്രിയിലാണ് ഇവിടെ ഫില്ലിങ് നടക്കുന്നത്. ഇവിടെനിന്നു വിവിധ ആശുപത്രികളിലേക്ക് എത്തിക്കുമ്പോള്‍ വഴിയില്‍ തടസ്സം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഓക്സിന്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലുമായി മോട്ടോര്‍ വാഹനവകുപ്പും സഞ്ചരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജനുമായി പോകുന്ന ടാങ്കറുകള്‍ക്കും വി.ഐ.പി. സുരക്ഷ മോട്ടോര്‍ വാഹനവകുപ്പും പോലീസും നല്‍കുന്നുണ്ട്. 

പാലക്കാട് നിന്ന് ഓക്സിജനുമായി പോകുന്ന ടാങ്കറുകളാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ നിന്നു സ്വീകരിച്ച് അടുത്ത ജില്ലയിലെ അതിര്‍ത്തി വരെയാണ് ഇവര്‍ അകമ്പടി ഒരുക്കുന്നത്. തുടര്‍ന്ന് അടുത്ത ജില്ലയിലെഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കും. വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റുകളും വെച്ചു.

Content Highlights: MVD Acquire Three Tanker Lorry To Transport Oxygen